ഡല്‍ഹി മേയര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഗൂഢനീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. മേയര്‍ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
250 അംഗ എംസിഡിയില്‍ 134 സീറ്റുകളോടെ എഎപി ഭരണം പിടിച്ചെങ്കിലും പിന്‍വാതിലിലൂടെ അധികാരം നേടിയെടുക്കാന്‍ ബിജെപി ശ്രമം തുടരുകയായിരുന്നു. ഇതോടെ മൂന്നുതവണ മേയര്‍ തെരഞ്ഞെടുപ്പ് യോഗം അലങ്കോലപ്പെട്ടിരുന്നു. ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവു പ്രകാരം പ്രോടെം സ്പീക്കറായ സത്യ ശര്‍മ നാമനിര്‍ദേശം ചെയ്ത അംഗങ്ങളെ വോട്ടു ചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലായിരുന്നു തര്‍ക്കം.
മേയര്‍ തെരഞ്ഞെടുപ്പ് വൈകുന്നത് ചൂണ്ടിക്കാട്ടി എഎപി മേയര്‍ സ്ഥാനാര്‍ത്ഥി ഷെല്ലി ഒബ്‌റോയിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശമില്ലെന്ന എഎപിയുടെ വാദം അംഗീകരിച്ചു. പാര്‍ലമെന്റില്‍ പോലും നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശമില്ലെന്നിരിക്കെ എംസിഡി മേയര്‍ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശം ചെയ്ത അംഗങ്ങള്‍ക്ക് വോട്ടവകാശമുണ്ടെന്ന ബിജെപി കുതന്ത്രമാണ് പരാജയപ്പെട്ടത്. ഭരണഘടനയില്‍ ഇക്കാര്യം വ്യക്തമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.
മേയര്‍ തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത് വരുന്ന വ്യാഴാഴ്ചയായാണ്. കേസ് കോടതി വരുന്ന വെള്ളിയാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തില്‍ തെരഞ്ഞെടുപ്പും വെള്ളിയാഴ്ചയിലേക്ക് മാറ്റാമെന്ന് ഗവര്‍ണര്‍ക്കുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സഞ്ജയ് ജയിന്‍ കോടതിയെ അറിയിച്ചു.
English Summary: Delhi Mayor Election; A setback for the BJP
You may also like this video