Site iconSite icon Janayugom Online

നാശത്തില്‍ നിന്ന് നേട്ടംകൊയ്യാനുള്ള കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ധീരജിന്റെ കൊലപാതകം: പന്ന്യൻ രവീന്ദ്രൻ

കേരളത്തിൽ ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിച്ചുകൊണ്ട് നാടിനെ അക്രമത്തിന്റെ വഴിയിലേക്ക് കൊണ്ടുപോയി നേട്ടം കൊയ്യാനുള്ള കോൺഗ്രസ്‌ രാഷ്ട്രീയത്തിന്റെ ഭാഗമാണ് ധീരജിന്റെ കൊലപാതകമെന്ന് സിപിഐ ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ. നേതാക്കളുടെ സംസാരം ഉണ്ടാക്കുന്ന വിനകളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ തൃച്ചംബരം പട്ട പാറയിലെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ധീരജിന്റെ കൊലപാതകം രാഷ്ട്രീയ കൊലപാതകത്തിന്റെ മറ്റൊരു പതിപ്പാണ്. കൊലപാതകവുമായി ബന്ധമുള്ള രാഷ്ട്രീയ പ്രസ്ഥാനമായ കോൺഗ്രസ്‌ അതിൽ മാന്യത കാണിച്ചില്ല. അവർ വീണ്ടും പ്രകോപനമുണ്ടാക്കുന്ന കാര്യങ്ങളാണ് ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത്. ഭീഷണി, മെയ്ക്കരുത്ത്, ആയുധം എന്നിവ കൊണ്ട് എല്ലാം നേടിയെടുക്കാമെന്ന ധാരണ ഇന്ന് വളർത്തിയെടുത്തു കൊണ്ടിരിക്കുന്നു അത് അപകടകരമായ സൂചനയാണ്. കോളജിന് പുറത്തുനിന്നും എത്തി കൊലപാതകം നടത്തിയ ആളെ ആ പാർട്ടിയുടെ നേതാക്കന്മാർ കൊലയെ ന്യായീകരിക്കാൻ മറുവാദങ്ങൾ നിരത്തുകയാണ്. അത് അവസാനിപ്പിക്കണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി, ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്‌ കുമാർ, സിപിഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി വി കണ്ണൻ, സെക്രട്ടേറിയറ്റ് അംഗം സി ലക്ഷ്മണൻ, ആന്തൂർ നഗരസഭ കൗൺസിലർ പി കെ മുജീബ് റഹമാൻ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

ഇടുക്കി എന്‍ജിനിയറിങ്ങ് കോളജിൽ കോണ്‍ഗ്രസ് അക്രമികളുടെ കുത്തേറ്റ് മരിച്ച ധീരജിന്റെ ചൊവ്വാഴ്ച രാത്രി 12.30യോടെയാണ് തളിപ്പറമ്പ് തൃച്ചംബരം മുയ്യത്തെ അദ്വൈതം വീട്ടിലെത്തിച്ചത്. എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു, സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷ്‌, സെക്രട്ടറി കെ എം സച്ചിൻദേവ്‌, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം, സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ്‌, സെക്രട്ടറി വി കെ സനോജ്‌, എ രാജ എംഎൽഎ തുടങ്ങിയവർ വിലാപയാത്രയെ അനുഗമിച്ചിരുന്നു. കോഴിക്കോടു മുതൽ സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനും ഒപ്പമുണ്ടായിരുന്നു. മന്ത്രിമാരായ എം വി ഗോവിന്ദൻ, പി രാജീവ്‌ തുടങ്ങിയവർ ധീരജിന്റെ വീട്ടിലെത്തിയിരുന്നു.

Eng­lish Sum­ma­ry: Dheer­a­j’s assas­si­na­tion is part of Con­gress’ pol­i­tics: Pan­niyan Raveendran

You may like this video also

Exit mobile version