Site iconSite icon Janayugom Online

എന്‍മകജെ കേരളത്തിലാണ്…

വിശ്രുത ഭരതനാട്യ നര്‍ത്തകനാണ് സാക്കിര്‍ ഹുസൈന്‍. വിദേശ രാജ്യങ്ങളിലൊക്കെ വേദികളില്‍ ലാസ്യലഹരിയായി പടര്‍ന്ന നര്‍ത്തന പ്രതിഭ. പക്ഷേ ഭരതമുനിയുടെ നാട്യശാസ്ത്രാനുസാരിയായി ചിട്ടപ്പെടുത്തിയ ഭരതനാട്യം അവതരിപ്പിക്കുന്നയാള്‍ മുസല്‍മാനായിപ്പോയി. കേരളത്തില്‍ വാരാണസി സഹോദരന്മാരുടെ ചെണ്ടയ്ക്കൊപ്പം അനവദ്യസുന്ദരമായി കഥകളി പദങ്ങള്‍ ആലപിച്ച കലാമണ്ഡലം ഹൈദരാലിയെപ്പോലെ. അവിടെയും ഹൈദരാലി പാടിയിരുന്നത് ശ്രീകോവിലുകള്‍ക്ക് പുറത്ത്. എന്നാല്‍ സാക്കിര്‍ ഹുസൈന്റെ കഥ അതല്ല. അദ്ദേഹം പല തവണ ശ്രീരംഗത്തെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. നിരവധി പ്രാവശ്യം ശ്രീകോവിലിനുള്ളില്‍ ഭരതനാട്യം അവതരിപ്പിച്ചിട്ടുമുണ്ട്. അതെല്ലാം ആറേഴു വര്‍ഷം മുമ്പ്. ഇക്കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെത്തിയ സാക്കിര്‍ ഹുസൈനെ ക്ഷേത്ര നടത്തുപടിയായ രംഗരാജന്‍ നരസിംഹന്‍ എന്നൊരാള്‍ പുറത്തേക്ക് തള്ളിയിറക്കി കാര്യമായി ദേഹോപദ്രവമേല്‍പ്പിക്കുകയും ചെയ്തു. നര്‍ത്തകന്‍ ഇപ്പോള്‍ ആശുപത്രിയിലാണ്. പാവം ഈ നാട്യ പ്രതിഭയ്ക്കറിയുമോ മോഡിയുടെ മനുധര്‍മ്മമാണിപ്പോള്‍ നാടുവാഴുന്നതെന്ന്. തമിഴക തലസ്ഥാനമായ ചെന്നൈ നഗരിയിലെ ഒരു എല്‍പി സ്കൂളിലെ പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളായ കുരുന്നുകളെ ജാതി തിരിച്ച് പ്രത്യേക ക്ലാസുകളില്‍ ഇരുത്തിയെന്ന മറ്റൊരു വാര്‍ത്തയും പുറത്തുവരുന്നു. ദളിതരെ ജാതിവേലി നിര്‍മ്മിച്ച് വേര്‍തിരിച്ചതും ജാതിമതത്തിനെതിരേ പോരാടി ഇതിഹാസതാരമായ പെരിയോര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ തമിഴകത്ത്. ഇതെല്ലാം അങ്ങ് അയലത്ത്. ഇതു വല്ലതും പ്രബുദ്ധകേരളത്തില്‍ നടക്കുമോ എന്നു ചോദിക്കാന്‍ വരട്ടെ. എന്‍മകജെ എന്നൊരു സ്ഥലമുണ്ട്. അതങ്ങ് യുപിയിലോ ഉത്തരാഖണ്ഡിലോ അരുണാചല്‍പ്രദേശിലോ ആണെന്ന സംശയം തോന്നാം. പക്ഷേ എന്‍മകജെ സാക്ഷാല്‍ കേരളത്തിലെ കാസര്‍കോട്ടാണ്. ഇവിടെ പഡ്രെഗ്രാമത്തിലെ ബദിയാറുജഡാധാരി ക്ഷേത്രത്തിലാണ് ഇപ്പോഴും അയിത്തം കൊടികുത്തിവാഴുന്നത്. ഓരോ പട്ടികജാതിക്കാരെയും ജാതിപ്പേരു വിളിച്ച് അവര്‍ കൊണ്ടുവരുന്ന പാത്രങ്ങളില്‍ ക്ഷേത്ര പ്രസാദമായ ഭക്ഷണം എറിഞ്ഞുകൊടുക്കും. തീണ്ടാപ്പാടകലെ നിന്നു പ്രാര്‍ത്ഥിക്കണം. ക്ഷേത്രത്തിലേക്കുള്ള പൊതുവഴിയില്‍ ദളിതര്‍ക്ക് പ്രവേശനമില്ല. മറ്റൊരു കുടുസായ വഴിയില്‍ ക്ഷേത്രത്തില്‍ നിന്നും ഏറെയകലെ നിന്നുവേണം പ്രാര്‍ത്ഥിക്കാന്‍. ക്ഷേത്രത്തിലേക്കുള്ള കാണിക്ക മേല്‍ജാതിക്കാരന്റെ കയ്യില്‍ എറിഞ്ഞുകൊടുക്കണം. അതില്‍ പിരിവുകാരന്‍ തീര്‍ത്ഥം തളിച്ച് കാണിക്കയെ ശുദ്ധമാക്കും. കീഴാളവര്‍ഗം ജഡാധാരി തെയ്യവും തിറയും കെട്ടിയാടുന്നത് അകലെ നിന്നേ പാടുള്ളു. ഈ അയിത്താചരണത്തിനെതിരേ കൃഷ്ണമോഹന പൊസലു എന്ന ദളിത് യുവാവ് പോരാട്ടം സംഘടിപ്പിച്ചപ്പോള്‍ ക്ഷേത്രത്തിനു തന്നെ താഴിട്ടായിരുന്നു മേലാളര്‍ തിരിച്ചടിച്ചത്. അമ്പലം പൂട്ടിയിട്ട് പൂജകള്‍ മുടക്കി ദേവനെ പട്ടിണിക്കിട്ടിട്ട് ഇതു മൂന്നാം വര്‍ഷം. തുറക്കാത്ത അമ്പലത്തിനു മുന്നിലെത്തി ദളിത് സ്ത്രീകള്‍ കഴിഞ്ഞ ദിവസം പ്രാര്‍ത്ഥന നടത്തി. കേരളത്തില്‍ ക്ഷേത്ര പ്രവേശന വിളംബരം നടന്നത് 1936 നവംബര്‍ 12ന്. ഇതിഹാസ തുല്യമായ ചരിത്രവിളംബരമെന്ന് ഗാന്ധിജി വിശേഷിപ്പിക്കുകയും വിളംബരം നടത്തിയ ശ്രീചിത്തിരതിരുനാള്‍ ബാലരാമ വര്‍മ്മയെ പ്രകീര്‍ത്തിക്കുകയും ചെയ്തിട്ട് 85 വര്‍ഷമായി. ഇപ്പോഴും ‘അയിത്ത ജാതി‘ക്കാരന് അമ്പലത്തില്‍ ആരാധനാനിരാസം. തൃക്കുന്നപ്പുഴയെന്ന ആലപ്പുഴയിലെ ഗ്രാമത്തിലെ ദളിത് സ്ത്രീയായ ചിത്രയുടെ ഒരു കൂരനിര്‍മ്മാണം തടസപ്പെടുത്തിയതും അവിടത്തെ സവര്‍ണര്‍. തങ്ങള്‍ക്കിടയില്‍ ഒരു ദളിത വീടുവച്ചാല്‍ ഇവിടെ ഒരു ഹരിജന്‍ കോളനിയാകുമെന്നു തമ്പേറടിച്ചതും സവര്‍ണ കോമരങ്ങള്‍. ഈയടുത്ത് ഒരു ഹിന്ദു തൊഴില്‍രഹിത യുവാവ് തന്റെ മുസ്‌ലിം സുഹൃത്തുമൊത്ത് ചോറ്റാനിക്കര അമ്പലദര്‍ശനം നടത്തി.


ഇതുകൂടി വായിക്കാം; ജീവിത യാഥാർത്ഥ്യങ്ങൾക്കുനേരെ പിടിച്ച ‘കണ്ണാടി’


ഒരു ജോലിയുടെ ഇന്റര്‍വ്യൂവിനു പോകും മുമ്പ് ചോറ്റാനിക്കര അമ്മയുടെ പ്രീതിക്കായി ഇരുവരും പ്രാര്‍ത്ഥിച്ചു. തിരിച്ചിറങ്ങുമ്പോള്‍ സ്ഥലം പൊലീസ് ഏമാന്‍ ആ പാവം മുസ്‌ലിം പയ്യനെ ഗുല്‍ത്തയ്ക്കു പിടിച്ച് ജീപ്പിലെറിഞ്ഞിട്ടു ചോദിച്ചു, ‘മേത്തനെന്താടാ അമ്പലത്തില്‍ കാര്യം!’ പിന്നെ സവര്‍ണോചിതമായ തെറിയഭിഷേകവും. കൂട്ടുകാരനായ ഹിന്ദു പയ്യനും എസ്ഐയുടെ ക്രൂരമര്‍ദ്ദനം. മുഖത്തടി, ബൂട്ട്സിട്ട് ചവിട്ട് തുടങ്ങിയ കലാപരിപാടികള്‍. ഇടുക്കി മറയൂരില്‍ ബീഫ് ഭക്ഷിച്ചതിന്റെ പേരില്‍ ഏഴ് ഊരുകളിലെ 24 യുവാക്കള്‍ക്ക് ഊരുവിലക്ക്. ആ പാവം ആദിവാസി പയ്യന്മാര്‍ ഇപ്പോള്‍ കഴിയുന്നത് ഭയന്നുവിറച്ച് ഉള്‍വനങ്ങളില്‍. എന്നിട്ടും നാം പറയുന്നു, ‘ഇതു കേരളമാണ്, ആ മാതിരി വിരട്ടൊന്നും ഇങ്ങോട്ടു വേണ്ടെ‘ന്ന്! കഴിഞ്ഞ ദിവസം ഒരു വാര്‍ത്ത പുറത്തുവന്നു. ഭൂലോക പുരാവസ്തു തരികിട മോന്‍സന്‍ മാവുങ്കലിന് വിദേശ സര്‍വകലാശാലകളില്‍ നിന്ന് 15 വ്യാജ ഡോക്ടറേറ്റുകളെന്ന്. പോരാഞ്ഞ് രാജ്യാന്തര സമാധാന സ്ഥാനപതി പട്ടവും. രണ്ട് ഉന്നത ഐപിഎസുകാര്‍ക്കും വിദേശ വ്യാജ ഡോക്ടറേറ്റുകള്‍ മോന്‍സന്‍ തരപ്പെടുത്തിക്കൊടുത്തു. ഇതിനിടെ പ്രീഡിഗ്രി പോലും പാസാകാത്ത ഉന്നതസ്ഥാനീയയുടെ വിദേശ ഡോക്ടറേറ്റിനെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ചിരിച്ചു തലയറയിപ്പിക്കുന്ന ഒരു പോസ്റ്റു കണ്ടു. ഉന്നത വിദേശ ഡോക്ടറേറ്റ് നേടുന്ന രീതിശാസ്ത്രമാണ് പോസ്റ്റില്‍. ‘ഒരു ഡോക്ടറേറ്റിനു വേണ്ടി ഞാന്‍ അലഞ്ഞ് അലഞ്ഞ് ചെന്നെത്തിയത് ഒരു ബഡാ ഉസ്താദിന്റെ മടയില്‍. ആവശ്യം അറിയിച്ചപ്പോള്‍ ഉസ്താദ് പറഞ്ഞു: എംഎയുടെ സര്‍ട്ടിഫിക്കറ്റ് വയ്ക്കാന്‍. പ്രീഡിഗ്രിപോലും പാസാകാത്ത എനിക്കെവിടെ എംഎ സര്‍ട്ടിഫിക്കറ്റ്. ഒടുവില്‍ രണ്ടായിരത്തിന്റെ പളപളാ മിന്നുന്ന ഒരു നോട്ടുകെട്ട് ഉസ്താദിന്റെ പാദത്തില്‍ സമര്‍പ്പിച്ചു. പിന്നെ എന്നെ ചേര്‍ത്തുപിടിച്ച് ഇതാ ഡോക്ടറേറ്റ് എന്നു പറഞ്ഞ് ഒരു തിളങ്ങുന്ന സര്‍ട്ടിഫിക്കറ്റ് തന്നു. ഉസ്താദിന്റെ കണ്ണില്‍ ഒരുപിടി മുളകുപൊടിയും വാരിയെറിഞ്ഞ് ഞാന്‍ പിന്നെ നിലയ്ക്കാത്ത പ്രവാഹമാണ്. പോസ്റ്റില്‍ പറയുന്നതു തമാശയെങ്കിലും അത് അക്ഷരംപ്രതി സത്യം. നമ്മുടെ നാട്ടില്‍ ആര്‍ക്കൊക്കെയാണ് വിദേശ ഡോക്ടറേറ്റുകളുള്ളതെന്ന് എണ്ണുന്നതിനെക്കാള്‍ എളുപ്പം കടലിലെ തിരയെണ്ണുന്നതാവും! കൊല്ലത്ത് ഒരു മുതലാളിയുണ്ട്. ഒന്നാം ക്ലാസുവരെ മാത്രം പഠിച്ചു. ഇതു തനിക്ക് പറ്റിയ പണിയല്ലെന്നു കണ്ട് തങ്ങള്‍ കുഞ്ഞു മുസലിയാരുടെ കശുഅണ്ടിയാപ്പീസില്‍ ഉണങ്ങാനിട്ടിരിക്കുന്ന അണ്ടിപ്പരിപ്പിന് കാക്കയടിക്കലായി പിന്നെ ഉദ്യോഗം. പടച്ചവന്റെ കൃപകൊണ്ട് കശുഅണ്ടി മുതലാളിയായി. എന്‍ജിനീയറിങ് കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സാമ്രാജ്യത്തിന്റെ ചക്രവര്‍ത്തിയായി. പിന്നെ ജനപ്രതിനിധിയായി. ഒന്നാം ക്ലാസുകാരന്‍ ഡോക്ടറേറ്റും നേടി! ഇതെല്ലാം പറയുമ്പോള്‍ കൊല്ലത്തെ രണ്ടു കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളുടെ വിദേശ ഡോക്ടറേറ്റുകളില്‍ തലോടി സായൂജ്യമടയുന്നതു കാണാം! കേരളത്തിലെ വ്യാജ ഡോക്ടറേറ്റുകളെക്കുറിച്ച് അന്വേഷിക്കാന്‍ ഒരു കമ്മിഷനെ നിയോഗിച്ചാലോ! പത്മശ്രീ മോഹന്‍ലാല്‍ ഇത്രകാലം നമ്മെ പറ്റിക്കുകയായിരുന്നോ! അദ്ദേഹം നൂറു ശതമാനം അഭിനയ പ്രതിഭയെന്നാണ് നാമൊക്കെ കരുതിയത്. മോഹന്‍ലാല്‍ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ആരാധകര്‍ അദ്ദേഹത്തിന്റെ കട്ടൗട്ടുകളില്‍ പാലഭിഷേകവും തേനഭിഷേകവും നടത്തും. വെടിക്കെട്ടും നടത്തും. സ്ക്രീനിലേക്ക് പുഷ്പവൃഷ്ടി. ആകെ ജഗപൊഗ. നൂറുശതമാനം അഭിനയത്തിടമ്പായ മോഹന്‍ലാല്‍ ദേ കാലുമാറുന്നു. ‘കുഞ്ഞാലിമരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ എന്ന തന്റെ ചിത്രം പുറത്തിറക്കിയിട്ട് ലാല്‍ പറയുന്നു താന്‍ നൂറുശതമാനവും ബിസിനസുകാരനാണെന്ന്. നൂറുകോടി രൂപ മുടക്കിയാല്‍ നൂറ്റി അഞ്ചു കോടിയെങ്കിലും കിട്ടിയില്ലെങ്കില്‍ പിന്നെന്തു ബിസിനസ് എന്ന് ഒരു ടിപ്പണിയും. ഇതെല്ലാം കേട്ട് ഇത്രനാളും തങ്ങള്‍ അഭിനയ ചക്രവര്‍ത്തിയായി സിംഹാസനത്തിലിരുത്തിയ ആരാധകര്‍ ഇപ്പോള്‍ പ്രതികരിക്കുന്നത് ‘ചുരുളി’ സിനിമയിലെ തീപാറുന്ന വാക്കുകള്‍ കടമെടുത്ത്!

Exit mobile version