അഭിനയവും സംവിധാനവും ഒരു പോലെ പോകാനാണ് ആഗ്രഹമെന്ന് ഹിന്ദി നടിയും എഴുത്തുകാരിയുമായ ഹുമാ ഖുറേഷി. രണ്ടും ഒന്നിച്ച് കൊണ്ടുപോകുന്നത് വെല്ലുവിളിയാണെങ്കിലും സംവിധാനം ആസ്വാദ്യകരമാണെന്ന് തോന്നുന്നു. രണ്ടും ചെയ്യുന്ന തന്നെ അംഗീകരിക്കുന്ന അഭിനേതാക്കളെ കണ്ടെത്താൻ കഴിഞ്ഞാൽ ചിത്രീകരണം തുടങ്ങാം ‑ഷാർജ എക്സ്പോ സെൻ്ററിൽ നടന്നുവരുന്ന 43-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ തന്റെ ആദ്യ നോവലായ ‘സീബ: ഒരു ആക്‌സിഡന്റൽ സൂപ്പർഹീറോ’ എന്ന പുസ്തകത്തെ ആധാരമാക്കി വായനക്കാരുമായി സംവദിക്കുകയായിരുന്നു നടി.
ആദ്യം ഒരു ടിവി ഷോ എന്ന നിലയിലാണ് കഥ അവതരിപ്പിച്ചത്. എന്നാൽ കഥയിലെ ഫാന്റസി രംഗങ്ങൾ ചിത്രീകരിക്കുന്നതിന് സാമ്പത്തിക പിന്തുണ ആവശ്യമായിരുന്നു. ഒരു സിനിമയായോ പരമ്പരയായോ പുസ്തകം സ്‌ക്രീനിൽ യാഥാർഥ്യമാവണമെന്നത് ആഗ്രഹമായിരുന്നു. ഒരു സ്ത്രീയുടെ വീക്ഷണകോണിൽ നിന്നുള്ള എഴുത്ത് തന്നെ സംബന്ധിച്ച് ‘വിമോചനം’ ആയിരുന്നു. സിനിമയുടെ കാര്യമെടുത്താൽ പരാജയത്തിന്റെ ഉത്തരവാദിത്തം സംവിധായകന്റെയോ തിരക്കഥാകൃത്തിന്റെയോ മേൽ ചുമത്താം, പക്ഷേ പുസ്തകം പൂർണമായും എഴുത്തുകാരിയുടെ ഉത്തരവാദിത്തമാണെന്ന യാഥാർഥ്യം എന്നെ ബോധവതിയാക്കിയാക്കിയെന്നും ഹുമ പറഞ്ഞു.