രാജ്യതലസ്ഥാനത്ത് അതിരൂക്ഷമായ അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സമീപ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നത് അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്ന് സുപ്രീം കോടതി. പഞ്ചാബ്, രാജസ്ഥാന്‍, ഹരിയാന, യുപി സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയത്. അയല്‍ സംസ്ഥാനങ്ങളില്‍ കൃഷിക്കായി പാടമൊരുക്കുന്നതിന്റെ ഭാഗമായി വെെക്കോലും മറ്റും കത്തിക്കുന്നതാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്നെന്ന് കോടതി വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ എസ് കെ കൗള്‍, സിദ്ധാര്‍ത്ഥ ധുലിയ എന്നിവരുള്‍പ്പെട്ട ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും ഡിജിപിയുടെയും മേല്‍നോട്ടത്തിന്‍ കീഴില്‍ പ്രാദേശിക എസ്എച്ച്ഒ മാര്‍ക്കാണ് അവശിഷ്ടം കത്തിക്കുന്നത് തടയുന്നത് ഉറപ്പുവരുത്തേണ്ട ചുമതലയെന്നും ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം ഉറപ്പാക്കാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരണം. വെെക്കോല്‍ കത്തിക്കുന്നത് തടയണം. എങ്ങനെയാണ് ഇത് നടപ്പാക്കേണ്ടതെന്നത് സര്‍ക്കാരിന്റെ ചുമതലയാണ്.
ബലപ്രയോഗത്തിലൂടെയോ ആനുകൂല്യങ്ങള്‍ നല്‍കിയോ വേണ്ടതെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരുകളാണ്. എന്തെങ്കിലും ഉടനടി ചെയ്‌തേ മതിയാകൂ ജസ്റ്റിസ് കൗള്‍ പഞ്ചാബ് എജി ഗുരുമീന്ദര്‍ സിങ്ങിനോട് പറഞ്ഞു. അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ വാഹനങ്ങള്‍ക്ക് ഒറ്റ‑ഇരട്ട സംഖ്യാ ക്രമത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ഡല്‍ഹി സര്‍ക്കാര്‍ തീരുമാനം വെറും കണ്ണില്‍പ്പൊടിയിടലെന്നും കോടതി വിമര്‍ശിച്ചു. കേസ് കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
English Summary: Delhi Air Pollution : Stop Stubble Burning Forthwith, Supreme Court
You may also like this video