ഫിറ്റ്‌നസ്, പെര്‍മിറ്റ് എന്നിവയില്ലാതെ സര്‍വ്വീസ് നടത്തിയ ബസ് പിടിച്ചെടുത്ത് നെടുങ്കണ്ടം മോട്ടോര്‍ വാഹനവകുപ്പ്. നെടുങ്കണ്ടം- കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തിയ സെന്റ് ജോര്‍ജ്ജ് ബസാണ് അധികൃതര്‍ പിടികൂടിയത്. പ്രവര്‍ത്തനരഹിതമായ വേഗപ്പൂട്ട്, ജീപിഎസ്സുമാണ് ബസില്‍ ഉപയോഗിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് യാത്രക്കാരുടെ ജീവനും സ്വത്തിനും യാതൊരു വിലയും കല്‍പ്പിക്കാതെ സര്‍വ്വീസ് നടത്തിയ ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരുടെ ലൈന്‍സസുകള്‍ സസ്‌പെന്‍ഡ് ചെയ്തു. ഫിറ്റ്‌നസ് കഴിഞ്ഞതിനെ തുടര്‍ന്ന് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് തകരാര്‍ പരിഹരിക്കുന്നതിനായി വര്‍ക്ക് ഷോപ്പില്‍ ഈ ബസ് പ്രവേശിപ്പിച്ചിരുന്നു.
ഇതിന് പകരമായി താല്കാലിക പെര്‍മിറ്റില്‍ മറ്റൊരു ബസ് ഇതേ റൂട്ടില്‍ സര്‍വ്വീസ് നടത്തി വന്നിരുന്നു. എന്നാല്‍ പകരം ഓടിയ ഈ ബസിനും തകരാര്‍ സംഭവിച്ചതിനെ തുടര്‍ന്ന് വര്‍ക്ക് ഷോപ്പില്‍ കയറ്റി. ഇതോടെടെയാണ് ഫിറ്റ്‌നസും പെര്‍മിറ്റും ജിപിഎസ്സും, വേഗപൂട്ട് ഇല്ലാത്ത സെന്റ് ജോര്‍ജ്ജ് ബസ് ഉപയോഗിച്ച് സര്‍വ്വീസ് നടത്തുകയായിരുന്നു. ഡ്യുട്ടിയുടെ ഭാഗമായി മുണ്ടിയെരുമയില്‍ വെച്ച് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കൈ കാണിച്ചുവെങ്കിലും ബസ് നിര്‍ത്താതെ യാത്ര തുടരുകയായിരുന്നു. പുറകെ എത്തിയ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ നെടുങ്കണ്ടം പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ എത്തി യാത്രക്കാരെ ഇറക്കിയതിന് ശേഷം ബസ് കസ്റ്റഡില്‍ എടുക്കുകയായിരുന്നു.
തുടര്‍നടപടികള്‍ക്കായി കേസ് ഇടുക്കി ആര്‍ടിഒയ്ക്ക് കൈമാറിയതായി നെടുങ്കണ്ടം മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് ഫ്രാന്‍സീസ്, അസിസ്റ്റന്‍ഡ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എ എസ് പ്രദീപ്, സൂരജ് വി എസ് എന്നിവരുടെ നേത്യത്വത്തിലാണ് ബസ് പിടിച്ചെടുത്ത് വര്‍ക്ക് ഷോപ്പിലേയ്ക്ക് മാറ്റിയത്.
English Summary: Department of Motor Vehicles has locked the bus that operated without fitness and permit
You may also like this video