Site iconSite icon Janayugom Online

വടക്കുപുറത്തുപാട്ടിന് കുത്തുവിളക്കുമായി എത്തുന്ന മുഴുവന്‍ പേര്‍ക്കും പ്രദക്ഷിണത്തിന് ദേവസ്വം ബോര്‍ഡ് അനുമതി

മഹാദേവ ക്ഷേത്രത്തിലെ വടക്കുപുറത്തുപാട്ടുമായി ബന്ധപ്പെട്ട് വടക്കേനടയിലെ കൊച്ചാലുംചുവട് ഭഗവതി സന്നിധിയില്‍ നിന്നുള്ള എതിരേല്‍പില്‍ വ്രതം നോറ്റ് കുത്തുവിളക്കുമായി എത്തുന്ന മുഴുവന്‍ സ്ത്രീകള്‍ക്കും ഭദ്രകാളിയുടെ കളത്തില്‍ പ്രദക്ഷിണം വയ്ക്കാന്‍ അനുമതി നല്‍കി ദേവസ്വം ബോര്‍ഡ്. ഇതിനായി ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍ കെ.ആര്‍ ശ്രീലത, വടക്കുപുറത്തുപാട്ട് സ്പെഷ്യല്‍ ഓഫീസര്‍ ഗണേശ്വരന്‍ പോറ്റി എന്നിവരെ ചുമതലപ്പെടുത്തി. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി വര്‍ഷത്തില്‍ ക്ഷേത്രത്തിലെ ചടങ്ങുകളില്‍ ജാതി തിരിച്ചുള്ള പങ്കാളിത്തം പൂര്‍ണമായി ഒഴിവാക്കിയതായും ഉത്തരവില്‍ പറയുന്നു. ബുധനാഴ്ച ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പി.എസ് പ്രശാന്ത് നേരിട്ടെത്തി കാര്യങ്ങള്‍ വിലയിരുത്തിയിരുന്നു. 

2013ലെ വടക്കുപുറത്തുപാട്ട് വരെ എതിരേല്‍പ് നടക്കുന്ന 12 ദിവസങ്ങളില്‍ വിവിധ ജാതിസംഘടനകള്‍ 64 കുത്തുവിളക്കുകള്‍ എടുക്കുന്നതായിരുന്നു പതിവ്. ഇത്തവണ ജാതി തിരിച്ചുള്ള എതിരേല്‍പ് ഒഴിവാക്കി വ്രതശുദ്ധിയോടെ എത്തുന്ന എല്ലാ സ്ത്രീകള്‍ക്കും എതിരേല്‍പില്‍ കുത്തുവിളക്ക് എടുക്കാനുള്ള അനുവാദം ബോര്‍ഡ് നല്‍കിയിരുന്നു. എന്നാല്‍, കോടി അര്‍ച്ചന വടക്കുപുറത്തുപാട്ട് കമ്മിറ്റി വിവിധ ജാതിയില്‍പ്പെട്ട 64 സ്ത്രീകളെ കണ്ടെത്തുകയും അവര്‍ക്ക് പ്രത്യേക തിരിച്ചറിയില്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. ഈ 64 പേര്‍ക്ക് കളത്തിന് പ്രദക്ഷിണം വയ്ക്കാനും വിളക്ക് സമര്‍പ്പിക്കാനും അനുമതി നല്‍കി. മറ്റുള്ളവര്‍ കളത്തിനു മുമ്പില്‍ എത്തി മടങ്ങുകയായിരുന്നു. ഇതിനെതിരെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനുള്‍പ്പെടെ ഭക്തജനങ്ങങ്ങള്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രസിഡന്റ് നേരിട്ടെത്തി കാര്യങ്ങള്‍ മനസിലാക്കി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച നടന്ന എതിരേല്‍പില്‍ കുത്തുവിളക്കുമായി എത്തിയ മുഴുവന്‍ സ്ത്രീകളും ഭദ്രകാളിയുടെ കളത്തില്‍ പ്രദക്ഷിണം വെച്ചു.

Exit mobile version