Site iconSite icon Janayugom Online

മലബാർ വികസനം; ഇന്റർനാഷണൽ പോർട്ട് ആന്റ് സെസ് ലിമിറ്റഡിന് അംഗീകാരം

മലബാർ ഇന്റർ നാഷണൽ പോർട്ട് ആന്റ് സെസ് ലിമിറ്റഡിന്റെ കരട് പദ്ധതി റിപ്പോർട്ടിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് (സിഎംഡി) തയ്യാറാക്കി സമർപ്പിച്ച സാമ്പത്തിക ഘടനാ റിപ്പോർട്ട് അംഗീകരിച്ച് നടപടി സ്വീകരിക്കും. പദ്ധതിയുടെ തുടര്‍ന്നുള്ള ഘട്ടങ്ങളിലെ വികസനത്തില്‍ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാതിരിക്കാന്‍ ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം, തുടക്കം മുതല്‍ തന്നെ സര്‍ക്കാരിന് പങ്കുവയ്ക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വയബിലിറ്റി ഗ്യാപ് ഫണ്ടിങ് (വിജിഎഫ്) ലഭ്യമാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
സംസ്ഥാന തുറമുഖ വകുപ്പിന് കീഴിൽ നടപ്പാക്കുന്ന പ്രധാന പദ്ധതിയാണ് കണ്ണൂർ അഴീക്കൽ അന്താരാഷ്ട്ര ​ഗ്രീൻഫീൽഡ് പോർട്ടും അതോടനുബന്ധിച്ച് ഇൻഡസ്ട്രിയൽ പാർക്ക് / പ്രത്യേക സാമ്പത്തിക മേഖലകൾ എന്നിവയുടെ വികസനവും. ഇതിനായി മലബാർ ഇന്റർനാഷണൽ പോർട്ട് ആന്റ് സെസ് ലിമിറ്റഡ് എന്ന പേരിൽ പ്രത്യേക കമ്പനി മുഖ്യമന്ത്രി ചെയർമാനായി രൂപീകരിച്ചിട്ടുണ്ട്. 14.1 മീറ്റർ ആഴമുള്ളതും 8000–75,000 ഡിഡബ്ല്യുടി അല്ലെങ്കിൽ 5000 ടിഇയു വരെ ശേഷിയുള്ള കണ്ടെയ്നർ കപ്പലുകൾക്ക് എത്തിച്ചേരാൻ സാധിക്കുന്നതരത്തിലുള്ള തുറമുഖ വികസനവും വ്യവസായ പാർക്കുകൾ / പ്രത്യേക സാമ്പത്തിക മേഖലകൾ തുടങ്ങിയവ വഴി മലബാറിന്റെ വ്യവസായ വാണിജ്യ വികസനത്തിനുമാണ് പദ്ധതി ലക്ഷ്യംവയ്ക്കുന്നത്. 

ഭൂമിയേറ്റെടുക്കല്‍, പുനരധിവാസം, ബ്രേക്ക് വാട്ടര്‍ നിര്‍മ്മാണം, യൂട്ടിറ്റിലിറ്റി ചെലവുകള്‍, കണ്‍സള്‍ട്ടന്‍സി പ്രോജക്ട് മാനേജ്‌മെന്റ് എന്നിവയ്ക്കായി കഴിഞ്ഞ ബജറ്റില്‍ 9.65 കോടി രൂപ വകയിരുത്തിയിരുന്നു. സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളിലേക്കുള്ള ചരക്ക് ഗതാഗതം സുഗമമാക്കുന്നതിനൊപ്പം വിവിധ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ക്രൂയിസ് ടൂറിസവും നടപ്പിലാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
വിശദമായ മണ്ണ് പരിശോധന (ജിയോ ടെക്നിക്കൽ ഇൻവെസ്റ്റിഗേഷൻ) പൂർത്തിയാക്കി. അന്തിമ റിപ്പോർട്ട് 2022 ജനുവരിയിൽ ലഭിച്ചിട്ടുണ്ട്. സാങ്കേതിക കൺസൾട്ടന്റ് സമർപ്പിച്ച ഡിസൈൻ റിപ്പോർട്ട് പ്രകാരം പുലിമുട്ട് ഡിസൈൻ മാറ്റങ്ങൾ വരുത്തേണ്ടതാണെന്ന് കണ്ടു. ഐഐടി മദ്രാസ് പരിശോധിച്ച് പുതിയ ശുപാർശകളോടെ ഡിസൈൻ റിപ്പോർട്ട് സാങ്കേതിക കൺസൾട്ടന്റ് തയ്യാറാക്കി. വിശദമായ പാരിസ്ഥിതിക പഠനങ്ങളും നടപടിക്രമങ്ങളും പുരോഗമിച്ചു വരികയാണ്. 

കയറ്റുമതി — ഇറക്കുമതി വ്യാപാരം വർധിപ്പിക്കുന്നതിനും തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക വികസനത്തിനും പദ്ധതികൾ വിഭാവനം ചെയ്തിട്ടുണ്ട്. ഇതിനായി ടാറ്റ കൺസൾട്ടിങ് എൻജിനീയേഴ്സ് ലിമിറ്റഡ് പ്രത്യേക സാമ്പത്തിക മേഖലകളുടെ പരിശോധനാ റിപ്പോർട്ട് 2021 മാർച്ചിലും ഹിന്റര്‍ലാൻഡ് ബിസിനസ് പൊട്ടൻഷ്യൽ റിപ്പോർട്ട് 2022 മാർച്ചിലും സമർപ്പിച്ചിരുന്നു. വ്യവസായ പാര്‍ക്കുകളുടെ വികസനത്തിനും മറ്റുമായി കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഭൂമി ഏറ്റെടുക്കുന്നതിനും കൈമാറുന്നതിനുമുള്ള പ്രാരംഭ നടപടികളും മാസ്റ്റര്‍പ്ലാനും തയ്യാറാക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. 

Exit mobile version