Site iconSite icon Janayugom Online

കള്ളങ്ങള്‍ ചുമന്ന് കഴുത്തൊടിഞ്ഞ മോഡി

കള്ളം പറയുന്നവനെ നമ്മള്‍ കള്ളനെന്നല്ലേ വിളിക്കാറ്. കക്കുന്നവനെയും നാം കള്ളനെന്ന് വിളിക്കും. ഇതുരണ്ടും കൂടി ചേരുന്നവനാണ് പെരുങ്കള്ളന്‍. പക്ഷെ ഏതെങ്കിലും കള്ളന്‍ മാനനഷ്ടത്തിന് കേസ് കൊടുത്തതായി ചരിത്രമുണ്ടോ! ഇത് വായിച്ചു കഴിയുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് ഓടിക്കയറുന്നത് സാക്ഷാല്‍ മോഡിയല്ലേ. പെരുങ്കള്ളനെന്നു വിളിച്ച് അയോഗ്യത വിളിച്ചുവരുത്താന്‍ മനസില്ല. അതുകൊണ്ട് കള്ളന്‍ പവിത്രന്‍ എന്നു വിളിക്കുന്നു. ഇഷ്ടമായില്ലെങ്കില്‍ ‘ന്നാ താന്‍ പോയി കേസുകൊട്. ഒരാളെ അപമാനിക്കുന്നതിനെക്കാള്‍ ഭീകരമായ കുറ്റമാണ് ജീവിതാവസാനം വരെ കള്ളം പറയുന്നത്. അസത്യങ്ങളുടെ മഹാഭാരവും വഹിച്ചുകൊണ്ട് ചുടലയിലേക്ക് നടന്നടുക്കുന്ന മനുഷ്യനെക്കുറിച്ച് രവീന്ദ്രനാഥ ടാഗോര്‍ എഴുതിയത് മോഡിയെക്കുറിച്ചാണോ. രാഹുല്‍ഗാന്ധിയെ ലോക്‌സഭാംഗത്വത്തില്‍ നിന്നും അയോഗ്യനാക്കിയതിന് കാരണമായി പറയുന്ന ആരോപണങ്ങള്‍ തന്നെ കല്ലുവയ്ക്കാത്ത നുണകളാണ്. ഇന്ത്യന്‍ പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ മേധാവിയായിരുന്ന ലളിത് മോഡി ശതകോടികളുമായി യുകെയിലേക്ക് മുങ്ങി. നീരവ് മോഡി എന്ന സ്വര്‍ണക്കച്ചവടക്കാരന്‍ 13,000 കോടി രൂപ പഞ്ചാബ് നാഷണല്‍ ബാങ്കിനെ തട്ടിച്ച് വിദേശത്തേക്ക് കടന്നു. കള്ളന്മാരുടെയെല്ലാം പേരിനൊപ്പം മോഡിയെന്നു വരുന്നതെന്തുകൊണ്ടാണെന്ന് രാഹുല്‍ ചോദിച്ചപ്പോള്‍ അത് തന്നെപ്പറ്റിയാണ്, തന്നെപ്പറ്റി മാത്രമാണെന്നാണ് കള്ളന്‍ പവിത്രന്റെ വാദം. കള്ളനെ കള്ളനെന്നുപോലും വിളിച്ചാല്‍ പിടിച്ച് അകത്തിടുന്ന കാലം.

ങ്ങനെയെങ്കില്‍ നരേന്ദ്രമോഡിയെ എത്രതവണ പിടിച്ച് അകത്തിടണമായിരുന്നു. 1950 സെപ്റ്റംബര്‍ 17നാണ് മോഡി ഭൂജാതനായതെന്നാണ് ജാതകം. അദ്ദേഹം കല്യാണം കഴിച്ചതിനെക്കുറിച്ചുപോലും കള്ളം പറയുന്നു. 2001 മുതലുള്ള നാല് തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോള്‍ താന്‍ വിവാഹിതനല്ലെന്നായിരുന്നു നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തില്‍ പറഞ്ഞത്. 2014ലെ സത്യവാങ്മൂലത്തില്‍ താന്‍ വിവാഹിതനാണെന്ന് സത്യം പറഞ്ഞു. 1968ല്‍ നടന്ന വിവാഹം മറച്ചുവയ്ക്കാന്‍ എത്ര കള്ളങ്ങളാണ് വാരിവിതറിയത്. ഓരോ സ്ഥലത്ത് ചെല്ലുമ്പോഴും അവിടത്തുകാരെ സുഖിപ്പിക്കാന്‍ ഓരോ കള്ളം വിളമ്പും. കര്‍ണാടകയിലെ കുടകാണ് ഇന്ത്യന്‍ കരസേനാ മേധാവിയായ ജനറല്‍ കെ എസ് തിമ്മയ്യയുടെ ജന്മദേശം. സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യന്‍ കരസേനാ മേധാവിയായിരുന്ന തിമ്മയ്യയെ പ്രധാനമന്ത്രി നെഹ്രുവും അന്നത്തെ പ്രതിരോധമന്ത്രി വി കെ കൃഷ്ണമേനോനും ചേര്‍ന്ന് മാനസികമായി പീഡിപ്പിച്ച് കൊന്നുവെന്നായിരുന്നു മോഡിയുടെ ആരോപണം. ഇത് കേട്ടിട്ടും കുടകുകാരായ സദസ് കയ്യടിച്ചില്ല. കാരണം ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ പ്രതിരോധമന്ത്രി കേണല്‍ ബല്‍ദേവ് സിങ്ങായിരുന്നു. കരസേനാമേധാവി ജനറല്‍ റോയ് ബുച്ചറും. മോഡിയുടെ കള്ളം കേട്ട് കാര്യവിവരമുള്ള കുടകുജനത എങ്ങനെ കയ്യടിക്കും. ബിഹാറില്‍ ചെന്ന് ഒരൊറ്റ കാച്ച്- ഇന്ത്യ ആക്രമിക്കാനെത്തിയ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ തല്ലിയോടിച്ച വീരശൂര പരാക്രമികളാണ് ബിഹാര്‍ ജനത. അലക്സാണ്ടര്‍ തന്റെ ആക്രമണകാലത്ത് ബിഹാറിന്റെ നാലയലത്തുപോലും പോയിട്ടില്ലെന്നത് ചരിത്രം. പാവം ബിഹാറികള്‍ കയ്യടിച്ചതോടെ മോഡി കൊണ്ടുകയറി. ‘നിങ്ങള്‍ക്കറിയാമോ, ബിഹാറികള്‍ വിജ്ഞാനത്തിന്റെ പത്തായപ്പുരകളാണെന്ന്. പുരാതനമായ തക്ഷശില സര്‍വകലാശാല ഇവിടെയാണെന്ന്. അത് പാകിസ്ഥാനിലാണ് കിടക്കുന്നതെന്ന് പാവം ബിഹാറികള്‍ക്കറിയാമോ.

1958ല്‍ ഗുജറാത്തിലെ ഭട്നാകര്‍ റെയില്‍വേസ്റ്റേഷനില്‍ ചായ വിറ്റുനടന്ന താനാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയായതെന്ന് മോഡി ഇടയ്ക്കിടെ വീമ്പിളക്കാറുണ്ട്. പക്ഷെ ഈ സ്റ്റേഷന്‍ നിലവില്‍ വന്നത് 1973ലായിരുന്നു. അതും കള്ളന്‍ പവിത്രന്റെ ഒരു കള്ളക്കഥ. രാഷ്ട്രമീമാംസയില്‍ ബിരുദാനന്തരബിരുദധാരിയെന്ന കള്ളമാണ് മറ്റൊന്ന്. ‘എന്റയര്‍ പൊളിറ്റിക്സ്’ ആണത്രെ വിഷയം . ബ്രഹ്മാണ്ഡത്തില്‍ ഒരു സര്‍വകലാശാലയിലും ഇങ്ങനെയൊരു വിഷയമില്ല. മോഡിയുടെ അധ്യാപകരും സഹപാഠികളുമാരും ഈ ഭൂമുഖത്ത് ജീവിച്ചിരിപ്പുമില്ല. വിവരാവകാശ നിയമമനുസരിച്ച് അന്വേഷിച്ചപ്പോള്‍ ഒരു രേഖയും കാണാനുമില്ല. ഇതിന്റെ മാത്രം പേരില്‍ അയോഗ്യനാക്കേണ്ടതല്ലേ ഈ തസ്കരശ്രീയെ. കാണാന്‍ സാമാന്യം ചന്തമുള്ള രേണുകാ ചൗധരിയെ ശൂര്‍പ്പണഖ എന്ന് വിളിച്ച മോഡിയാണ് മാനനഷ്ടം പറയുന്നത്. അഴിമതിയുടെ പര്യായമാണ് മോഡിയെന്ന് പറഞ്ഞത് പണ്ട് കോണ്‍ഗ്രസുകാരിയായിരുന്ന നടി ഖുശ്ബു. ആ നടിയെ കൂട്ടിക്കൊണ്ടുവന്ന് ബിജെപിക്കാരിയാക്കി; ദേശീയ വനിതാ കമ്മിഷന്‍ അംഗവുമാക്കി ബഹുമാനിച്ചു. അമ്മായി പൊട്ടിച്ചത് മണ്‍ചട്ടി, മരുമകള്‍ പൊട്ടിച്ചത് പൊന്‍ ചട്ടി എന്നാണല്ലോ.

മ്മുടെ ഗ്രാമജീവിതത്തിന്റെ ഭംഗികള്‍ എത്രവേഗമാണ് തകിടംമറിയുന്നത്. ഉദാഹരണം തങ്ങളുടെ കണിയാപുരവും തൊട്ടടുത്ത പെരുമാതുറയും. സെന്റ് വിന്‍സെന്റ് ഹെെസ്കൂളിലെ അധ്യാപകനും എഴുത്തുകാരനുമായിരുന്ന ജെ പി പെരേര സാര്‍ കണിയാപുരത്തെക്കുറിച്ച് പാടിയത് ‘കണിയാപുരമേ സാക്ഷാല്‍ കന്യകാപുരമാണ് നീ’ എന്നായിരുന്നു. അത്ര ശാലീന ഭംഗിയെഴുന്ന ഗ്രാമം. പെരുമാതുറയാണെങ്കില്‍ കടലും കായലും അതിരിടുന്ന തീരഗ്രാമം. കായലിനക്കരെ ചേരമാന്‍ തുരുത്ത്, കൊട്ടാരം തുരുത്ത്, ഉപദ്വീപുകള്‍, മുതലപ്പൊഴി കടലിനെയും കായലിനെയും വേര്‍തിരിക്കുന്നു. തിരകള്‍ തഴുകുന്ന പെരുമാതുറയുടെ കരയില്‍ പണ്ട് അഞ്ച് ശാഖകളുള്ള ഒരു തെങ്ങുണ്ടായിരുന്നു. ഗള്‍ഫ് യുഗം വന്നതോടെ കേരളത്തില്‍ ഏറ്റവുമധികം തൊഴിലാര്‍ത്ഥികള്‍ അങ്ങോട്ട് കുടിയേറിയത് പെരുമാതുറ നിന്നും കണിയാപുരത്തുനിന്നുമായിരുന്നു. അത് ഒരു ദുരന്തത്തിന്റെ തുടക്കമായിരുന്നുവോ. ഇന്ന് പെരുമാതുറ മയക്കുമരുന്നുമാഫിയയുടെ തേര്‍വാഴ്ചയില്‍ അമര്‍ന്നിരിക്കുന്നു. കഴിഞ്ഞ ദിവസം ഇമ്രാന്‍ എന്ന യുവാവ് മയക്കുമരുന്നടിച്ച് മരണത്തിനിരയായതോടെയാണ് പണ്ടത്തെ ഈ മനോഹരതീരം മയക്കുമരുന്നിന്റെ പിടിയിലമര്‍ന്നിരിക്കുന്നുവെന്ന് നാട്ടുകാരറിഞ്ഞത്. കണിയാപുരം കേന്ദ്രീകരിച്ച് കൊലയാളി സംഘങ്ങളും പിടിച്ചുപറിക്കാരും ഓപ്പറേഷന്‍സ് നടത്തുന്നു. ബാങ്കില്‍ നിന്നിറങ്ങിയയാളെ കൊള്ളയടിച്ചത് കഴിഞ്ഞ ദിവസം കണിയാപുരം പള്ളിപ്പുറത്തുനിന്ന്. ദുരന്തങ്ങള്‍ ഈ രണ്ടിടങ്ങളില്‍ മാത്രമല്ല. സംസ്ഥാന വ്യാപകമായി ഗ്രാമങ്ങളില്‍ അവയുടെ സൗകുമാര്യവും ശാലീനതയും ശാന്തിയും മരിച്ചുവീഴുന്ന ഭയാനകാവസ്ഥ.

 

Eng­lish Sam­mury: Modi broke his neck car­ry­ing lies, devi­ka columns 

 

Exit mobile version