Site iconSite icon Janayugom Online

മദ്യശാലകളുടെ എണ്ണം കൂട്ടാൻ പറഞ്ഞിട്ടില്ല: ഹൈക്കോടതി

സംസ്ഥാനത്തെ മദ്യശാലകളുടെ എണ്ണം കൂട്ടണമെന്ന് പറഞ്ഞിട്ടില്ലെന്ന് കേരള ഹൈക്കോടതി. മദ്യവില്പനശാലകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് മാത്രമാണ് ഉത്തരവിട്ടതെന്നും കോടതി വ്യക്തമാക്കി. പുതിയ മദ്യവില്പനശാലകള്‍ തുടങ്ങാനുള്ള നീക്കത്തിനെതിരെ വി എം സുധീരന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

സമൂഹത്തിന്റെ പൊതു അന്തസ് മാത്രമാണ് കോടതിയുടെ പ്രശ്നമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ മദ്യപിക്കരുതെന്ന് പറയാന്‍ കോടതിക്ക് കഴിയില്ല. അങ്ങനെ ചെയ്താല്‍ അവര്‍ മറ്റ് ലഹരികളിലേക്ക് പോകാം. മദ്യശാലകള്‍ക്ക് മുന്നിലൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പോകാന്‍ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് വിഷയത്തില്‍ ഇടപെട്ടത്. ഭാവി തലമുറയെ കരുതിയാണ് വിഷയത്തില്‍ ഇടപെടുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.

ഹൈക്കോടതി ഉത്തരവിനെ മറയാക്കി സംസ്ഥാനത്ത് കൂടുതൽ മദ്യഷോപ്പുകൾ അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ നീക്കം തടയണമെന്ന് ആവശ്യപ്പെട്ടാണ് വി എം സുധീരൻ ഹർജി നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തത ഉണ്ടാക്കണം എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സംസ്ഥാനത്തു മദ്യ ഉപഭോഗം കുറച്ചു കൊണ്ടുവരാനുള്ള നടപടി ആണ് വേണ്ടതെന്നും സർക്കാർ  കോടതി നിർദ്ദേശത്തിന്റെ മറവിൽ 175 പുതിയ ഔട്ട്‌ലെറ്റുകൾ തുറക്കാനാണ് ആലോചിക്കുന്നതെന്നും ഹർജിയിൽ പറഞ്ഞിരുന്നു. സുധീരന്റെ ഹർജി വീണ്ടും പരിഗണിക്കാനായി മാറ്റി.

eng­lish sum­ma­ry: did not say to increase the num­ber of pubs : highcourt

you may also like this video;

Exit mobile version