സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളജുകളിൽ കൂടി എമർജൻസി മെഡിസിൻ ആന്റ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നു. നിലവിൽ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കണ്ണൂർ മെഡിക്കൽ കോളജുകളിൽ എമർജൻസി മെഡിസിൻ വിഭാഗമുണ്ട്. അംഗീകാരം ലഭിച്ച ബാക്കിയുള്ള മെഡിക്കൽ കോളജുകളായ കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണ് എമർജൻസി മെഡിസിൻ വിഭാഗം പുതുതായി ആരംഭിക്കുന്നത്.
ഇതിനായി ഈ മെഡിക്കൽ കോളജുകളിൽ ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, രണ്ട് സീനിയർ റസിഡന്റ് തസ്തികകൾ വീതം സൃഷ്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ രണ്ട് വീതം സീനിയർ റസിഡന്റുമാരുടെ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. സമയബന്ധിതമായി എല്ലാ മെഡിക്കൽ കോളജുകളിലും എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു.
അപകടത്തിൽപ്പെട്ടോ മറ്റ് അസുഖങ്ങൾ ബാധിച്ചോ വരുന്നവർക്ക് ഗുണമേന്മയുള്ള അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനായി മന്ത്രി വീണാ ജോർജ് മുൻകൈയ്യെടുത്ത് മെഡിക്കൽ കോളജുകളിൽ നടപ്പിലാക്കിയ ക്വാളിറ്റി മാനേജ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായാണ് എമർജൻസി മെഡിസിൻ വിഭാഗം എല്ലാ മെഡിക്കൽ കോളജുകളിലേക്കും വ്യാപിപ്പിക്കുന്നത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ഒരു കുടക്കീഴിൽ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കൽ ശാസ്ത്ര ശാഖയാണ് എമർജൻസി മെഡിസിൻ.
ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം, അപകടങ്ങൾ, വിഷബാധ തുടങ്ങിയ ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് സമയം ഒട്ടും പാഴാക്കാതെ കൃത്യമായ ചികിത്സ ഉറപ്പ് വരുത്തുന്നു. എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുന്നതോടെ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, കാർഡിയോളജി തുടങ്ങിയ അത്യാഹിത വിഭാഗത്തിലെ വിവിധ വിഭാഗങ്ങളുടെ ഏകീകരണത്തോടെയുള്ള ഫലപ്രദമായ ചികിത്സ ഉറപ്പാക്കാനാകും. പ്രധാന മെഡിക്കൽ കോളജുകളിൽ എല്ലാ സ്പെഷ്യാലിറ്റി സൗകര്യങ്ങളുമുള്ള ട്രോമകെയർ സംവിധാനവും വിപുലമായ ട്രയേജ് സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
English Summary: Department of Emergency Medicine in all Medical Colleges of the State
You may also like this video