Site icon Janayugom Online

ഡല്‍ഹി കലാപം: പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശനം

വടക്കു കിഴക്കന്‍ ഡല്‍ഹി കലാപക്കേസുകളില്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്നതില്‍ പൊലീസ് അലംഭാവം കാണിച്ചുവെന്ന് കോടതി. കേസുകളിലെ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കൃത്യമായ നടപടികള്‍ ഡല്‍ഹി പൊലീസ് സ്വീകരിക്കുന്നില്ലെന്നും കോടതി വിമര്‍ശിച്ചു. പൊലീസ് ഉദ്യോഗസ്ഥരുടെ പരാജയം കേസുകളിലെ വിചാരണ വൈകിപ്പിച്ചുവെന്നും കട്കട്ഡുമ കോടതി നിരീക്ഷിച്ചു. കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ സ്വയം പരിശോധിച്ച് നടപടികള്‍ സ്വീകരിക്കാന്‍ കോടതി പൊലീസ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതില്‍ പരാജപ്പെട്ടാല്‍ പൊലീസിനെതിരെ ഉത്തരവ് പുറപ്പെടുവിക്കുമെന്നും ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗ് മുന്നറിയിപ്പ് നല്‍കി.

പലതവണ വിളിച്ചിട്ടും പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരാകാത്തതും അന്വേഷണ ഉദ്യോഗസ്ഥൻ പൊലീസ് ഫയൽ വായിക്കാതെ വൈകി എത്തിയതും പരാമര്‍ശിച്ചു കൊണ്ടായിരുന്നു ഗാര്‍ഗിന്റെ നിരീക്ഷണം. ഒരു കേസിലെ പ്രതിയ്ക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതില്‍ ഡല്‍ഹി പൊലീസിന്റെ വാദങ്ങളില്‍ കോടതി ഉയര്‍ത്തിയ ചോദ്യങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നല്‍കാനായില്ല. ഇതിനെ തുടര്‍ന്നായിരുന്നു കോടതിയുടെ വിമര്‍ശനം. പൊലീസ് ഉദ്യോഗസ്ഥരുടെ അലംഭാവം കലാപവുമായി ബന്ധപ്പെട്ട ഭൂരിപക്ഷം കേസുകളിലും പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കിഴക്കന്‍ മേഖല ഡെപ്യൂട്ടി കമ്മിഷണര്‍ക്കും കോടതി നോട്ടീസ് അയച്ചു. 

ENGLISH SUMMARY:Delhi riots: Court slams police
You may also like this video

Exit mobile version