യാത്രക്കാര്‍ അപമര്യാദയായി പെരുമാറിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ചവരുത്തിയാല്‍ ജീവനക്കാര്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). അടുത്തിടെയുള്ള എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ച പശ്ചാത്തലത്തിലാണ് ഡിജിസിഎ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. അനുചിതമായി പെരുമാറുന്ന യാത്രക്കാർക്കെതിരെ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടാൽ എയർലൈൻ ജീവനക്കാർ നടപടി നേരിടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു.
വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ വന്നാല്‍ ആവശ്യമെങ്കില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു.
യാത്രക്കാരുടെ സുരക്ഷയും വിമാനത്തിനകത്തെ അച്ചടക്കവും പൈലറ്റിന്റെ ഉത്തരവാദിത്തമാണ്. യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാന്‍ ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ക്ക് സാധിച്ചാലും സാഹചര്യം പെട്ടെന്നുതന്നെ വിലയിരുത്തി കൂടുതല്‍ നടപടികള്‍ക്കായി എയര്‍ലൈന്‍ സെന്‍ട്രല്‍ കണ്‍ട്രോളിനെ വിഷയം അറിയിക്കേണ്ടതും പൈലറ്റിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിസിഎ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിമാനക്കമ്പനികള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്‍കി.
അതിനിടെ എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച പ്രതിയെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെൽസ് ഫാർഗോ കമ്പനിയിൽ നിന്ന് പുറത്താക്കി. മുംബൈ സ്വദേശി ശങ്കർ മിശ്രയെയാണ് പുറത്താക്കിയത്. കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റായിരുന്നു ശങ്കർ മിശ്ര. ആരോപണങ്ങൾ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതാണെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും കമ്പനി വ്യക്തമാക്കി.
English Summary: DGCA will take action against the staff if the passengers misbehave
You may also like this video