Site iconSite icon Janayugom Online

വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് പാലക്കാട് ഒരു മരണം കൂടി

തെക്കേ മലമ്പുഴയിൽ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് ഗൃഹനാഥൻ മരിച്ചു. കൊല്ലംകുന്ന് വാസു (47) ആണ് മരിച്ചത്. ചെറുപുഴ പാലത്തിനു സമീപമുള്ള തോട്ടത്തിലെ വൈദ്യുത വേലിക്കു സമീപമാണ് ഇന്നലെ പുലർച്ചെ വാസുവിനെ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരാഴ്ചയ്ക്കിടെ വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റ് ഇത് രണ്ടാമത്തെ മരണമാണ്. മുണ്ടൂർ നൊച്ചുപ്പുള്ളിയിൽ കഴിഞ്ഞ 14ന് കാട്ടാനയും, 15ന് എലപ്പുള്ളി മേച്ചേരിപ്പാടം പരേതനായ പൊന്നന്റെ മകൻ വിനീതും (27) മരിച്ചതിന്റെ ഞെട്ടല്‍മാറും മുമ്പാണ് വാസുവിന്റെ മരണം. മലമ്പുഴയിലെ സ്വകാര്യ റിസോർട്ടില്‍ ഒരു വർഷമായി തോട്ടം നോക്കി നടത്തി വരികയായിരുന്നു വാസു. വന്യ മൃഗ ശല്യത്തിൽ നിന്ന് രക്ഷനേടാനായി തോട്ടത്തിൽ സ്ഥാപിച്ച വൈദ്യുത വേലി പ്രവർത്തിപ്പിക്കുന്നതും വാസു തന്നെയായിരുന്നു.

വൈകിട്ട് ഏഴുമണി മുതൽ പുലർച്ചെ 5.30 വരെയാണ് വേലിയിലൂടെ വൈദ്യുതി പ്രവഹിച്ചിരുന്നത്. വനം വകുപ്പ് അനുവദിച്ച അളവിൽ മാത്രമാണ് വൈദ്യുതി പ്രവഹിച്ചിരുന്നതെന്ന് തോട്ടം ഉടമകൾ പറഞ്ഞു. ജനറേറ്ററിൽ നിന്നാണ് ഇതിലേക്ക് വൈദ്യുതി നല്‍കിയിരുന്നത്. മൃതദേഹത്തിൽ ഷോക്കേറ്റതിന്റെ പാടുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മുണ്ടൂരില്‍ പിടിയാനയും എലപ്പുള്ളിയില്‍ വിനീത് എന്ന യുവാവും മരിച്ചത് വൈദ്യുതി ലൈനില്‍ നിന്നും അനധികൃതമായി നേരിട്ടെടുത്ത കറന്റില്‍ നിന്നാണെങ്കില്‍ ഇവിടെ വില്ലനായത് ജനറേറ്ററാണ്. മൃതദേഹം പൊലീസ് നടപടികൾക്കു ശേഷം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി വൈകിട്ടോടെ സംസ്കരിച്ചു. വനം വകുപ്പും പൊലീസും അന്വേഷണം ആരംഭിച്ചു. ഭാര്യ: ഓമന. മക്കൾ : അശ്വതി, അനില, അക്ഷയ്.

Eng­lish Sum­ma­ry: died of shock from the elec­tric fence
You may also like this video

Exit mobile version