Site iconSite icon Janayugom Online

നോട്ട് നിരോധനം സമ്പദ്‌വ്യവസ്ഥ തകര്‍ത്തു

demonetizationdemonetization

നോട്ട് നിരോധനം, ചരക്ക് സേവന നികുതി (ജിഎസ്‌ടി) നടപ്പാക്കല്‍, കോവിഡ് മഹാമാരി എന്നിവ നിമിത്തം 2016 മുതല്‍ 2023 വരെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് 11.3 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്. 2015–16 മുതല്‍ 2022–23 വരെ വഴിയോരക്കച്ചവടം ഉള്‍പ്പെടെയുള്ള 63 ലക്ഷം അനൗപചാരിക സംരംഭങ്ങള്‍ അടച്ചുപൂട്ടിയെന്നും ഇതുവഴി 1.6 കോടി തൊഴില്‍ നഷ്ടമുണ്ടായെന്നും കമ്പനികളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സാമ്പത്തിക ശേഷി വിലയിരുത്തുന്ന ഇന്ത്യ റേറ്റിങ്സ് ആന്റ് റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

എട്ട് വര്‍ഷക്കാലം രാജ്യത്തിനുണ്ടായ സാമ്പത്തിക നഷ്ടം 2022–23 സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (ജിഡിപി) 4.3 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ കാലയളവില്‍ നികുതി പിരിവ് ശക്തമായിരുന്നെന്നും സാമ്പത്തിക മേഖലയ്ക്ക് ഗുണം ചെയ്തെന്നും റേറ്റിങ് ഏജന്‍സിയുടെ പ്രധാന സാമ്പത്തിക വിദഗ്ധനായ സുനില്‍ കുമാര്‍ സിന്‍ഹ പറഞ്ഞു. പക്ഷെ, അസംഘടിത മേഖലയിലെ തിരിച്ചടി തൊഴിലവസരങ്ങളെ കാര്യമായി ബാധിച്ചു. കേന്ദ്ര സ്ഥിതിവിവര-പദ്ധതി നടപ്പാക്കല്‍ മന്ത്രാലയം നടത്തിയ വാര്‍ഷിക സര്‍വേയെ ആധാരമാക്കിയാണ് ഇന്ത്യ റേറ്റിങ്സ് ആന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 

കാര്‍ഷികേതര മേഖലയിലെ സംരംഭങ്ങളുടെ എണ്ണം വര്‍ധിച്ചു. 2021–22 വര്‍ഷത്തില്‍ 5.97 കോടിയായിരുന്നത് 2022–23 കാലത്ത് 6.5 കോടിയായി. ഇതേകാലയളവില്‍ ഈ മേഖലയിലെ തൊഴിലാളികളുടെ എണ്ണം 9.79 കോടിയില്‍ നിന്ന് 10.96 കോടിയായി. എന്നാല്‍ നോട്ട്നിരോധനത്തിന് മുമ്പ് ഈ മേഖലയില്‍ 11.13 കോടി തൊഴിലാളികള്‍ പണിയെടുത്തിരുന്നതാണ്. നോട്ട്നിരോധനം നടപ്പാക്കിയില്ലായിരുന്നെങ്കില്‍ 2022–23 വര്‍ഷങ്ങളില്‍ ഇന്ത്യയിലെ കാര്‍ഷികേതര സംരംഭങ്ങളുടെ എണ്ണം 7.14 കോടിയും തൊഴിലാളികളുടെ എണ്ണം 12.53 കോടിയും ആകുമായിരുന്നു. 2010–11ലെയും 2015–16ലെയും സാമ്പത്തിക വളര്‍ച്ചാരീതി അടിസ്ഥാനമാക്കിയാണ് ഇക്കാര്യം വിലയിരുത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 

Eng­lish Sum­ma­ry: Demon­eti­sa­tion has dev­as­tat­ed the economy

You may also like this video

Exit mobile version