Site iconSite icon Janayugom Online

ഡല്‍ഹി സര്‍വകലാശാല പ്രതിഷേധങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി

ഡല്‍ഹി സര്‍വകലാശാല കാമ്പസിനുള്ളില്‍ പ്രതിഷേധങ്ങള്‍ക്ക് ഒരു മാസത്തേക്ക് കര്‍ശന വിലക്ക്. കാമ്പസിനുള്ളില്‍ അഞ്ചോ അതിലധികമോ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് നിരോധിച്ചു. മുദ്രാവാക്യം വിളിക്കുന്നതും പ്രസംഗങ്ങള്‍ നടത്തുന്നതും തടഞ്ഞുവച്ചു. പുതിയ യുജിസി ചട്ടങ്ങൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സർവകലാശാലയിൽ വിദ്യാർത്ഥി സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെയുണ്ടായ അതിക്രമം തുടങ്ങിയ സംഭവത്തിന് പിന്നാലെയാണ് വിലക്ക്. പൊതുയോഗങ്ങള്‍ക്കും റാലി, ധര്‍ണ, പ്രതിഷേധപരിപാടികള്‍ തുടങ്ങിയവയ്ക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അപകടകരമായ ഉപകരണങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ കയ്യില്‍ കരുതുന്നതും പൊതുസമാധാനത്തിന് വിഘാതം സൃഷ്ടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കും ഒരുമാസത്തേക്ക് വിലക്കുണ്ട്. 

12ന് കാമ്പസില്‍ നടന്ന പരിപാടിക്കിടെയാണ് പ്രമുഖ ചരിത്രകാരന്‍ പ്രൊഫ. എസ് ഇര്‍ഫാന്‍ ഹബീബിന് നേരെ ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ആക്രമണശ്രമം നടന്നത്. സര്‍വകലാശാലയിലെ പീപ്പിള്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ സംസാരിക്കുന്നതിനിടെയാണ് ബാനറിന് പിന്നില്‍ നിന്ന് ഇദ്ദേഹത്തിന്റെ ദേഹത്തേക്ക് വെള്ളം നിറഞ്ഞ ബക്കറ്റും ചവറ്റുകുട്ടയും എറിയുകയായിരുന്നു. കാമ്പസിനുള്ളിലെ ഇത്തരം അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് സര്‍വകാലാശാല അറിയിച്ചു. 

Exit mobile version