Site iconSite icon Janayugom Online

പ്രശാന്ത്കിഷോറിന്‍റെ വരവില്‍ കോണ്‍ഗ്രസില്‍ പ്രതിഷേധം ഉയരുമ്പോഴും സോണിയയുടെ നേതൃത്വത്തില്‍ ചര്‍ച്ച

പ്രശാന്ത് കിഷോറിന്റെ കോണ്‍ഗ്രസ് പ്രവേശനവുമായി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും, രാഹുല്‍ഗാന്ധിക്ക് ഒപ്പമുള്ള ചിലരും എതിര്‍ക്കുമ്പോഴും ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ അതിവേഗത്തിലാക്കിയിരിക്കുകയാണ് നേതൃത്വം. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കമ്മിറ്റി പ്രശാന്ത് മുന്നോട്ട് വെച്ച് നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്തു.

സോണിയാ ഗാന്ധി കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരായ അശോക് ഗഹലോട്ട് , ഭൂപേഷ് ബാഗലിനെയും, രാജാസ്ഥാനിലെ നേതാവ് സച്ചിന്‍ പൈലറ്റിനെയും വിളിച്ച് വരുത്തിയിരുന്നു. ഇവര്‍ക്കുള്ള ഭരണപരിചയം കണക്കിലെടുത്താണ് ദില്ലിയിലേക്ക് വരാന്‍ സോണിയ നിര്‍ദേശിച്ചത്. കോണ്‍ഗ്രസിനുള്ള തന്ത്രമൊരുക്കുന്നതിനും, സഖ്യ കാര്യത്തിലും പ്രശാന്തിനെ ചുമതലയേല്‍പ്പിക്കാന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെട്ട് നില്‍ക്കുകയാണ്. അശോക് ഗെലോട്ടും, ഭൂപേഷ് ബാഗലും പ്രശാന്തിന്റെ വരവിനെ പിന്തുണച്ചിരിക്കുകയാണ്.

കോണ്‍ഗ്രസ് അദ്ദേഹത്തെ എത്രയും പെട്ടെന്ന് പാര്‍ട്ടിയിലേക്ക് കൊണ്ടുവരണമെന്നാണ് നിര്‍ദേശം. പ്രശാന്തില്ലാതെ ഒരു തിരിച്ചുവരവ് സാധ്യമാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി പ്രശാന്തിനോടുള്ള എതിര്‍പ്പും പാര്‍ട്ടിയില്‍ ശക്തമാണ്. അടുത്ത രണ്ട് ദിവസവും തന്റെ മാസ്റ്റര്‍ പ്ലാനിനെ കുറിച്ചുള്ള വിവരങ്ങള്‍ പ്രശാന്ത് കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ വിശദീകരിക്കും. സോണിയാ ഗാന്ധി നിയോഗിച്ച കമ്മിറ്റിക്കുള്ള സംശയങ്ങള്‍ മുഴുവന്‍ തീര്‍ക്കാനാണ് പ്രശാന്ത് കോണ്‍ഗ്രസ് ക്യാമ്പിലെത്തിയത്. പ്രിയങ്ക ഗാന്ധി അടക്കമുള്ളവര്‍ ഈ കമ്മിറ്റിയിലുണ്ട്. ഇതിലേക്കാണ് ഗെലോട്ടിനെയും ബാഗലിനെയും വിളിച്ച് വരുത്തിയത്.

പ്രശാന്ത് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ ഇവര്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കുന്നതായിരുന്നു. പ്രശാന്ത് വരികയാണെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന രാജസ്ഥാന്‍, ഛത്തീസ്ഗഡ് തിരഞ്ഞെടുപ്പിലും അദ്ദേഹമായിരിക്കും തന്ത്രമൊരുക്കുക. അതേസമയം സോണിയാ ഗാന്ധിക്ക് ഈ കമ്മിറ്റി നല്‍കുന്ന റിപ്പോര്‍ട്ടിന് ശേഷമാണ് അന്തിമ തീരുമാനമുണ്ടാകുക. പ്രശാന്ത് നിര്‍ദേശിച്ച ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് അദ്ദേഹത്തെ കമ്മിറ്റിഅറിയിച്ചിരുന്നു. അതുകൊണ്ട് ഈ യോഗത്തിലേക്ക് വരാന്‍ പ്രശാന്തിനോട് നിര്‍ദേശം. അടുത്ത രണ്ട് ദിവസം കൂടി തുടരാനാണ് പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കോണ്‍ഗ്രസില്‍ പ്രശാന്ത് ചേരുമോ എന്ന കാര്യത്തില്‍ സംശയങ്ങള്‍ ബാക്കിയാണ്.

ഇനി വെറും കണ്‍സള്‍ട്ടന്റായി എത്തുമോ എന്ന കാര്യവും അറിയില്ല.പ്രശാന്തിന്റെ കോണ്‍ഗ്രസ് പ്രവേശത്തില്‍ അന്തിമ തീരുമാനം സോണിയാ ഗാന്ധിയാണ് എടുക്കുക. പ്രശാന്തിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടിയെ അടിമുടി മാറ്റാന്‍ കഴിയുമെന്നാണ് ഗെലോട്ടും ബാഗലും ഒരു സ്വരത്തില്‍ സോണിയാ ഗാന്ധിയെയും കമ്മിറ്റിയെയും അറിയിച്ചിരിക്കുന്നത്. സംഘടന ശക്തിപ്പെടുത്താന്‍ പ്രശാന്തിന് സാധിക്കുമെന്നാണ് ഇവര്‍ പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയ ബ്രാന്‍ഡ് എന്നാണ് ഗെലോട്ട് പ്രശാന്തിനെ വിശേഷിപ്പിച്ചത്. വലിയൊരു ജനവിഭാഗവും എങ്ങനെ പാര്‍ട്ടിയെ ബന്ധിപ്പിക്കാമെന്ന ചര്‍ച്ചകളാണ് നടന്നത്.

അതിന് പ്രശാന്ത് എങ്ങനെ സഹായിക്കുമെന്നും ചോദിച്ചറിഞ്ഞു. കമ്മിറ്റിയുടെ ചര്‍ച്ചകള്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അവസാനിക്കുമെന്നും രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു.അടുത്ത വര്‍ഷം രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. പിടിച്ച് നില്‍ക്കാന്‍ ഗെലോട്ട് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.സച്ചിന്‍പൈലറ്റിന്‍റെ നേതൃത്വത്തില്‍ പാര്‍ട്ടിയിലെ എതിര്‍വിഭാഗം ഉയര്‍ത്തുന്ന വിമതനീക്കത്തില്‍ ഏറെ അസ്വസ്തനുമാണ് ഗെലോട്ട്. അത്തരമൊരു സാഹചര്യത്തില്‍ പ്രശാന്ത് ഉന്നയിച്ച പല കാര്യങ്ങളോടും ഗെലോട്ട് യോജിക്കുകയാണ്, പല സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുണ്ട് പ്രശാന്തിന്. രാജ്യത്തെ തന്നെ വലിയ ബ്രാന്‍ഡാണ് അദ്ദേഹം. ശരിക്കുമൊരു പ്രൊഫഷണലാണ് പ്രശാന്ത് എന്നും ഗെലോട്ട് പറയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ചില തന്ത്രങ്ങള്‍ പ്രശാന്ത് ഒരുങ്ങുന്നുണ്ട്.

എല്ലാ പാര്‍ട്ടികളെയും ഒന്നിച്ച് കൊണ്ടുപോകാനാണ് പ്രശാന്ത് ശ്രമിക്കുന്നതെന്നും ഗെലോട്ട് വെളിപ്പെടുത്തി. കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പ് വിജയത്തിനായി കാത്തിരിക്കുകയാണ്. അടുത്തൊന്നും ഒരു തിരഞ്ഞെടുപ്പും കോണ്‍ഗ്രസ് ജയിച്ചിട്ടില്ല. കേരളം, ബീഹാര്‍, പഞ്ചാബ്, യുപി, അസം, മണിപ്പൂര്‍, എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ എല്ലാം കോണ്‍ഗ്രസ് തോറ്റതാണ്. ഇതിനെല്ലാം കാരണം കോണ്‍ഗ്രസിന്റെ മോശം സംഘടനാ കരുത്താണ്. ഇതിലാണ് പ്രശാന്ത് കണ്ണുവെച്ചിരിക്കുന്നത്. രണ്‍ദീപ് സുര്‍ജേവാലയുടെ പ്രതികരണവും പ്രശാന്തിനെ കോണ്ഗ്രസിലേക്ക് എത്തിക്കുകയാണ്. പ്രശാന്തിനെ കോണ്‍ഗ്രസില്‍ എത്തിക്കുക എന്നതാണ് സോണിയ ലക്ഷ്യമിടുന്നതെന്നും രണ്‍ദീപ് സുര്‍ജേവാല പറയുന്നു.

കോണ്‍ഗ്രസിലെ ആശവിനിമയ മാര്‍ഗങ്ങള്‍ തീര്‍ത്തും പൊളിഞ്ഞ അവസ്ഥയിലാണെന്ന് യുപി നേതൃത്വം ഇതിനോടകം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. 55 സുപ്രധാനപ്പെട്ട കാര്യങ്ങളാണ് പ്രശാന്തിന്റെ നിര്‍ദേശത്തിലുള്ളത്. ഇതില്‍ 18 എണ്ണം പാര്‍ട്ടിയുടെ ആശയവിനിമയ തന്ത്രത്തെ കുറിച്ചാണ്. കോണ്‍ഗ്രസ് നേതൃത്വം പ്രവര്‍ത്തകരും നേതാക്കളുമായി ഇടപെടുന്നതിലും ഇവര്‍ തമ്മിലുള്ള ആശയവിനിമയത്തിലുമാണ് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പ്രശാന്ത് കണ്ടെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സീറ്റുകള്‍ എങ്ങനെ വര്‍ധിപ്പിക്കാമെന്ന് പത്തോളം നിര്‍ദേശങ്ങള്‍ പ്രശാന്തിന്റേതായിട്ടുണ്ട്. കോണ്‍ഗ്രസ് എവിടെയാണ് ശക്തം, എവിടെയാണ് ദുര്‍ബലം എന്നിവയും നിര്‍ദേശങ്ങളില്‍ പരാമര്‍ശിക്കുന്നുണ്ട്. കോണ്‍ഗ്രസിനെ പെട്ടെന്ന് തന്നെ ശക്തിപ്പെടുത്താന്‍ എന്തൊക്കെ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴുള്ളതിനേക്കാള്‍ കുറഞ്ഞ സീറ്റ് എടുത്ത്, ആ സീറ്റില്‍ ഫോക്കസ് ചെയ്ത് മത്സരിക്കനാണ് പ്രശാന്തിന്റെ നിര്‍ണായക നിര്‍ദേശം. അതായത് 370 ലോക്‌സഭാ സീറ്റുകള്‍ കോണ്‍ഗ്രസ് ഫോക്കസ് ചെയ്ത് കണ്ടെത്തണമെന്നാണ് നിര്‍ദേശം. ബാക്കിയുള്ള സീറ്റുകളില്‍ സഖ്യകക്ഷികള്‍ക്ക് മത്സരിക്കാനായി നല്‍കണമെന്നാണ് നിര്‍ദേശം. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗം തീര്‍ത്തും പരാജയമായി എന്നാണ് പ്രശാന്ത് ചൂണ്ടിക്കാണിക്കുന്നത്. അത് മാറേണ്ടതുണ്ടെന്നും രാഹുല്‍ നേതൃത്വത്തെ അറിയിച്ചു.

അതേസമയം പ്രശാന്തിന്റെ നിര്‍ദേശങ്ങളിലെ റിപ്പോര്‍ട്ട് അടുത്ത 72 മണിക്കൂറിനുള്ളില്‍ ഉണ്ടാവുമെന്ന് കോണ്‍ഗ്രസ് നേതൃത്വം സൂചിപ്പിക്കുന്നു. നാല് തവണയാണ് തുടര്‍ച്ചയായി സോണിയയുടെ വസതിയിലേക്ക് പ്രശാന്ത് എത്തുന്നത്. പ്രശാന്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ എല്ലാവരുടെയും അഭിപ്രായം സ്വീകരിച്ച് മുന്നോട്ട് പോകാനാണ് രാഹുലിന്റെയും സോണിയയുടെയും ശ്രമം.

നേരത്തെ ഗുജറാത്തില്‍ മാത്രം പ്രശാന്തിന്റെ സേവനം മതിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ തീരുമാനം. എന്നാല്‍ ഐപാക്ക് കോണ്‍ഗ്രസിന്റെ അഴിച്ചുപണിക്ക് പ്ലാനുമായി ഹൈക്കമാന്‍ഡിനെ സമീപിച്ചതോടെ പ്രശാന്തിനെ സ്വീകരിക്കാന്‍ നേതൃത്വം നിര്‍ബന്ധിതരാവുകയായിരുന്നു.

Eng­lish Sum­ma­ry: Despite the protests in the Con­gress over the arrival of Prashant Kishore, the dis­cus­sion was led by Sonia

You may also like this video:

Exit mobile version