Site iconSite icon Janayugom Online

ഡല്‍ഹി വായു മലിനീകരണം; ജനങ്ങളില്‍ വിറ്റാമിന്‍ ഡി കുറയുന്നു

ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) വായുവിന്റെ ഗുണനിലവാരം വഷളാകുമ്പോൾ, മറഞ്ഞിരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നം കൂടി ഉയർന്നുവരുന്നു. വിറ്റാമിൻ ഡിയുടെ കുറവ് ഡല്‍ഹി നിവാസികളില്‍ വർധിക്കുന്നതായാണ് പഠനം. കട്ടിയുള്ള പുകമഞ്ഞ് സൂര്യപ്രകാശത്തില്‍ നിന്നും ലഭിക്കേണ്ട വിറ്റാമിന്‍ ഡി ഇല്ലാതാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇക്കാരണത്താല്‍ വിറ്റാമിന്‍ ഡിയുടെ ലഭ്യത ഉറപ്പാക്കാന്‍ ആവശ്യമായ സപ്ലിമെന്റുകൾ കഴിക്കണമെന്നും നിര്‍ദേശമുണ്ട്.

ശരീരത്തിലെ അസ്ഥികളുടെ ശക്തി, രോഗപ്രതിരോധ പ്രവർത്തനം, കാൽസ്യം, ഫോസ്ഫറസ് എന്നിവയുടെ അളവ് നിയന്ത്രിക്കുക എന്നിവയ്ക്ക് വിറ്റാമിന്‍ ഡി അത്യാവശ്യമാണ്. ഡല്‍ഹിയിലെ വായു ഗുണനിലവാര സൂചിക (എക്യുഐ) ഇന്നലെയും അതീവ ഗുരുതര വിഭാഗത്തിലായിരുന്നു. പത്തിലധികം മോണിറ്ററിങ് സ്റ്റേഷനുകൾ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’ എന്ന് രേഖപ്പെടുത്തി. പല പ്രദേശങ്ങളിലും പിഎം 2.5 സാന്ദ്രത ഒരു ക്യൂബിക് മീറ്ററിന് 350 മൈക്രോഗ്രാമിൽ എത്തി. ഇത് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത പരിധിയേക്കാൾ 30 മടങ്ങ് കൂടുതലാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

വായു മലിനീകരണം കാരണമുണ്ടായ പുകമഞ്ഞ് സൂര്യപ്രകാശത്തെ തടയുന്നതിനാല്‍ ചര്‍മ്മത്തില്‍ വിറ്റാമിൻ ഡി ഉല്പാദിപ്പിക്കപ്പെടാതിരിക്കുമെന്ന് ദ്വാരക മാക്സ് ആശുപത്രിയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ലോഹിത് ചൗഹാൻ വിശദീകരിച്ചു. വെയിൽ നിറഞ്ഞ കാലാവസ്ഥ ഉണ്ടായിരുന്നിട്ടും, പുകമഞ്ഞ്, ജീവിതശൈലി, നഗര മലിനീകരണം എന്നിവ കാരണം ഇന്ത്യയില്‍ വിറ്റാമിൻ ഡിയുടെ അഭാവവുമായി മല്ലിടുകണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഞ്ച് ഇന്ത്യക്കാരിൽ ഒരാൾക്ക് വിറ്റാമിൻ ഡി കുറവ് അനുഭവപ്പെടുന്നതായാണ് പഠനം. കിഴക്കൻ ഇന്ത്യയിൽ ഈ പ്രശ്നം പ്രത്യേകിച്ച് രൂക്ഷമാണ്, അവിടെ ഏകദേശം 39 % ആളുകളെയും വിറ്റാമിന്‍ ഡിയുടെ കുറവ് ബാധിച്ചിട്ടുണ്ട്. കൗമാരക്കാർ, നവജാത ശിശുക്കൾ, പ്രായമായവർ എന്നിവരിലും വിറ്റാമിന്‍ ഡി കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. സാധാരണ ലക്ഷണങ്ങളിൽ ക്ഷീണം, പേശി അല്ലെങ്കിൽ അസ്ഥിവേദന എന്നിവ ഉൾപ്പെടുന്നു, വിറ്റാമിന്‍ ഡി കുറവുള്ളവരില്‍ ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. കൊഴുപ്പുള്ള മത്സ്യം, കോഡ് ലിവർ ഓയിൽ, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്നും പാൽ, ഓറഞ്ച് ജ്യൂസ്, ധാന്യങ്ങൾ തുടങ്ങിയ പോഷകസമൃദ്ധമായ ഉല്പന്നങ്ങളിൽ നിന്നും വിറ്റാമിൻ ഡി സ്വാഭാവികമായി ലഭിക്കും. പുറത്തിറങ്ങേണ്ടതില്ലാത്ത ജോലികള്‍, ഉയർന്ന നിലയിലുള്ള താമസം, സൺസ്‌ക്രീൻ ഉപയോഗം, കനത്ത മലിനീകരണം എന്നിവ കാരണം നഗരങ്ങളിലാണ് ഈ അവസ്ഥ കൂടുതലായി കാണപ്പെടുന്നതെന്ന് വിദഗ്ധർ പറയുന്നു. 

Exit mobile version