പ്രധാനമന്ത്രിയുടെ പേരിൽ ഗൃഹ് ആവാസ് യോജന ഉള്‍പ്പെടെ പല പദ്ധതികളും ഉണ്ടെങ്കിലും ഗ്രാമങ്ങളിലെ കർഷകര്‍ പട്ടിണിയുടെ പിടിയിലാണെന്ന് കിസാൻ സഭ സെക്രട്ടറി ജനറല്‍ അതുൽകുമാർ അഞ്ജാൻ. അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന കർഷക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകരുടെ വരുമാനം ഇരട്ടി ആക്കുമെന്ന പ്രഖ്യാപനം അല്ലാതെ പ്രായോഗിക നടപടികൾ ഉണ്ടായില്ല. വളം, കീടനാശിനി, ഡീസൽ തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങൾക്കും 23 ശതമാനം വരെ വിലവർധനവ് ഉണ്ടായി. ഗ്രാമങ്ങളിലെ കർഷകർ പൂർണമായി അവഗണിക്കപ്പെടുന്നു. ഗ്രാമീണ ഇന്ത്യയിലെ തോട്ടി പണിക്കാരനും പെട്ടിക്കടക്കാരനും കർഷകനും ചേർന്ന സമൂഹത്തിന് ഉന്നതി വേണം. ഇത്തരം പുരോഗതി സ്വപ്നം കാണാൻ പോലും കഴിയാത്ത സാഹചര്യമാണ് കേന്ദ്ര സർക്കാർ ഒരുക്കുന്നതെന്ന് അഞ്ജാൻ പറഞ്ഞു. കുത്തക മുതലാളിമാരുടെ കടങ്ങൾ എഴുതിത്തള്ളുമ്പോൾ കർഷകർ കടത്തിന്റെ പേരിൽ ജീവനൊടുക്കുന്നു. ഗ്രാമീണ മേഖലയിലെ കർഷകരുടെ ബാങ്ക് നിക്ഷേപങ്ങൾക്ക് രണ്ട് ശതമാനം പലിശ കൂടുതൽ നല്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അതുൽകുമാർ അഞ്ജാൻ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെയും കേരളത്തിലെ കാർഷിക വിഷയങ്ങളിൽ സമയബന്ധിതമായി പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടും തിരുവനന്തപുരത്ത് കർഷകസംഗമം സംഘടിപ്പിക്കാനും ഇതിന്റെ പ്രചാരണാർത്ഥം രണ്ട് മേഖല ജാഥകൾ നടത്താനും കൺവെൻഷൻ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലൻ നായർ അധ്യക്ഷനായി. ദേശീയ സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന ജനറൽ സെക്രട്ടറി വി ചാമുണ്ണി, നേതാക്കളായ എ പ്രദീപൻ, മാത്യു വർഗീസ്, പി ഉണ്ണികൃഷ്ണൻ, എൻ രവീന്ദ്രൻ, കെ എൻ ദാസപ്പൻ, ആർ ചന്ദ്രിക, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമല സദാനന്ദൻ, കരിയം രവി, കെ എം ദിനകരൻ, ഇ കെ ശിവൻ എന്നിവർ സംസാരിച്ചു.
English Summary: Despite many central schemes, rural farmers are starving: Atul Kumar Anjan
You may also like this video