Site iconSite icon Janayugom Online

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍; ഇന്ന് രാജിവയ്ക്കും

ഡല്‍ഹി മുഖ്യമന്ത്രിപദം അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് ഒഴിഞ്ഞേക്കും. ഇന്ന് വെെകുന്നേരം ലഫ്റ്റനന്റ് ഗവര്‍ണറെ കാണും. ഞായറാഴ്ചയാണ് പ്രതിപക്ഷമായ ബിജെപിയെ പോലും ഞെട്ടിച്ച് 48 മണിക്കൂറിനുള്ളില്‍ താന്‍ രാജിവയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യം ലഭിച്ച കെജ്‌രിവാള്‍ വെള്ളിയാഴ്ചയാണ് ജയില്‍ മോചിതനായത്. കെജ്‌രിവാള്‍ ജയിലിലായതുമുതല്‍ ബിജെപി അദ്ദേഹത്തിന്റെ രാജി ആവശ്യം ഉന്നയിച്ചിരുന്നു. തന്റെ നിരപരാധിത്വം ജനങ്ങളുടെ കോടതിയില്‍ തെളിയിച്ച് അഗ്നിശുദ്ധി വരുത്തിയ ശേഷമേ ഇനി മുഖ്യമന്ത്രി പദവിയിലേക്ക് ഉള്ളൂവെന്നാണ് കെജ്‌രിവാള്‍ വ്യക്തമാക്കിയത്.
കെജ്‌രിവളിന് പകരം ആര് മുഖ്യമന്ത്രി പദവിയിലേക്ക് എത്തുമെന്ന കാര്യത്തില്‍ എഎപി നേതൃത്വം കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഇന്നലെ മുന്‍ ഉപമുഖ്യമന്ത്രിയും പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനു ശേഷമാണ് ലഫ്റ്റനന്റ് ഗവര്‍ണറെ കാണാന്‍ കെജ്‌രിവാള്‍ അനുമതി തേടിയത്. ഇന്ന് വൈകുന്നേരം 4.30 ന് കൂടിക്കാഴ്ചയ്ക്ക് അനുമതി നല്‍കിയതായി ഗവര്‍ണറുടെ ഓഫിസ് അറിയിച്ചു. കൂടിക്കാഴ്ചയില്‍ അദ്ദേഹം രാജി സമര്‍പ്പിക്കുമെന്നാണ് എഎപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്നലെ വൈകി മുതിര്‍ന്ന നേതാക്കളുമായി കെജ്‌രിവാള്‍ ചര്‍ച്ച നടത്തി. പാര്‍ട്ടി രാഷ്ട്രീയകാര്യ സമിതി യോഗവും ചേര്‍ന്നു. ഇന്ന് രാവിലെ എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിലാകും പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. പുതിയ മുഖ്യമന്ത്രിക്ക് എംഎല്‍എമാരുടെ പിന്തുണയും അംഗീകാരവും ഉറപ്പാക്കിയ ശേഷമാകും കെജ്‌രിവാള്‍ ഗവര്‍ണര്‍ കൂടിക്കാഴ്ച.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന നവംബറില്‍ ഡല്‍ഹി തരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും കെജ്‌രിവാള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നായിരുന്നു മുഖ്യ പ്രതിപക്ഷമായ ബിജെപി ഇതേക്കുറിച്ച് പ്രതികരിച്ചത്. നിലവിലെ സര്‍ക്കാരിന്റെ കാലാവധി അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് അവസാനിക്കുന്നത്.
ഇന്ത്യ സഖ്യ രൂപീകരണം, ബിജെപിക്ക് പിന്തുണ ഇടിഞ്ഞത്, കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതികാര രാഷ്ട്രീയം കളിക്കുന്നത് ഉള്‍പ്പെടെ രാജ്യത്തെ പുതിയ രാഷ്ട്രീയ സാഹചര്യം പരമാവധി ഉപയോഗപ്പെടുത്തി വീണ്ടും അധികാരത്തില്‍ തുടരാനുള്ള നീക്കങ്ങളാണ് എഎപി ഒരുക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ വൈരനിര്യാതനത്തിന്റെ ഇരയാണ് താനെന്ന സഹതാപതരംഗം സൃഷ്ടിച്ച് അധികാരം വീണ്ടും പിടിച്ചെടുക്കുകയാണ് തന്ത്രപരമായ പുതിയ നീക്കത്തിന് പിന്നിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

മദ്യനയവുമായി ബന്ധപ്പെട്ട് ഇഡി, സിബിഐ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും മുഖ്യമന്ത്രി എന്ന നിലയില്‍ ഓഫിസില്‍ പോകാനോ ഫയലുകളില്‍ ഒപ്പിടാനോ ജാമ്യവ്യവസ്ഥകള്‍ പ്രകാരം കഴിയില്ല. ഭരണ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ കെജ്‌രിവാളിന് മുഖ്യമന്ത്രി പദം എന്ന കളം ഒഴിഞ്ഞേതീരൂ. അല്ലെങ്കില്‍ കേന്ദ്രം ഭരണം ഏറ്റെടുക്കും. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് കെജ്‌രിവാളും എഎപിയും നീക്കം നടത്തുന്നത്.
കെജ്‌രിവാളിന്റെ പത്നി സുനിതാ കെജ്‌രിവാളിന്റെ രാഷ്ട്രീയ പ്രവേശവും ഇനിനോടകം പൂര്‍ത്തിയായി. മുഖ്യമന്ത്രി പദവിയിലേക്ക് അവരുടെ പേരും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഇതിനു പുറമെ മന്ത്രി അതിഷി, സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, കൈലാഷ് ഗെലോട്ട്, സഞ്ജയ് സിങ്, ഗോപാല്‍ റായ്, രാഖി ബിര്‍ള തുടങ്ങിയ നേതാക്കളുടെ പേരുകളാണ് മുഖ്യമന്ത്രി പദത്തിലേക്ക് ഉയര്‍ന്നു വരുന്നത്. പുതിയ മുഖ്യമന്ത്രി ആരായാലും അവരുടെ കാലാവധി ആറുമാസത്തിനുള്ളില്‍ അവസാനിക്കും. 

Exit mobile version