Site icon Janayugom Online

വികസിത ഇന്ത്യ:സത്യവും മിഥ്യയും

2023 ഒക്ടോബറിൽ പുറത്തുവന്ന ’ ‘ആഗോള വിശപ്പ് സൂചിക’യിൽ പഠനവിധേയമായ 125 രാഷ്ട്രങ്ങളിൽ ഇന്ത്യയുടെ സ്ഥാനം 111 ആണ്. ഇത് കഴിഞ്ഞവർഷത്തേതിൽനിന്നും നാല് സ്ഥാനം പിന്നിലാണ്. 2022ൽ പഠനവിധേയമായ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2021ൽ 116 രാജ്യങ്ങളിൽ 101-ാം സ്ഥാനത്തായിരുന്നു. സൂചികയിൽ ഇന്ത്യയുടെ സ്കോർ 28.7 ആണ്. 20 മുതൽ 34.9 വരെയുള്ള സ്കോർ നില ഗുരുതരമായ വിശപ്പിനെയാണ് അടയാളപ്പെടുത്തുന്നത്.

ജർമ്മനിയിലെ ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന സർക്കാരിതര സംഘടനയായ ‘വെൽത്തുംഗർഹിൽഫും’ ഐറിഷ് സംഘടനയായ ‘കൺസേൺ വേൾഡ് വൈഡ്’ ഉം ചേർന്നാണ് എല്ലാവർഷവും ഒക്ടോബർമാസത്തിൽ ആഗോള വിശപ്പ് സൂചിക പുറത്തിറക്കുന്നത്. അംഗീകൃത ഗവേഷണ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സമാന സംഘടനകളുടെ പരിശോധനയ്ക്കുശേഷമാണ് അവ പ്രസിദ്ധികരിക്കുന്നത്. ഇന്ത്യയുടെ കേന്ദ്ര സർക്കാർ പതിവുപോലെ ഈ റിപ്പോർട്ടും അംഗീകരിക്കുന്നില്ല. തെറ്റായ വിവരം, തെറ്റായ മാനദണ്ഡങ്ങൾ, രാജ്യത്തിന്റെ യശസ്സിനെ കളങ്കപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം തുടങ്ങിയ പതിവ് വാദഗതികൾ ഉന്നയിച്ചാണ് ഈ റിപ്പോർട്ടും സർക്കാർ തള്ളിക്കളയുന്നത്.

ആരോഗ്യവുമായി ബന്ധപ്പെട്ട നാല് ഘടകങ്ങൾ സൂചകങ്ങളായി സ്വീകരിച്ചാണ് ആഗോള വിശപ്പ് സൂചിക തയ്യാറാക്കുന്നത്. അതിനായി പഠിതാക്കൾ, ദേശീയ സര്‍ക്കാരുകൾ, വിവിധ ഐക്യരാഷ്ട്രസഭാ ഏജൻസികൾ എന്നിവയുടെ അംഗീകൃത വിവരശേഖരത്തെയാണ് ആശ്രയിക്കുന്നത്. ഒന്ന്-മതിയായ കലോറിയുള്ള ഭക്ഷണം ലഭിക്കാത്തവർ, രണ്ട്- അഞ്ചുവയസിൽ താഴെയുള്ള, പ്രായത്തിനനുസൃതമായി ഉയരമില്ലാത്ത കുട്ടികൾ, മൂന്ന്- ഉയരത്തിന് അനുസൃതമായി ഭാരമില്ലാത്ത അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ, നാല് ‑അഞ്ചുവയസ് പൂർത്തിയാവും മുമ്പ് മരിക്കുന്ന കുട്ടികൾ (ഇവയില്‍ മൂന്നും ഗുരുതരമായ പോഷകാഹാരക്കുറവും അനാരോഗ്യകരമായ ജീവിത സാഹചര്യങ്ങളെയുമാണ് പ്രതിഫലിപ്പിക്കുന്നത്) എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള വിശപ്പ് സൂചിക തയ്യാറാക്കിയിട്ടുള്ളത്.

2021 സെപ്റ്റംബർ 21ന് പുറത്തുവിട്ട ഇന്ത്യയുടെ അഞ്ചാമത് ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് പരിശോധിച്ചാൽ ആഗോള വിശപ്പ് സൂചികയിലെ കണക്കുകളുമായി ആ കണ്ടെത്തലുകൾ പൊരുത്തപ്പെടുന്നതായി കാണാം. എന്താണ് ഇക്കാര്യത്തിൽ ദേശീയ കുടുംബാരോഗ്യ സർവേയ്ക്ക് പറയാനുള്ളതെന്ന് നോക്കുക. ഒന്ന്- ഇന്ത്യയിലെ അഞ്ച് വയസിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ 35.5 ശതമാനവും പ്രായത്തിനനുസരിച്ച് ഉയരമില്ലാത്ത വളർച്ചാ മുരടിപ്പ് നേരിടുന്നവരാണെന്ന് 2019–21ലെ ദേശീയ കുടുബരോഗ്യ സർവേ വ്യക്തമാക്കുന്നു. ഈ പ്രായത്തിലുള്ള കുട്ടികളിൽ 67.1ശതമാനവും വിളർച്ചാരോഗ ബാധിതരാണ്. രണ്ട്- അഞ്ചുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളിൽ 19.3 പേർ ഉയരത്തിനനുസരിച്ച് ഭാരമില്ലാത്തവരാണ്. അവരിൽ 7.7 ശതമാനം പേർ വളർച്ചാക്ഷയം നേരിടുന്നു. ഇതിൽ 3.4 ശതമാനം പേർ ആനുപാതികമല്ലാത്ത പൊണ്ണത്തടിയുടെ പ്രശ്നവും നേരിടുന്നു. മൂന്ന്- രാജ്യത്ത് ജനിക്കുന്ന ആയിരം കഞ്ഞുങ്ങളിൽ 41.9 പേർ അഞ്ചുവയസ് പൂർത്തിയാകുംമുമ്പേ മരിക്കുന്നു. ആഗോളതലത്തിൽ ഇത് 39 ആണെന്ന് ലോകാരോഗ്യ സംഘടന കണക്കാക്കുന്നു. ഇന്ത്യയിൽ 24.9 ശിശുക്കൾ ജനനസമയത്തുതന്നെ മരിക്കുന്നു. 35.2 ശതമാനവും ശൈശവാവസ്ഥയെ അതിജീവിക്കുന്നില്ല.

മതിയായ കലോറിയുള്ള ഭക്ഷണത്തിന്റെ അഭാവം രാജ്യത്തെ സ്ത്രീപുരുഷന്മാരുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെ ദേശീയ കുടുംബാരോഗ്യ സർവേ എപ്രകാരം വിലയിരുത്തുന്നു എന്ന് പരിശോധിക്കാം. ഒന്ന്: 15–49 പ്രായപരിധിയിലുള്ള 18.7 ശതമാനം സ്ത്രീകളും 16.2 ശതമാനം പുരുഷന്മാരും അവശ്യം വേണ്ട ഭാരം ഇല്ലാത്തവരാണ്. ഇതേ പ്രായക്കാരായ സ്ത്രീകളിൽ 24 ശതമാനവും പുരുഷന്മാരിൽ 22.9 ശതമാനവും അമിതഭാരത്തിന്റെ പ്രശ്നം നേരിടുന്നു.

രണ്ട്: സ്ത്രീകളിൽ 56.7 ശതമാനത്തിന്റെയും പുരുഷന്മാരിൽ 47.7 ശതമാനത്തിന്റെയും ശരീരത്തിന്റെ മധ്യഭാഗവും അരക്കെട്ടും തമ്മിലുള്ള അനുപാതം ആരോഗ്യകരമല്ല. മൂന്ന്: സ്ത്രീകളിൽ 13.5 ശതമാനവും പുരുഷന്മാരിൽ 15.6 ശതമാനവും ഉയർന്നതും വളരെ ഉയന്ന തോതിലുമുള്ള പ്രമേഹം ഉള്ളവരാണ്. നാല്: സ്ത്രീകളിൽ 21.3 ശതമാനവും പുരുഷന്മാരിൽ 24 ശതമാനവും രക്താതിസമ്മർദം ഉള്ളവരാണ്. അഞ്ച്: സ്ത്രീകളിൽ 57 ശതമാനവും പുരുഷന്മാരിൽ 25 ശതമാനവും വിളർച്ചാബാധിതരാണ്. 15–19 പ്രായപരിധിയിലുള്ള പെണ്‍കുട്ടികളില്‍ 59.1 ശതമാനവും ആൺകുട്ടികളിൽ 31.1ശതമാനവും വിളർച്ചാബാധിതരാണ്.

മോഡി സര്‍ക്കാര്‍ അധികാരമേറ്റശേഷമാണ് വിശപ്പ് സൂചികയില്‍ കുത്തനെ പിന്നിലേക്ക് പോയത്. 2014ല്‍ 76 രാജ്യങ്ങളില്‍ 55 ആയിരുന്നു ഇന്ത്യയുടെ വിശപ്പ് സൂചികാസ്ഥാനം. 2015 ല്‍ ഇത് 97 ആയി ഇടിഞ്ഞു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലെല്ലാം രാജ്യത്തിന്റെ അവസ്ഥ കൂടുതല്‍ പിന്നിലേക്കായി.

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള ആരോഗ്യ‑കുടുബക്ഷേമ മന്ത്രാലയത്തിന്റെ ദേശീയ കുടുംബാരോഗ്യ സർവേയുടെ കണക്കുകളുടെ വെളിച്ചത്തിൽ ആരാണ് കള്ളം പറയുന്നതെന്ന് ജനം തീരുമാനിക്കട്ടെ. ഒരു രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നിർണയിക്കുന്നതിൽ ആരോഗ്യം സുപ്രധാന ഘടകമാണ്. രോഗാതുരമായ ഒരു ജനാവലിയുമായാണ് ഇന്ത്യ വികസിത രാഷ്ട്രമെന്ന ലക്ഷ്യത്തിലേക്ക് കിതച്ച് നീങ്ങുന്നത്.

Eng­lish Sum­ma­ry: Devel­oped India: Truth and Myth

You may also like this video

Exit mobile version