Site iconSite icon Janayugom Online

സുകൃതജന്മങ്ങൾ

സ്വാതന്ത്ര്യത്തിന്നാരവം

ചിറകടികളായ് ഉയരുമ്പോൾ,

വിധേയത്വത്തിന്നലമുറ അലയ്ക്കുന്നൂ താഴത്തെങ്ങും.

രക്തസാക്ഷികൾ തൻ ബന്ധങ്ങൾ ചിതറുന്നൂ,

ചുറ്റിലും കാതരവിലാപങ്ങൾ ചെവിയടപ്പിക്കുമ്പോൾ,

ഈ നാടിൻ സ്വാതന്ത്ര്യമേ..

നീയിന്നും വിദൂരമോ…?

സ്ത്രീധനവും മാനഭംഗവും

കാരണം ജീവനൊടുങ്ങുന്ന

നാരീജന്മങ്ങളുള്ള ഈ നാടിന് സ്വാതന്ത്യമേ …

നീ ദിവാസ്വപ്നമോ?

കളിചിരിയുമായ് നടക്കേണ്ട ശൈശവബാല്യങ്ങൾ

കയറിൻതുമ്പിൽത്തീരുന്നൊരീനാട്ടിൽ

സ്വാതന്ത്ര്യമേ…നീ പീഡിതർക്കന്യമോ?

പലതരമഴിമതികളരങ്ങു തകർക്കുന്ന,

പത്രസ്വാതന്ത്ര്യവും നീതിന്യായങ്ങളും

തടവിലാക്കപ്പെട്ടൊരീ നാട്ടിൽ,

സ്വാതന്ത്ര്യമേ..നീ വെറും പേരിനോ?

ദരിദ്രരും ദുഃഖിതരും നിരാലംബരും

നിലത്തിഴയുമ്പോൾ, നിരങ്ങിനീങ്ങുമ്പോൾ…

ഭാരതമേ… നീ സ്വാതന്ത്ര്യം കൊണ്ടെന്തുനേടീ?

പാറിപ്പറക്കുമാ പറവകളിലെങ്കിലും

‘സ്വാതന്ത്ര്യസ്പന്ദനം’ ജീവനായ് തുടിക്കട്ടെ,

ജീവിതം കൈവരിക്കട്ടെ!

Exit mobile version