Site iconSite icon Janayugom Online

ജീൻസും ഷർട്ടുമണിഞ്ഞ് പ്രതിജ്ഞ ; ബിഹാറിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി ദീപക് പ്രകാശ്

എൻഡിഎ സഖ്യം തൂത്തുവാരിയ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രികസേരയിലെത്തി യുവനേതാവ്. ജെഡിയു നേതാവ് നിതീഷ് കുമാർ പത്താം തവണയും ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ എൻഡിഎ മന്ത്രിമാർ പുത്തൻ കുർത്തയും പൈജാമയും ധോത്തിയുമണിഞ്ഞ് സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങിനിന്നപ്പോൾ ജീൻസും ഷർട്ടുമണിഞ്ഞെത്തിയ യുവനേതാവിലേക്കായിരുന്നു എല്ലാവരുടെയും ശ്രദ്ധ.എൻഡിഎയുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക് മോർച്ച (ആർഎൽഎം) അധ്യക്ഷൻ ഉപേന്ദ്ര കുശ്വാഹയുടെയും സ്നേഹലത കുശ്വാഹയുടെയും മകനായ ദീപക് പ്രകാശാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ഉപേന്ദ്ര കുശ്വാഹ രാജ്യസഭാ എംപിയാണ്. സസാറാമിൽ നിന്ന് മത്സരിച്ച ജയിച്ച സ്നേഹലത ബിഹാർ നിയമസഭയിൽ എംഎൽഎയുമായി.

രാഷ്ട്രീയ ലോക് മോർച്ച ആറ് സീറ്റുകളിൽ മത്സരിച്ച് നാലെണ്ണത്തിൽ വിജയിച്ചു. പത്താം നിതീഷ് മന്ത്രിസഭയിൽ ആർഎൽഎമ്മിന് ഒരു മന്ത്രിസ്ഥാനമാണ് ലഭിച്ചത്. സ്നേഹലത, നിതീഷ് കുമാറിന്റെ പത്താമത് മന്ത്രിസഭയിൽ സ്ഥാനം നേടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അവസാന നിമിഷം കാര്യങ്ങൾ മാറിമറിയുകയായിരുന്നു. ‘അച്ഛനും പാർട്ടി നേതാക്കളും തമ്മിൽ ഒരു യോഗം നടന്നിരുന്നു, അവിടെയാണ് ഈ തീരുമാനമെടുത്തത്. സത്യപ്രതിജ്ഞ ചെയ്യുന്നതിന് തൊട്ടുമുൻപ് മാത്രമാണ് ഞാനും ഈ അപ്രതീക്ഷിത വാർത്ത അറിഞ്ഞത്’. ദീപക് ആജ് തക്കിനോട് പറഞ്ഞു.

മകനെ മന്ത്രിയാക്കണമെന്ന കുശ്വാഹയുടെ ആഗ്രഹത്തോട് നിതീഷ് കുമാറിനോ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കോ അനുകൂല നിലപാടായിരുന്നില്ലെന്നും അവസാന നിമിഷമാണ് ദീപക്കിന്റെ പേര് അന്തിമമായി തീരുമാനിച്ചതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

36കാരനായ ദീപക് പ്രകാശ് ഒരു ടെക് പ്രൊഫഷണലായിരുന്നു. 2011‑ൽ മണിപ്പാലിലെ എംഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് പൂർത്തിയാക്കിയ ശേഷം ദീപക് നാല് വർഷം ഐടി മേഖലയിൽ പ്രവർത്തിച്ചു. ‘ഞാൻ രാഷ്ട്രീയത്തിൽ പുതിയ ആളല്ല. കുട്ടിക്കാലം മുതൽ ഞാൻ രാഷ്ട്രീയം അടുത്തുനിന്ന് നിരീക്ഷിക്കുന്നു, അച്ഛൻ പ്രവർത്തിക്കുന്നത് കാണുന്നു, കഴിഞ്ഞ നാലഞ്ച് വർഷമായി ഞാൻ പാർട്ടിയിൽ സജീവവുമാണ്’. ദീപക് പറഞ്ഞു.

Exit mobile version