Site iconSite icon Janayugom Online

ധീരജ് വധം; രണ്ട് പ്രതികളുടെ വിടുതൽ ഹർജി തള്ളി

ധീരജ് വധക്കേസിലെ രണ്ട് പ്രതികളുടെ വിടുതൽ ഹർജി ഇടുക്കി ജില്ലാ സെഷൻസ്‌ കോടതി തള്ളി. കേസിലെ ഏഴും എട്ടും പ്രതികളായ കൊന്നത്തടി മുല്ലപ്പള്ളിൽ ജെസിൻ ജോയ് (22), വെള്ളയാംകുടി പൊട്ടനാനിയിൽ അലൻ ബേബി (25) എന്നിവർക്കെതിരായാണ് വിധി. കേസിൽ നിന്ന് തങ്ങളെ വെറുതേ വിടണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ജില്ലാ സെഷൻസ്‌ കോടതി ജഡ്‍ജി പി എസ് ശശികുമാർ തള്ളിയത്. മൂന്നുമുതൽ അഞ്ചുവരെ പ്രതികളായവരെ സഹായിക്കുകയും വസ്‍ത്രവും മൊബൈൽ ഫോണും ഒളിപ്പിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തെന്നാണ് ഇവർക്കെതിരെ കേസ്.

നാലാം പ്രതിയെ സ്ഥലത്തുനിന്ന് മാറ്റാൻ ഇന്നോവ കാറുമായെത്തിയതും തൊടുപുഴയിലെത്തിച്ച് പണം നൽകിയത് ഏഴാം പ്രതിയായ ജെസിനാണ്. മൂന്നും അഞ്ചും പ്രതികളെ ഇന്നോവ കാറിൽ എറണാകുളത്തെത്തിച്ചതും എല്ലാ സഹായങ്ങളും ചെയ്‍തു നൽകിയതും അലനാണ്. ഇവരുടെ മൊബൈൽ ഫോൺ മാറ്റിയതും ഇയാൾ തന്നെ. യൂത്ത് കോൺഗ്രസ് സജീവ പ്രവർത്തകരായിരുന്ന ഇരുവരും നിലവിൽ ജാമ്യത്തിലാണ്. എട്ട് പ്രതികളുണ്ടായിരുന്ന കേസിലെ ഒന്നാം പ്രതി നിഖിൽ പൈലി ഉൾപ്പെടെയുള്ളവർക്ക് ജാമ്യം ലഭിച്ചത്. 2022 ജനുവരി 10ന് ആണ് ധീരജിനെ കൊലപ്പെടുത്തിയത്. 

ജെറിൻ ജോജോ, ജിതിൻ ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടൻ, നിതിൻ ലൂക്കോസ്‌, സോയിമോൻ സണ്ണി, ജസിൻ ജോയി, അലൻബേബി എന്നിവരാണ്‌ രണ്ടു മുതൽ എട്ടുവരെ പ്രതികൾ. ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം സംഘംചേരൽ, കൊലപാതകം, വധശ്രമം, മർദ്ദനം, തെളിവ്‌ നശിപ്പിക്കൽ, ആയുധം ഒളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ്‌ കേസിൽ ചുമത്തിയത്. 

Eng­lish Sum­ma­ry: Dheer­aj mur­der­case; The peti­tion for release of the two accused was rejected

You may also like this video

Exit mobile version