എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലെന്നും സംസ്ഥാനത്ത് നടപ്പിലാക്കിയ വികസന ക്ഷേമ പ്രവർത്തനങ്ങൾ അടുത്ത കാലത്തായി മറ്റൊരു സർക്കാരും നടത്തിയിട്ടില്ലെന്നും മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ (കെജിഒഎഫ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
വിദ്യാഭ്യാസ, ആരോഗ്യ മേഖല രാജ്യത്തിന് തന്നെ മാതൃകയായി മാറിയെന്നത് നമുക്ക് എല്ലാവർക്കും അഭിമാനിക്കാവുന്നതാണ്. എല്ലാ മേഖലയിലും സമഗ്ര വികസനം നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചു. ഒമ്പതര വർഷക്കാലം കേരളം ഭരിച്ച് കൊണ്ടിരിക്കുന്ന എൽഡിഎഫ് സർക്കാർ പ്രകടന പത്രികയിലെ എല്ലാ കാര്യങ്ങളും നടപ്പിലാക്കി മുന്നോട്ട് പോകുകയാണ്. എല്ലാവർക്കും വീട്, ഭൂമി എന്ന വാക്ക് പാലിച്ചു. പട്ടയമില്ലാത്ത ലക്ഷക്കണക്കിനാളുകൾക്ക് പട്ടയം വിതരണം ചെയ്തു. അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ മാറ്റാൻ എൽഡി എഫ് സർക്കാരിന് സാധിച്ചു. ഈ സർക്കാരിന്റെ കാലത്ത് നിരവധി സ്വയം സംരംഭങ്ങൾ ആരംഭിച്ചു. സ്ത്രീശാക്തീകരണ രംഗത്ത് സംസ്ഥാനം വലിയ മുന്നേറ്റം നടത്തി കൊണ്ടിരിക്കുന്നു. ഇന്ത്യൻ രാഷ്ട്രപതി തന്നെ കേരളത്തിൽ വന്നപ്പോൾ ഇത് ശരിവയ്ക്കുന്ന സാഹചര്യം ഉണ്ടായെന്നും അവര്‍ പറഞ്ഞു.
സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയും സ്വാഗത സംഘം ചെയർമാനുമായ സി പി സന്തോഷ് കുമാർ അധ്യക്ഷനായി. എഐടിയുസി ജില്ലാ പ്രസിഡന്റ് എം ഗംഗാധരൻ, കെജിഒഎഫ് പ്രസിഡന്റ് കെ ആർ ബിനു പ്രശാന്ത്, ജനറല്‍ സെക്രട്ടറി വി എം ഹാരിസ്, എം എസ് വിമൽ കുമാർ, കെ ബി ബിജു കുട്ടി, ഇ പ്രമോദ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സാംസ്കാരിക സന്ധ്യയിൽ അലോഷി ആദം അവതരിപ്പിച്ച ഗസൽ സന്ധ്യയും അരങ്ങേറി. ഇന്ന് രാവിലെ 10.30ന് ദിനേശ് ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കെ ആർ ബിനു പ്രശാന്ത് പതാക ഉയർത്തും. ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആർ അനിൽ മുഖ്യപ്രഭാഷണം നടത്തും. സിപിഐ ദേശീയ എക്സിക്യൂട്ടിവ് അംഗം കെ പി രാജേന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, അധ്യാപക സർവീസ് സംഘടന സമരസമിതി കൺവീനർ കെ പി ഗോപകുമാർ, ചെയർമാൻ ഒ കെ ജയകൃഷ്ണൻ എന്നിവര്‍ പ്രസംഗിക്കും. വൈകിട്ട് നാലിന് സംസ്ഥാന വൈസ് പ്രസിഡന്റ് ഇ വി നൗഫലിന്റെ അധ്യക്ഷതയിൽ സുഹൃത്ത് സമ്മേളനം. ആറുമണിക്ക് സാംസ്കാരികസമ്മേളനം സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും.

