Site iconSite icon Janayugom Online

ലീഗ് ആസ്ഥാനം മന്ദിരം നിർമ്മിക്കാൻ കമ്മീഷൻ വ്യവസ്ഥയിൽ പിരിവ്

ഡൽഹിയിൽ ആസ്ഥാന മന്ദിരം നിർമ്മിക്കാൻ കമ്മീഷൻ വ്യവസ്ഥയിൽ പിരിവുമായി മുസ്ലീം ലീഗ്. പാർട്ടി മുഖപത്രവുമായി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തിയ വ്യക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ഫണ്ട് ശേഖരണം മറ്റൊരു തട്ടിപ്പിനാണോ കളമൊരുക്കുകയെന്ന ആശങ്കയിലാണ് ഒരു വിഭാഗം നേതാക്കളും പാർട്ടി പ്രവർത്തകരും. അമ്പത് കോടി മുതൽമുടക്കിൽ ഡൽഹിയിൽ നിർമ്മിക്കുന്ന ‘ഖാഇദേ മില്ലത്ത് സെന്റർ’ നിർമ്മാണത്തിന് പണം പിരിക്കാൻ ശാഖാ കമ്മിറ്റിക്ക് നേതൃത്വം സർക്കുലർ അയച്ചിട്ടുണ്ട്. പിരിക്കുന്ന പണത്തിന്റെ 60 ശതമാനം ബിൽഡിങ് ഫണ്ടിലേക്ക് നൽകണമെന്നും 40 ശതമാനം തുക കമ്മിറ്റികൾക്കെടുക്കാമെന്നും സർക്കുലർ പറയുന്നു.

ഇതനുസരിച്ച് ബലിപെരുന്നാൾ ദിനത്തിൽ പള്ളികൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രവർത്തകർ പിരിവ് ആരംഭിച്ചു. പാർട്ടി മുഖപത്രമായ ചന്ദ്രികയുമായി ബന്ധപ്പെട്ട് വൻ തട്ടിപ്പുകൾ നടത്തിയ ഫിനാൻസ് ഡയറക്ടര്‍ പിഎംഎ സമീർ ആണ് കെട്ടിട നിർമ്മാണത്തിന്റെ കാമ്പയിൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് എന്നതുകൊണ്ട് ഇതും മറ്റൊരു വൻ തട്ടിപ്പിലേക്കാണോ നീങ്ങുകയെന്ന സംശയമാണ് പലരും ഉയർത്തുന്നത്. ആസ്ഥാന മന്ദിര നിർമ്മാണത്തിന് 25 കോടി രൂപ മുതലാളിമാരിൽ നിന്നും ബാക്കി 25 കോടി പിരിവിലൂടെയും സമാഹരിക്കാനാണ് പി കെ കുഞ്ഞാലിക്കുട്ടി ജനറൽ കൺവീനറായ കമ്മിറ്റിയുടെ തീരുമാനം. ഈ പിരിവുമായി ബന്ധപ്പെട്ട ചുമതലയാണ് കമ്മിറ്റി സമീറിന് നൽകിയിരിക്കുന്നത്.

2016–17 കാലഘട്ടത്തിൽ പത്രത്തിനായി പിരിച്ച 16.5 കോടി രൂപയും 2020 ൽ പിരിച്ച കോടികളും കാണാനില്ലെന്ന് ലീഗ് നേതൃത്വത്തിന് നൽകിയ പരാതിയിൽ ചന്ദ്രിക ജീവനക്കാർ പറഞ്ഞിരുന്നു. പത്രത്തിനായി ഗൾഫിൽ നിന്നും പിരിച്ചെടുത്ത തുകയും സ്ഥാപനത്തിൽ എത്തിയിരുന്നില്ല. നോട്ടുനിരോധന കാലത്ത് ചന്ദ്രികയുടെ അക്കൗണ്ടിലേക്ക് ഫിനാൻസ് ഡയറക്ടർ നിക്ഷേപിച്ച പത്ത് കോടിയിലധികം രൂപയുടെ ഉറവിടം കാണിച്ച് രേഖകൾ നൽകാത്തതിനാൽ സ്ഥാപനത്തിൽ ആദായനികുതി വകുപ്പ് റെയ്ഡും നടന്നിരുന്നു.

പത്രത്തിന്റെ അക്കൗണ്ടും ഫയൽ സിസ്റ്റവും സ്ഥാപനത്തിന് പുറത്ത് സമാന്തര ഓഫിസിലൂടെ കൈകാര്യം ചെയ്തിരുന്ന പിഎംഎ സമീർ സർക്കുലേഷൻ വിഭാഗം അറിയാതെ വരിക്കാരെ ചേർത്ത് പണം പിരിക്കുക വരെ ചെയ്തിരുന്നു. സമീറിനെ പുറത്താക്കാൻ ഒരു വിഭാഗം പാർട്ടി നേതാക്കൾ വലിയ ശ്രമം നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. കുഞ്ഞാലിക്കുട്ടിയുടെ സഹായത്താൽ കൂടുതൽ കരുത്തോടെ പത്രത്തിലും പാർട്ടിയിലും സമീർ പിടിമുറുക്കിയിരിക്കുകയാണെന്നാണ് ആരോപണം. കോഴിക്കോട് നഗരത്തിന്റെ കണ്ണായ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചന്ദ്രിക പത്രത്തിന്റെ ആസ്ഥാനമന്ദിരവും സ്ഥലവും വില്പന നടത്തിയതായും ആരോപണം ഉയരുന്നുണ്ട്. കുറഞ്ഞ തുകയ്ക്ക് ഇത് വില്പന നടത്തി മറ്റൊരു സ്ഥലത്തേക്ക് പത്രത്തിന്റെ പ്രവർത്തനം മാറ്റാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

പ്രതിഷേധങ്ങൾ ഭയന്നാണ് ആസ്ഥാന മന്ദിരം നിർമ്മാണ കമ്മിറ്റി കമ്മീഷൻ വ്യവസ്ഥയിലുള്ള പിരിവ് ഏർപ്പെടുത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. പിരിക്കുന്ന പണത്തിന്റെ ഒരു വിഹിതം നൽകി പ്രവർത്തകരുടെ വായടയ്ക്കാനാണ് നീക്കം. ദേശീയ തലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള കേന്ദ്രമെന്ന നിലയിലാണ് ആസ്ഥാനമന്ദിരം നിർമ്മിക്കുന്നതെന്ന് നേതൃത്വം വിശദീകരിക്കുന്നു. ഡൽഹിയിലെത്തുന്ന നേതാക്കൾക്ക് താമസിക്കാൻ ഹോട്ടലിൽ മുറിയെടുക്കേണ്ട സാഹചര്യമാണുള്ളത്. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാക്കളും പ്രയാസം നേരിടുന്നുണ്ട്. ഇതിനെല്ലാം പരിഹാരമായിട്ടാണ് കേന്ദ്രം പണിയുന്നതെന്നും നേതൃത്വം വിശദീകരിക്കുന്നു.

Eng­lish Sum­ma­ry: del­hi qai­da mil­lath cen­ter fundraiser
You may also like this video

Exit mobile version