Site iconSite icon Janayugom Online

കണ്ടെത്താനാകാത്തവരുടെ വിവരങ്ങൾ പ്രസിദ്ധീകരിക്കും

വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയിൽ (എസ്ഐആർ) കണ്ടെത്താനാകാത്തവരുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ceo.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു കേൽക്കർ അറിയിച്ചു. ഇന്നുതന്നെ ജില്ലാ അടിസ്ഥാനത്തിൽ വിവരങ്ങൾ പ്രസിദ്ധീകരിക്കും. ഇതിൽ നിന്ന് ഓരോ വാർഡിലെയും പട്ടിക പരിശോധിക്കാനാകും. തിരിച്ചറിയൽ കാർഡിലെ എപിക് നമ്പർ, പേര്, ബന്ധുവിന്റെ പേര്, എന്യൂമറേഷൻ ഫോം തിരിച്ചു കിട്ടാത്തതിന്റെ കാരണം എന്നിവ ഉൾപ്പെടുന്നതാണ് പട്ടിക. പട്ടിക സംബന്ധിച്ചുള്ള പരാതി സ്വീകരിക്കാൻ സ‍ൗകര്യം ഒരുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകും. മണ്ഡലം അടിസ്ഥാനത്തിൽ രാഷ്ട്രീയ പാർട്ടികൾക്കും പട്ടിക ലഭ്യമാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. 23ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ എന്യൂമറേഷൻ ഫോം ഒപ്പിട്ട മുഴുവൻ പേരുമുണ്ടാകും.

കണ്ടെത്താനാകാത്തവരുടെ പട്ടിക പ്രത്യേകം നൽകും. കരട് പ്രസിദ്ധീകരിക്കുമ്പോൾ ഹിയറിങ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കി മാധ്യമങ്ങളിൽ വിശദമായ പരസ്യം നൽകും. 2002ലെയും 2025ലെയും വോട്ടർ പട്ടികയിൽ പേരില്ലാത്തവരിൽ, 2002ലെ പട്ടികയിൽ മാതാപിതാക്കളുടെ പേരും ഇല്ലാത്തവർക്കാണ് ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകുകയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. എന്യൂമറേഷൻ ഫോം വിതരണം 100% പൂർത്തീകരിച്ചു. 98% മാപ്പിങ് ചെയ്യാൻ കഴിയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Exit mobile version