മഹാഭാരതത്തിലെ ഭീഷ്മരുടെ കഥ അറിയാമായിരിക്കുമല്ലോ. അവസാനം അമ്പുകൾ കൊണ്ട് നിർമ്മിച്ച ശരശയ്യയിൽ കിടന്നാണ് അദ്ദേഹം ജീവൻ വെടിഞ്ഞത്. ഭീഷ്മർ എങ്ങനെയായിരിക്കും കിടന്നിരിക്കുക. ഇതിന് പിന്നിൽ വലിയൊരു ഭൗതിക ശാസ്ത്രമുണ്ട്.
ഭീഷ്മർ കിടന്നതുപോലെ നമുക്കും കിടക്കാം. നമ്മൾ ഒരു വസ്തുവിനെ തള്ളുമ്പോൾ ഉണ്ടാകുന്ന ബലം പലപ്പോഴും ഒരു ബിന്ദുവിൽ മാത്രമായി കേന്ദ്രീകരിക്കുന്നു. ഉദാഹരണത്തിന് ഡ്രോയിങ് ബോർഡിൽ പേപ്പർ പിൻചെയ്തുവയ്ക്കുമ്പോൾ നമ്മൾ പിന്നിൽ ഉപയോഗിക്കുന്ന ബലം ബോര്‍ഡിലെ ഒരു ബിന്ദുവിൽ മാത്രം കേന്ദ്രീകരിക്കുന്നു. അതുകൊണ്ടാണ് പിൻ ഡ്രോയിങ് ബോർഡിലേക്ക് ആഴ്ന്ന് ഇറങ്ങുന്നത്. കൂർത്തിരിക്കുന്ന വസ്തുക്കളിൽ മർദ്ദം വളരെ കൂടുതലായിരിക്കും. എന്നാൽ ആണികൊണ്ടുള്ള കിടക്കയിൽ മർദ്ദം എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. ഒരു കട്ടിലിൽ അടുപ്പിച്ചടിപ്പിച്ചു കൂർത്ത ആണികൾ തറച്ചിരിക്കുന്നുവെന്ന് സങ്കല്പിക്കുക. ധൈര്യമായി നമുക്ക് അതിൽ കയറിക്കിടക്കാം. ആണികൾ നമ്മുടെ ശരീരത്തിൽ ഒരു പരിക്കും ഏല്പിക്കില്ല.
നമ്മുടെ ശരീരഭാരം കട്ടിലിൽ നിറയെ തറച്ചിരിക്കുന്ന ആണികളിലേക്ക് വ്യാപിച്ചു കിടക്കുന്നതുകൊണ്ടാണ് ആണികൾ നമ്മെ വേദനിപ്പിക്കാത്തത്. അതുകൊണ്ടാണ് ഭീഷ്മരെ പോലെ നമുക്കും കിടക്കാമെന്ന് പറയുന്നത്. ബലത്തെക്കുറിച്ചും അത് ഏല്പിക്കുന്ന മർദ്ദത്തെക്കുറിച്ചുമുള്ള പ്രാഥമിക പാഠമാണ് ശരശയ്യ നമ്മെ ഓർമ്മപ്പെടുത്തുന്നത്.