വിവിധ വിഷയങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിയെ കാണാന്‍ പുറപ്പെട്ട പാർലമെന്റ് അംഗങ്ങളെ കസ്റ്റഡിയിലെടുത്ത നടപടിയിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു. സിപിഐ നേതാവ് പി സന്തോഷ് കുമാർ, കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ഉൾപ്പെടെയുള്ള നേതാക്കളെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവര്‍ത്തിക്കുന്ന ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത് ദൗർഭാഗ്യകരമാണ്.
രാഹുൽ ഗാന്ധിയുടെ ശിക്ഷയിലും അയോഗ്യനാക്കിയതിലും ഉണ്ടായ ധൃതി, ജനാധിപത്യത്തിന്റെ ഭാവിയെ കുറിച്ചും വിയോജിപ്പ് രേഖപ്പെടുത്താനുള്ള സ്വാതന്ത്ര്യത്തെ കുറിച്ചും ഭരണഘടനാ സ്ഥാപനങ്ങളുടെ നിലനില്പ് സംബന്ധിച്ചും നിരവധി ചോദ്യങ്ങളും വിമർശനങ്ങളും ഉയർത്തുന്നുണ്ട്. അഡാനി കുംഭകോണത്തിൽ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ വിസമ്മതിക്കുന്ന ബിജെപി-ആർഎസ്എസ് ഭരണം പാർലമെന്റിനെ നോക്കുകുത്തിയാക്കുകയും ജനാധിപത്യത്തെ തകർക്കുകയും ചെയ്യുകയാണ്.
ഇപ്പോഴത്തെ ഭയാനകമായ സാഹചര്യത്തില്‍ രാജ്യത്തെയും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കുന്നതിന് എല്ലാ മതേതര, ജനാധിപത്യ ശക്തികളുടെയും ജനങ്ങളുടെയും കൂടുതൽ ശക്തമായ യോജിപ്പ് ആവശ്യപ്പെടുന്നുവെന്ന് സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
English Summary: Democracy imprisoned: CPI
You may also like this video