Site iconSite icon Janayugom Online

കള്ള നോട്ട് കേസിൽ ഒളിവിലായിരുന്ന പ്രതി 29 വർഷത്തിന് ശേഷം പിടിയിൽ

കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ 29 വർഷത്തിന് ശേഷം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോട്ടയം യൂണിറ്റ് പിടികൂടി.
എറണാകുളം, തൃക്കാക്കര, കണ്ണമുറി വീട്ടിൽ ദീപ്ചന്ദ് (55)നെ യാണ് കോട്ടയം ക്രൈം ബ്രാഞ്ച് പോലീസ് സൂപ്രണ്ട് സാബു മാത്യു കെ എം ന്റെ നിർദേശ പ്രകാരം ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി അമ്മിണിക്കുട്ടൻ എസ് ന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

1991ൽ പാമ്പാടി, ചേന്നംപ്പള്ളി ഭാഗത്ത് 12,58,790/-രൂപ മൂല്യമുള്ള വ്യാജ നോട്ടുകൾ ഉണ്ടാക്കി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രയവിക്രയം നടത്തിയതാണ് കേസിനാസ്പദമായ സംഭവം. പാമ്പാടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുകയും തുടർന്ന് 1993ൽ പ്രതിയെ അറസ്റ്റ് ചെയ്തതുമാണ്. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിദേശത്തേക്ക് കടന്നുകളയുകയായിരുന്നു. യുഎഇയിലും, മുംബൈയിലുമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി എറണാകുളത്ത് എത്തിയതായി അന്വേഷണത്തിൽ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദീപ്ചന്ദിനെ കാക്കനാട്ടുള്ള സഹോദരന്റെ ഫ്ലാറ്റിൽ നിന്നും പിടികൂടുകയായിരുന്നു.

കോട്ടയം ക്രൈം ബ്രാഞ്ചിലെ എ. എസ്. ഐ മാരായ ഷാജൻ മാത്യു, ഗിരീഷ് ബി, എസ് സി പി ഓ മാരായ പ്രമോദ് എസ് കുമാർ, സുനിമോൾ, സി പി ഓ ജാഫർ.സി. റസാക്ക് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Eng­lish Summary:Defendant arrest­ed after 29 years in hid­ing in coun­ter­feit note case
You may also like this video

Exit mobile version