കഴിഞ്ഞ പത്തുവര്‍ഷത്തെ കേരളത്തിന്റെ വികസനക്കുതിപ്പ് പ്രതിപക്ഷത്തെ നിരായുധരും പരിഭ്രാന്തരുമാക്കിയിരിക്കുകയാണെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം കെ പി രാജേന്ദ്രന്‍ പറഞ്ഞു. എഐടിയുസി ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പ്രയോഗിക്കാന്‍ ആയുധങ്ങള്‍ നഷ്ടപ്പെട്ട പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇല്ലാക്കഥകള്‍ പറഞ്ഞും മന്ത്രിമാരെ വ്യക്തിഹത്യ നടത്തിയും സാമുദായിക ചേരിതിരിവിന് ഇന്ധനംപകരുകയാണ്. താന്‍ പ്രതിപക്ഷ നേതാവാണ് എന്ന കാര്യംപോലും അദ്ദേഹം മറന്നുപോകുന്നു. മന്ത്രി വി ശിവന്‍കുട്ടിയെപ്പോലെപ്രഗത്ഭനായ ട്രേഡ് യൂണിയന്‍ നേതാവിനെ വ്യക്തിഹത്യ നടത്തുന്ന സതീശന് സ്ഥലകാല ബോധം നഷ്ടമായതായി സംശയിക്കേണ്ടിയിരിക്കുന്നു.
എല്ലാ കാലത്തും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കേരളത്തില്‍ വീണ്ടും അധികാരത്തില്‍ വരുമെന്ന് ഉറപ്പാണ്. തൊഴിലാളികളുടെ നിലനില്‍പ്പു തന്നെ ചോദ്യം ചെയ്യുന്ന നിലയിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ സമീപനങ്ങള്‍ മാറിക്കഴിഞ്ഞു. ഫെബ്രുവരി 12ന് നടക്കാന്‍ പോകുന്ന പണിമുടക്കില്‍ ബിഎംഎസ് ഒഴികെ മറ്റെല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കോടിക്കണക്കിന് തൊഴിലാളികള്‍ പങ്കാളികളാകും. കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ തിരുത്തുന്നതുവരെ ശക്തമായ പോരാട്ടങ്ങള്‍ക്ക് എഐടിയുസി നേതൃത്വം നല്‍കുമെന്നും കെ പി രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
എഐടിയുസി ജില്ലാ പ്രസിഡന്റ് വി എസ് പ്രിന്‍സ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി കെ ജി ശിവാനന്ദന്‍ ജനപ്രതിനികളെ ആദരിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി ടി കെ സുധീഷ് പ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു. എഐടിയുസി ജില്ലാഭാരവാഹികളായ എം രാധാകൃഷ്ണന്‍, വി ആര്‍ മനോജ്, പി കെ കൃഷ്ണന്‍, പി ഡി റെജി, ലളിത ചന്ദ്രശേഖരന്‍, ടി ആര്‍ ബാബുരാജ്, രാഗേഷ് കണിയാംപറമ്പില്‍, കെ എം ജയദേവൻ, വി കെ ലതിക തുടങ്ങിയവര്‍ സംസാരിച്ചു. പി ശ്രീകുമാര്‍ സ്വാഗതവും കെ എൻ രഘു നന്ദിയും പറഞ്ഞു.

