Site icon Janayugom Online

എംടിയ്ക്ക്

MT Vasudeavan Nair

നിശാഗന്ധിപ്പൂക്കൾ
മഴയേറ്റുലയുന്ന
ഈ ഇടവപ്പാതിരാവ്
അങ്ങയുടേതാണ്
വാക്കിന്റെ പെരുന്തച്ചൻ അങ്ങ്
ഞാനോ വിക്കൻ കുട്ടി
എങ്കിലും നനയുന്ന ഈ വീടിന്റെ
തണുത്ത ഹൃദയത്തിൽ നിന്നും
ഏതോ ഏക്താരയുടെ സംഗീതം
ഒഴുകി വരുന്നു
അങ്ങയിൽനിന്നും കടംകൊണ്ടതാണ് അത്
ആ നാദബ്രഹ്മത്തിന്റെ
ശ്രുതിവിരൽ പിടിച്ചാവട്ടെ
ഈ രാവിൽ എന്റെ സ്വപ്നാടനം
നിഴലും വെളിച്ചവും
ഒളിച്ചുകളിക്കുന്ന നാലുകെട്ട്
അമർഷത്തോടെ ഒരു കാറ്റ്
അവിടെനിന്നും ഇറങ്ങിപ്പോകുന്നു
നഷ്ടബോധത്തോടെ മറ്റൊന്ന്
അകത്തേക്കു കയറുന്നു
അകലെ താന്നിക്കുന്നിന്റെ ഓരത്ത്
ഗൃഹാതുരമായ കാലം
കുന്നിമണികൾ പെറുക്കിക്കൂട്ടുന്നു
കാലം കഥയെഴുതുകയാണ്
ഹൃദയത്തിൽ നിന്നും വരുമ്പോൾ
കഥ കവിതയാവുന്നു
തോൽപ്പെട്ടിയുടെ പുറത്തിരുന്ന്
താക്കോൽക്കൂട്ടം ചുഴറ്റുന്ന
ആ സിംഹളപ്പെൺകുട്ടി
അനുജത്തിയോ ജ്യേഷ്ഠത്തിയോ?
മറുപടിയായെത്തിയ മൗനം
നിശബ്ദസംഗീതമായി
ആരെയോ മുറിവേൽപ്പിക്കുന്നു
നാലുകെട്ടിന്റെ നടുമുറ്റത്തെ
തുളസിക്കാറ്റ് ഇപ്പോൾ
ചണ്ഡമാരുതനായി
മഹാഭാരതത്തോളം വളരുന്നു
ശത്രുക്കളെ ചുഴറ്റിയെറിഞ്ഞു
കുഞ്ഞനുജന്മാർക്കു കാവൽനിൽക്കുന്നു
പ്രണയം ആദിമദാഹമായി ആളിപ്പടർന്നു
സൗഗന്ധികപ്പൂവിനായ് കുതിക്കുന്നു
വനസുന്ദരിയുടെ നനഞ്ഞ ചുണ്ടിന്റെ
രുചിഭേദമറിയുന്നു
പെണ്ണിന്റെ മാനം കൺമുന്നിൽ
ചീന്തിയെറിയുന്നതു കണ്ടു
പൊറുതിയില്ലാതെ
തിളച്ച എണ്ണയിൽ കൈ പൊള്ളിക്കുന്നു
ചുഴലിക്കൊടുങ്കാറ്റായി
കുരുക്ഷേത്രത്തിലുയർന്ന്
ഉധൃതമായ അഹന്തയുടെ മാറു പിളർന്ന്
രക്തം കോരിക്കുടിക്കുന്നു
എല്ലാം കഴിഞ്ഞ്,
മോഹിച്ച ദേവപദമണയുവാൻ വെമ്പുന്ന
സോദരർക്കൊപ്പം മഹാമേരു കയറുമ്പോൾ
മണ്ണിന്റെ പിൻവിളി കേട്ട്
തിരിഞ്ഞുനിന്നത് ഭീമസേനനല്ല,
അങ്ങാണ്
നിഴൽ ചാഞ്ഞ ഈ മൂവന്തിയിൽ
കഥകൾ ശമിച്ച്
പൂമുഖക്കസേരയിൽ മയങ്ങിക്കിടക്കെ
മനസു കാണുന്ന സ്വപ്നമെന്താവാം?
നിളയോ
കണ്ണാന്തളിയോ
നദിക്കരയിൽ ദ്രൗപദി
കളഞ്ഞിട്ടുപോയ സൗഗന്ധികപ്പൂക്കളോ? 

Exit mobile version