Site iconSite icon Janayugom Online

രൂപയുടെ മൂല്യത്തകര്‍ച്ച: വിദേശപഠനത്തിന് ചെലവേറും

ഡോളറിനെതിരെ രൂപയുടെ പതനം തുടരുന്ന സാഹചര്യത്തില്‍ വിദേശത്തു പഠിക്കാനുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മോഹത്തിന് ചെലവേറും. അമേരിക്കന്‍ സര്‍വകലാശാലകളില്‍ പഠിക്കുക എന്ന ലക്ഷ്യത്തിന് കൂടുതല്‍ ചെലവ് വരുന്നതോടെ ചെലവ് കുറഞ്ഞ മറ്റ് രാജ്യങ്ങള്‍ തെരഞ്ഞെടുക്കേണ്ട അവസ്ഥയിലേക്കാണ് വിദ്യാര്‍ത്ഥികള്‍ നീങ്ങുന്നത്. നിലവിലെ പ്രതിസന്ധി വിദേശ പഠനാ വായ്പകളുടെ ആവശ്യം വര്‍ധിപ്പിക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഇത്തരം ആവശ്യങ്ങള്‍ക്കായി ബാങ്കുകള്‍ ടോപ്അപ് വായ്പകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഇത്തരം വായ്പകളുടെ തിരിച്ചടവ് എല്ലാവര്‍ക്കും പ്രായോഗികമാകില്ലെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആര്‍ബിഐയുടെ നിരക്കുവര്‍ധനയെതുടര്‍ന്ന് വിദ്യാഭ്യാസ വായ്പയുടെ പലിശയും വര്‍ധിച്ചുതുടങ്ങി.

യുഎസ് ഡോളറിനെതിരെ ഇന്ത്യൻ കറൻസിയുടെ മൂല്യം കുറയുന്നത് വിദ്യാർത്ഥികളുടെ വിദേശ വിദ്യാഭ്യാസ പദ്ധതികളെ ആഴത്തിൽ ബാധിക്കുകയും സാമ്പത്തിക ബാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്ന് അമേരിക്കയിൽ നിയമം പഠിക്കാൻ ഉദ്ദേശിക്കുന്ന പുഷ്പേന്ദർ കുമാർ പറയുന്നു. സര്‍വകലാശാലകള്‍ ഫീസ് വര്‍ധിപ്പിച്ചില്ലെങ്കില്‍ കൂടി പഠനം, താമസം, യാത്ര എന്നീ ചെലവുകള്‍ കണക്കുകൂട്ടുമ്പോള്‍ രൂപയില്‍ ഭീമമായ തുക തന്നെ നല്‍കേണ്ടി വരും. 

ഈ ആഴ്ചയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ എത്തിയിരുന്നു. ഒരു ഡോളറിന് 80 എന്ന നിലയിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്. ഔദ്യോഗിക രേഖകള്‍ അനുസരിച്ച് 13.24 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് വിദേശ രാജ്യങ്ങളില്‍ പഠിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ യുഎസിലാണ്, 4.65 ലക്ഷം. കാനഡ (1.83 ലക്ഷം), ദുബായ് (1.64 ലക്ഷം), ഓസ്ട്രേലിയ (1.09 ലക്ഷം) എന്നിങ്ങനെയാണ് കണക്ക്. ജനുവരിയില്‍ രൂപയുടെ മൂല്യം 73.8 രൂപയായിരുന്നപ്പോള്‍ ഒരു വിദ്യാര്‍ത്ഥിക്ക് ഒരു സെമസ്റ്ററിനുള്ള ഫീസ് ആയി നല്‍കേണ്ടിയിരുന്നത് 29.52 ലക്ഷം (40,000 ഡോളര്‍) ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ 31.92 ലക്ഷം നല്‍കേണ്ടി വരും. 

Eng­lish Summary:Depreciation of rupee: Study­ing abroad becomes more expensive
You may also like this video

Exit mobile version