Site iconSite icon Janayugom Online

ഡല്‍ഹി വനിത കമ്മീഷൻ അധ്യക്ഷയ്ക്ക് നേരെ അതിക്രമം, 15 മീറ്ററോളം റോഡിൽ വലിച്ചിഴച്ചു; കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ഡല്‍ഹി വനിത കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാളിനെതിനെതിരെ അതിക്രമം. കൈ കാറിൽ കുടുക്കി വലിച്ചിഴച്ചെന്ന പരാതിയില്‍ ഡ്രൈവര്‍ ഹരീഷ് ചന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ഡല്‍ഹി എയിംസിന് സമീപത്തുവച്ചായിരുന്നു സംഭവം. ഡല്‍ഹിയിലെ സ്ത്രീകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട് പരിശോധന നടത്താനെത്തിയപ്പോഴായിരുന്നു സംഭവം.

ഡല്‍ഹി എയിംസ് ആശുപത്രിയുടെ രണ്ടാം നമ്പര്‍ ഗേറ്റിന് സമീപത്തുനില്‍ക്കുകായിരുന്നു സ്വാതി മലിവാളും മറ്റുള്ളവരും. ഈ സമയത്ത് ഒരു കാര്‍ വന്ന് അവര്‍ക്ക് സമീപം നിർത്തുകയും തുടര്‍ന്ന് മോശമായി പെരുമാറുകയും കാറില്‍ കയറാന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സ്വാതി മലിവാളും ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായി. കാറിന്റെ ഡോറില്‍ കൈവച്ച് സംസാരിക്കുന്നതിനിടെ ഡ്രൈവര്‍ പെട്ടന്ന് ഗ്ലാസ് അടയ്ക്കുകയും ഇവരുടെ കൈ കാറിനകത്ത് കുരുങ്ങുകയുമായിരുന്നു.

ഇതറിഞ്ഞിട്ടും ഡ്രൈവര്‍ കാര്‍ മുന്നോട്ടെടുത്തുവെന്നാണ് പരാതി. പത്ത് മീറ്ററോളം കാര്‍ ഇവരെ വലിച്ചിഴച്ചതായും പൊലീസ് പറയുന്നു. പ്രതി മദ്യ ലഹരിയിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് പോലും ഡല്‍ഹിയിൽ സുരക്ഷയില്ലെങ്കിൽ മറ്റ് സ്ത്രീകളുടെ അവസ്ഥ എന്താണെന്ന് സ്വാതി ട്വീറ്റിലൂടെ ചോദിച്ചു.

Eng­lish Sum­ma­ry: Del­hi women’s pan­el chief dragged by car for 10–15 metres, man arrested

You may also like this video

Exit mobile version