നവകേരളത്തിന്റെ വികസന വിസ്മയമായി മാറിക്കഴിഞ്ഞ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാം ഘട്ട നിർമ്മാണം ഇന്ന് ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ വികസനോന്മുഖമായ ഇടപെടലുകളുടെ ഫലമായി തുറമുഖത്തിന്റെ, 2045‑ൽ പൂർത്തിയാക്കേണ്ടിയിരുന്ന സമ്പൂർണ വികസനം 2028 ഓടെ യാഥാർത്ഥ്യമാക്കുവാൻ ഒരുങ്ങുകയാണ്. കൺസഷണയറുമായി 2023ൽ ഏർപ്പെട്ട സപ്ലിമെന്ററി കണ്‍സഷൻ കരാർ പ്രകാരമാണ് തുറമുഖത്തിന്റെ രണ്ട് മുതല്‍ നാല് വരെ ഘട്ടങ്ങൾ 17 വർഷങ്ങൾക്കു മുമ്പേ സംയോജിതമായി വികസിപ്പിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. തുറമുഖം പ്രവർത്തനം ആരംഭിച്ച് ഒരു വർഷം കഴിഞ്ഞപ്പോൾ തന്നെ 710 കപ്പലുകളിൽ നിന്നും 15.13 ലക്ഷം ടിഇയു കൈകാര്യം ചെയ്തുകൊണ്ട് മികച്ച പ്രവർത്തന മികവ് കാഴ്ചവയ്ക്കുകയും, യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ തുടങ്ങിയ വൻകരകളിലെ പ്രമുഖ തുറമുഖങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുവാന്‍ ഈ ചുരുങ്ങിയ കാലയളവിനുള്ളിൽ സാധിക്കുകയും ചെയ്തു. ആഗോള സമുദ്രാധഷ്ഠിത ചരക്കുനീക്കത്തിൽ ഒരു സുപ്രധാന കണ്ണിയായും, ദക്ഷിണേഷ്യയുടെ ഒരു തന്ത്രപ്രധാന വാണിജ്യ കവാടമായും വിഴിഞ്ഞം തുറമുഖം ഇതിനോടകം മാറിക്കഴിഞ്ഞു. ഇന്ത്യയിലെ ആദ്യ ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര ആഴക്കടൽ തുറമുഖത്തിന്റെ ഒന്നാം ഘട്ടം (10 ലക്ഷം ടിഇയു കണ്ടെയ്നർ വാർഷിക സ്ഥാപിത ശേഷി) 2024 ഡിസംബർ മൂന്നിന് പ്രവർത്തനക്ഷമമാവുകയും തുറമുഖത്തിന്റെ വാണിജ്യ പ്രവർത്തനങ്ങൾ വിജയകരമായി പുരോഗമിക്കുകയുമാണ്.
ഈ വിജയഗാഥയുടെ തുടർച്ചയെന്നോണം തുറമുഖ വികസനത്തിന്റെ തുടർ ഘട്ടങ്ങൾ അതിവേഗം നടപ്പിലാക്കുവാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തിൽ തുറമുഖ ശേഷി 10 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു വരെ ഉയരും. ബെർത്ത് 800 മീറ്ററിൽ നിന്ന് 2,000 മീറ്റർ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടർ മൂന്ന് കിലോമീറ്ററിൽ നിന്ന് നാല് കിലോമീറ്റർ ആയി വികസിപ്പിക്കും. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തുറമുഖ മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്ര തുറമുഖ, ഷിപ്പിങ് ആന്റ് വാട്ടർവേയ്സ് മന്ത്രി സർബാനന്ദ സോനോവാൾ മുഖ്യതിഥിയായിരിക്കും. ചടങ്ങിൽ മന്ത്രിമാരായ കെ രാജൻ, ജി ആർ അനിൽ, വി ശിവൻകുട്ടി, കെ എൻ ബാലഗോപാൽ, സജി ചെറിയാൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മേയർ അഡ്വ. വി വി രാജേഷ്, എംപിമാരായ ഡോ. ശശി തരൂർ, എ എ റഹിം, ഡോ. ജോൺ ബ്രിട്ടാസ്, അടൂർ പ്രകാശ്, എംഎൽഎമാരാരായ എം വിൻസന്റ്, വി ജോയി, ഒ എസ് അംബിക, വി ശശി, ഡി കെ മുരളി, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത്, ജി സ്റ്റീഫൻ, സി കെ ഹരീന്ദ്രൻ, ഐ ബി സതീഷ്, കെ ആൻസലൻ, കരൺ അഡാനി തുടങ്ങിയവര്‍ പങ്കെടുക്കും.

