ഇന്ത്യന്‍ വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് പാകിസ്താന്‍ യുവതി രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിയെ ഓണ്‍ലൈനായി വിവാഹം കഴിച്ചു. കറാച്ചി സ്വദേശിനിയായ അമീനയും ജോധ്പുരില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ അര്‍ബാസ് ഖാനും തമ്മിലാണ് ഓണ്‍ലൈനായി വിവാഹം കഴിച്ചത്. വിവാഹത്തിന് ഇന്ത്യയിലേക്ക് വരാന്‍ അമീനയ്ക്ക് വിസ ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിവാഹം ഓണ്‍ലൈനായി നടത്താന്‍ ഇരുവരും തീരുമാനിച്ചത്.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു ഇരുവരുടെയും ഓണ്‍ലൈന്‍ വിവാഹച്ചടങ്ങ്. അമീന കറാച്ചിയില്‍ ഇരുന്നും അര്‍ബാസ് ജോധ്പൂരിലെ ഓസ്വാള്‍ സമാജ് ഭവനില്‍ തന്റെ സുഹൃത്തുകള്‍ക്കും കുടുംബത്തിനുമൊപ്പവുമാണ് ചടങ്ങില്‍ പങ്കെടുത്തത്. ജോധ്പുര്‍ ഖാസിയായിരുന്നു ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. പാകിസ്താനില്‍ വധുവിന്റെ ഭാഗത്തും ചടങ്ങിന് നേതൃത്വം നല്‍കാന്‍ ഖാസിയുണ്ടായിരുന്നു.
ഉത്തര്‍പ്രദേശിലെ നോയിഡ സ്വദേശിയായ യുവാവിനെ വിവാഹം കഴിക്കാന്‍ പാകിസ്താനില്‍ നിന്നുള്ള സീമ ഹൈദര്‍ എന്ന യുവതി അടുത്തിടെ ഇന്ത്യയിലേക്ക് വന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിനുപിന്നാലെ ഇന്ത്യക്കാരിയായ ഒരു യുവതി പാകിസ്താനിലെത്തി അവിടെയുള്ള യുവാവിനേയും വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ അതിര്‍ത്തി കടന്നുള്ള പ്രണയങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് വീണ്ടുമൊരു ഇന്ത്യ‑പാക് വിവാഹം നടന്നത്.
English summary;Did not get visa to India; Pakistani woman married Jodhpur native online
you may also like this video;