Site icon Janayugom Online

നോട്ട് നിരോധനം: വ്യാപാരലോകം ആശങ്കയില്‍, ചെറുകിട മേഖലയെ കാര്യമായി ബാധിക്കില്ല

രാജ്യത്ത് 2000 രൂപയുടെ നോട്ട് നിരോധിച്ച റിസര്‍വ് ബാങ്ക് നടപടിയില്‍ സമ്മിശ്ര പ്രതികരണവുമായി വ്യാപാര മേഖല. നോട്ട് നിരോധനം വലിയ തിരിച്ചടിയാകില്ലെന്ന് ചെറുകിട വ്യാപാരികള്‍ വിലയിരുത്തുമ്പേള്‍ വന്‍കിട വ്യാപാരികളെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ അഭിപ്രായത്തില്‍ നിരോധനം ചെറുകിട വ്യാപാര രംഗത്ത് കാര്യമായ തിരിച്ചടി ഉണ്ടാക്കില്ല. മറിച്ച് വന്‍കിട വ്യാപാരരംഗത്ത് ഇതിന്റെ പ്രതിഫലനം നല്ല സൂചനയല്ല നല്‍കുന്നത്. 2000 രൂപ നോട്ടുകള്‍ കൂടുതലായി കൈവശം വച്ചിരിക്കുന്നവര്‍ വിപണിയില്‍ അത് ഗണ്യമായി വിനിയോഗിക്കാന്‍ ഇടയില്ലെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിന് പിന്നാലെയാണ് രണ്ടായിരം രൂപ നോട്ടുകൾ അച്ചടിച്ചത്. അന്ന് സാമ്പത്തിക രംഗത്ത് കടുത്ത അരക്ഷിതാവസ്ഥയും ഒട്ടേറെ പേരുടെ ജീവഹാനിക്കും നിരോധനം ഇടയാക്കി. പുതിയ പ്രഖ്യാപനം അത്രയും ബാധിക്കില്ലെന്ന ആശ്വാസം വ്യാപാരി സംഘടനകള്‍ക്കുണ്ട്.
2016ലെ നിരോധന സമയത്തെ പോലെ 2000 നോട്ട് സ്വീകരിക്കാന്‍ ഇപ്പോള്‍ തടസമില്ലെന്നും നിയമപരമായി സെപ്റ്റംബര്‍ 30വരെ നോട്ടിന് സാധുത ഉള്ളതുകൊണ്ട് വലിയ പ്രശ്നങ്ങള്‍ നിലവില്‍ നേരിടേണ്ടി വന്നിട്ടില്ലെന്നും റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കുമാര്‍ രാജഗോപാലന്‍ പറഞ്ഞു. എന്നാല്‍ അന്തിമ തീയതിക്കുശേഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം നിരോധനം ചെറുകിട വ്യാപാര രംഗത്ത് കാര്യമായ ചലനം സൃഷ്ടിക്കുമെന്ന് ഡല്‍ഹി പോഷ് മാര്‍ക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സഞ്ജീവ് മെഹ്റ പറഞ്ഞു. 2000 രൂപ നോട്ടുകള്‍ കൈവശമുളളവര്‍ കൂടുതലായി പണം മാറിയെടുക്കാന്‍ പൊതുവിപണിയില്‍ വരുന്നത് ചെറുകിട മേഖലയ്ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

eng­lish sum­ma­ry; Demon­eti­sa­tion: The busi­ness world is worried

you may also like this video;

Exit mobile version