ഡല്‍ഹി കലാപത്തിന്റെ അന്വേഷണത്തില്‍ ഡല്‍ഹി പൊലീസിനെയും സര്‍ക്കാരിനെയും നിശിതമായി വിമര്‍ശിച്ച് പീപ്പിള്‍സ് ട്രൈബ്യൂണല്‍. കലാപത്തിലെ അന്വേഷണത്തില്‍ പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മുന്‍ ഉദ്യോഗസ്ഥരും സംഘടനകളും ഉള്‍പ്പെട്ട ട്രൈബ്യൂണലിന്റെ വസ്തുതാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ ദേവ് മുഖര്‍ജി, മുന്‍ കേന്ദ്ര സെക്രട്ടറി ഗോപാല്‍ പിള്ള, ചരിത്രകാരി മൃദുല മുഖര്‍ജി, മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ പമേല ഫിലിപ്പോസ്, എഴുത്തുകാരനും ആസൂത്രണ കമ്മിഷന്‍ മുന്‍ അംഗവുമായ സൈദ ഹമീദ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റേതാണ് റിപ്പോര്‍ട്ട്. സംഘര്‍ഷങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും കലാപം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടു.
സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയ ജനക്കൂട്ടത്തിനെതിരെ പൊലീസ് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് കലാപം കൂടുതല്‍ സമയം തുടരുന്നതിന് കാരണമായി. ഇത് കൂടുതല്‍ അക്രമങ്ങള്‍ക്കും പ്രത്യാഘാതങ്ങള്‍ക്കും കാരണമായിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കലാപത്തില്‍ പങ്കുള്ള ഉന്നതര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തില്ല. സുതാര്യമായ അന്വേഷണം നടത്തിയില്ലെന്നുംപക്ഷപാതപരവും അന്യായവുമായ കുറ്റപത്രമാണ് സമര്‍പ്പിച്ചതെന്നും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു.
കലാപവും അതിന്റെ അനന്തരഫലങ്ങളും കൈകാര്യം ചെയ്യുന്നതില്‍ ഡല്‍ഹി സര്‍ക്കാരും പരാജയപ്പെട്ടു. ഇരകള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കിയില്ല. നഷ്ടപരിഹാരത്തിനായുള്ള സാധുവായ അപേക്ഷകള്‍ സര്‍ക്കാര്‍ നിരസിച്ചുവെന്നും മേഖലയില്‍ വർഗീയ വിഭജനം ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും പീപ്പിള്‍സ് ട്രൈബ്യൂണല്‍ കുറ്റപ്പെടുത്തി. കേസ് അന്വേഷണം വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യല്‍ കമ്മിഷന് കൈമാറണമെന്ന് റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. നഷ്ടപരിഹാരം ലഭിച്ചുവെന്ന് ഉറപ്പാക്കാനായി സമിതി രൂപീകരിക്കണം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, ഇരകൾക്ക് സൗജന്യ വൈദ്യസഹായം ഉറപ്പാക്കുക തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലെ മറ്റ് ശുപാര്‍ശകള്‍.
English Summary:Delhi riot: People’s tribunal slams police and government
You may also like this video