Site iconSite icon Janayugom Online

ഡല്‍ഹി മദ്യനയ അഴിമതി; കെ കവിതയെ ഇഡി കസ്റ്റഡിയില്‍ വിട്ടു

ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട ബിആര്‍എസ് നേതാവ് കെ കവിതയെ ഇഡി കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തേക്കാണ് റോസ് അവന്യൂ കോടതി കസ്റ്റഡിയില്‍ വിട്ടത്. കവിതയെ വിശദമായി ചോദ്യം ചെയ്യണമെന്ന ഇഡി ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞദിവസം ഹൈദരാബാദിലെ വീട്ടില്‍ എന്‍ഫോഴ്സ‌്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റുണ്ടായത്. 

തെലങ്കാനയിലെ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗവും മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമാണ് കെ കവിത. ഈ വര്‍ഷം മാത്രം രണ്ട് സമന്‍സുകള്‍ കവിത അവഗണിച്ചതായി ഇഡി പറയുന്നു. റദ്ദാക്കിയ ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ പ്രതിയായ അമിത് അറോറയാണ് ചോദ്യം ചെയ്യലില്‍ കവിതയുടെ പേര് ഉന്നയിച്ചത്. മറ്റൊരു പ്രതിയായ വിജയ് നായര്‍ മുഖേന എഎപി നേതാക്കള്‍ക്ക് 100 കോടി രൂപ നല്‍കിയത് സൗത്ത് ഗ്രൂപ്പ് എന്ന മദ്യലോബിയാണെന്നും ഇഡി ആരോപിക്കുന്നു. 

അറസ്റ്റിനെതിരെ തെലങ്കാനയിലെ എല്ലാ മണ്ഡലങ്ങളിലും പാർട്ടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അറസ്റ്റിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്നും വിഷയത്തിൽ രാഷ്ട്രീയവും നിയമപരവുമായ പോരാട്ടം നടത്തുമെന്നും ബിആര്‍എസ് നേതാവായ ടി ഹരീഷ് റാവു പറഞ്ഞു. 

Eng­lish Summary:Delhi Liquor Pol­i­cy Scam; The plea that K Kav­i­ta’s arrest was ille­gal was rejected
You may also like this video

Exit mobile version