Site iconSite icon Janayugom Online

മേല്‍ത്തട്ടില്‍ പുതുമുഖം വന്നിട്ടും കോണ്‍ഗ്രസില്‍ അടിക്ക് കുറവില്ല

കോൺഗ്രസിൽ പത്തിയൊതുക്കി കിടന്ന ഗ്രൂപ്പ് പോര് വീണ്ടും മുറുകി. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഇത് നേതൃത്വത്തെ വെട്ടിലാക്കി. കെപിസിസി, യുഡിഎഫ് തലപ്പത്ത് പുതുമുഖങ്ങള്‍ വന്നിട്ടും താഴെത്തട്ടിലെ പോരിന് ശമനമുണ്ടായിട്ടില്ല. ഒട്ടുമിക്ക ജില്ലകളിലും വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഏറിയും കുറഞ്ഞും പോര് പുനർജനിച്ചിട്ടുണ്ട്. കോൺഗ്രസിന് ഭരണമുള്ള തദ്ദേശ സമിതികളുമായി ബന്ധപ്പെട്ടാണ് മിക്കയിടത്തും പ്രശ്നങ്ങൾ. എതിർ മുന്നണിയിൽപ്പെട്ട എംഎൽഎ യുടെ ഫണ്ട് ഉപയോഗിച്ച് വികസന പ്രവർത്തനങ്ങൾ നടത്തുന്നതിനെ ചൊല്ലിയാണ് എറണാകുളം ജില്ലയിലെ ചിലയിടങ്ങളിൽ പോര്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ നാളുകളായി പ്രവർത്തനങ്ങളിൽ പിന്നാക്കമായിരുന്നവർ പഞ്ചായത്ത്-മുനിസിപ്പൽ തെരത്തെടുപ്പുകളിൽ സീറ്റ് ലക്ഷ്യമിട്ട് രംഗത്തത്തിക്കഴിഞ്ഞു. ചിലയിടങ്ങളിൽ മണ്ഡലം പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുറുകിയ ഗ്രൂപ്പ് പോരാണ് തദ്ദേശ സമിതി തെരഞ്ഞെടുപ്പ് അടുത്തതോടെ രൂക്ഷമായിട്ടുള്ളത്. കാലങ്ങളായി കയ്യിലിരുന്ന സ്ഥാനം ഒരു മുന്നറിയിപ്പുമില്ലാതെ മറു ഗ്രൂപ്പിലേക്ക് പോയതിന്റെ നിരാശ എളുപ്പത്തിലൊന്നും പരിഹരിക്കാനാവില്ല. 

പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസിലെ ചെന്നിത്തല‑മുരളീധരൻ വിഭാഗങ്ങൾ സമരങ്ങളിലും അതേ പാതയാണ് പിന്തുടരുന്നത്. കണ്ണൂരിൽ മാടായി കോളജ് നിയമന പ്രശ്നത്തെച്ചൊല്ലി ഭരണ സമിതി ചെയർമാൻ കൂടിയായ എം കെ രാഘവൻ എം പിയുടെ കോലം കത്തിച്ച് കെ സുധാകരന്റെ അനുയായികൾ പ്രകടനം നടത്തിയതിനെ പ്രാദേശിക പ്രശ്നമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ നിസാരവത്കരിച്ചെങ്കിലും തീ അണഞ്ഞിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ പകരം ചോദിക്കും. ചില സഹകരണ സംഘം തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ടും അവിടെ നീറി നിൽക്കുന്ന പ്രശ്നങ്ങളുണ്ട്. മലപ്പുറത്ത് മുൻ മന്ത്രി എ പി അനിൽകുമാറിന്റെയും ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെയും നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് നേതൃത്വം നൽകുന്ന ഗ്രൂപ്പും തമ്മിലുള്ള കൊമ്പ് കോർക്കൽ രൂക്ഷമാണ്. അനുനയത്തിന് മുസ്ലിം ലീഗ് നടത്തുന്ന ശ്രമങ്ങളൊന്നും ഏല്‍ക്കാതെ പോകുന്നതിൽ അവരും അതൃപ്തിയിലാണ്. ഒരു വിഭാഗത്തെ അനുനയിപ്പിച്ചു കൊണ്ടുവരുമ്പോൾ മറുവിഭാഗം ഊരിപ്പോവുകയാണ്. ഇത് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയേക്കാവുന്ന തിരിച്ചടിയെക്കുറിച്ചുള്ള ആശങ്കയിലാണ് ലീഗ് നേതൃത്വം. 

Exit mobile version