Site iconSite icon Janayugom Online

ഡല്‍ഹി: മുഖ്യമന്ത്രിസ്ഥാനം ബിജെപിക്ക് കീറാമുട്ടി

ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയതിന് പിന്നാലെ, ആരാകും അടുത്ത മുഖ്യമന്ത്രി എന്നത് ബിജെപിക്ക് തലവേദനയാകുന്നു. നിരവധി നേതാക്കളെ പരിഗണിക്കുന്നുണ്ടെങ്കിലും ഏറ്റവും ഉചിതമായ വ്യക്തിയെ കണ്ടെത്തുക വളരെ പ്രയാസമായിരിക്കുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.
ആര് കസേരയിലെത്തിയാലും വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാനസൗകര്യം എന്നീ മേഖലകളിലെ മാറ്റം, സമൂഹത്തിന്റെ എല്ലാമേഖലകളിലും സമഗ്രവികസനം തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നിറവേറ്റുക വലിയ വെല്ലുവിളിയായിരിക്കും. കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്രത്തില്‍ അധികാരത്തിലിരുന്നിട്ടും രാജ്യതലസ്ഥാനത്ത് മുഖ്യമന്ത്രി പദത്തിലേക്ക് ഏതെങ്കിലും നേതാവിനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ കഴിഞ്ഞില്ല. 

1996ല്‍ സാഹിബ് സിങ് വര്‍മ്മ ഡല്‍ഹിയിലെ ബിജെപി മുഖ്യമന്ത്രിയായിരുന്നു. ഉള്ളി പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷം അദ്ദേഹം രാജിവയ്ക്കുകയും സുഷമാ സ്വരാജ് ആ സ്ഥാനത്തേക്ക് വരുകയും ചെയ്തെങ്കിലും 52 ദിവസമേ തുടരാനായുള്ളൂ. അപ്പോഴേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. പിന്നീട് കഴിഞ്ഞ കാല്‍നൂറ്റാണ്ട് ബിജെപിക്ക് അധികാരം പിടിക്കാനായില്ല. 2013ല്‍ സുഷമ സ്വരാജ്, ഡോ ഹര്‍ഷ വര്‍ധന്‍ എന്നിവരെയും 2015ല്‍ കിരണ്‍ ബേഡിയെയും 2019ല്‍ മനോജ് തിവാരിയെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയെങ്കിലും ആംആദ്മി പാര്‍ട്ടിയുടെ പ്രഭയില്‍ അതെല്ലാം മുങ്ങിപ്പോയി. 

ഇത്തവണ പര്‍വേഷ് വര്‍മ്മ അടക്കമുള്ളവരെയാണ് പരിഗണിക്കുന്നത്. ആംആദ്മി ദേശീയ ചെയര്‍മാന്‍ അരവിന്ദ് കെജ‍്‍രിവാളിനെ അട്ടിമറിച്ചാണ് പര്‍വേഷ് ശ്രദ്ധേയനായത്. മുന്‍ മുഖ്യമന്ത്രി സാഹിബ് സിങ് വര്‍മ്മയുടെ മകനായ പര്‍വേഷ് ഡല്‍ഹിയിലെ രാഷ്ട്രീയ തീച്ചൂളയില്‍ വളര്‍ന്നുവന്നയാളാണ്. വിജയത്തോടെ പാര്‍ട്ടിയിലെ കരുത്തനായി മാറുകയും ചെയ‍്തു. പ്രതിപക്ഷനേതാവായിരുന്ന വിജേന്ദര്‍ ഗുപ്തയാണ് പരിഗണിക്കുന്ന മറ്റൊരു നേതാവ്. തലസ്ഥാനത്തെ ഫലപ്രദമായി മുന്നോട്ട് കൊണ്ടുപോകാന്‍ കഴിവുള്ള ഭരണാധാകാരി എന്നാണ് അദ്ദേഹത്തെ വിലയിരുത്തുന്നത്. മഞ്ജീന്ദര്‍ സിങ് സിര്‍സ എന്ന സിഖ് നേതാവും മുഖ്യമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പിലും ഇദ്ദേഹത്തിന്റെ സാന്നിധ്യം നിര്‍ണായകമാകുമെന്ന് ബിജെപി വിശ്വസിക്കുന്നു. ദേശീയ ജനറല്‍ സെക്രട്ടറിയും ദളിത് നേതാവുമായ ദുഷ്യന്ത് ഗൗതമാണ് മറ്റൊരാള്‍. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും താഴേത്തട്ടില്‍ വലിയ പിന്തുണയുള്ളയാളാണ്. ബിജെപി ഡല്‍ഹി ഘടകം മുന്‍ അധ്യക്ഷന്‍ സതീഷ് ഉപാധ്യായയ്ക്കും സാധ്യതയുണ്ട്. 

Exit mobile version