കായംകുളം നഗരസഭ 5, 8 വാർഡുകളിലെ റോഡുകൾ തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും നഗരസഭ കൗൺസിലർമാരുടെ അനാസ്ഥകാരണം യാതൊരു നടപടിയും ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് സിപിഐ ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ റോഡിൽ വാഴ വെച്ചു. നഗരസഭ എട്ടാം വാർഡിലെ നായ്ക്കൽ പറമ്പ്-ചക്കാലമുക്ക് റോഡ്, അഞ്ചാം വാർഡിലെ നായ്ക്കൽപറമ്പ്- ചക്കാലപറമ്പ് റോഡ്, മുടയിൽ ചെമ്പകപ്പള്ളി റോഡ്, നൈനാരേത്ത്- ചെങ്കിലാത്ത് റോഡ് തുടങ്ങിയ റോഡുകൾ വർഷങ്ങളായി തകർന്ന് ഗതാഗത ക്ലേശം രൂക്ഷമാണ്.
പട്ടണവുമായി ബന്ധപ്പെട്ടുള്ള ഈ വാർഡുകളിൽ നിന്നും സ്കൂളുകളും കോളജും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് ദൈനംദിനം നൂറുകണക്കിന് കുട്ടികളും പൊതുജനങ്ങളും സഞ്ചരിക്കുന്ന റോഡാണിത്. നിരവധി തവണ പരാതികൾ നൽകിയെങ്കിലും ഇത് സഞ്ചാരയോഗ്യമാക്കാൻ ജനപ്രതിനിധികൾ തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് റോഡിൽ വാഴ നട്ടത്. കായംകുളം നഗരസഭ ഓരോ സാമ്പത്തിക വർഷവും 9 ലക്ഷം രൂപ വീതം ഓരോ വാർഡിനും അനുവദിച്ചിട്ടും ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി പ്രോജക്ട് തയ്യാറാക്കാത്ത കാരണത്താൽ ഫണ്ട് ലാപ്സായി പോകുന്ന സ്ഥിതിയാണുള്ളത്.
പദ്ധതി നിർവഹണവുമായി അറിവില്ലാത്ത ജനപ്രതിനിധികൾ കാരണം ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. അടിയന്തിരമായി ഈ റോഡുകൾ നവീകരിച്ച് സഞ്ചാരയോഗ്യമാക്കാത്ത പക്ഷം ജനങ്ങളെ അണിനിരത്തി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി സമീർ ചിറയിൽ അറിയിച്ചു.