ഡല്‍ഹി മന്ത്രി രാജ്കുമാര്‍ ആനന്ദ് സ്ഥാനം രാജിവച്ച് പാര്‍ട്ടി വിട്ടു. രാജിക്കു പിന്നില്‍ ബിജെപി സമ്മര്‍ദമെന്ന് എഎപി ആരോപിച്ചു.
പട്ടേല്‍ നഗര്‍ എംഎല്‍എ ആയ ആനന്ദ് സാമൂഹ്യ ക്ഷേമ, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പുകളുടെ ചുമതലയാണ് വഹിച്ചിരുന്നത്. അഴിമതിവിരുദ്ധ പാര്‍ട്ടിയായി ഉയര്‍ന്നു വന്ന എഎപി ഇപ്പോള്‍ അഴിമതിയില്‍ മുങ്ങിയെന്ന് രാജ്കുമാര്‍ ആനന്ദ് ആരോപിച്ചു. രാഷ്ട്രീയം മാറിയാല്‍ രാജ്യവും മാറുമെന്ന കെജ്‌രിവാളിന്റെ വാക്കുകള്‍ കേട്ടാണ് രാഷ്ട്രീയത്തിലേക്ക് എത്തിയത്. എന്നാല്‍ രാഷ്ട്രീയം മാറിയില്ല പകരം രാഷ്ട്രീയക്കാര്‍ മാറിയെന്ന് ആനന്ദ് പറഞ്ഞു. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയയും കസ്റ്റഡിയിലാണെന്നത് പരാമര്‍ശിക്കാതെ ആയിരുന്നു ആനന്ദിന്റെ അഴിമതി പരാമര്‍ശം.
പാര്‍ട്ടിയില്‍ ദളിതര്‍ക്ക് വിവേചനം നിലനില്‍ക്കുന്നു. നേതൃനിരയിലും ദളിതര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുന്നില്ല. ബാബാസാഹബ് അംബേദ്കറുടെ തത്വങ്ങളാണ് താന്‍ പിന്തുടരുന്നത്. ദളിതര്‍ക്കായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ലെന്നും ആനന്ദ് മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സമ്മര്‍ദമാണ് ആനന്ദിന്റെ രാജിക്കു പിന്നിലെന്ന് എഎപി നേതാവ് സൗരവ് ഭരദ്വാജ് പറഞ്ഞു. കസ്റ്റംസുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ നവംബറില്‍ ആനന്ദിന്റെ വീട് റെയ്ഡ് ചെയ്തിരുന്നു. വ്യാജ ഇറക്കുമതിയുടെ പേരില്‍ ഏഴ് കോടി രൂപ വെട്ടിച്ചെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് പ്രാദേശിക കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
English Summary: Delhi Social Welfare Minister Aj Kumar Anand has resigned
You may also like this video