Site iconSite icon Janayugom Online

പ്രതിസന്ധികളെ നീന്തിയും തോൽപ്പിക്കാം; 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ മത്സരിച്ച് ഭിന്നശേഷി വിദ്യാർത്ഥിനി ലക്ഷ്മി

ലക്ഷ്മി നീന്തിക്കയറിയത് ആത്മവിശ്വാസം തുടിക്കുന്ന ഒരു പുതിയ ലോകത്തേക്കാണ്. കൂടെ കൈ പിടിക്കാൻ അമ്മ പുഷ്പയും ഉണ്ട്. ശാരീരിക ബുദ്ധിമുട്ടുകളേയും ജീവിത പ്രതിസന്ധികളെയും ചിരിച്ച് തോൽപ്പിക്കുകയാണ് ഭിന്നശേഷി വിദ്യാർത്ഥിനിയായ ലക്ഷ്മി പി. പാലക്കാട് അകത്തേതറ എൻഎസ്എസ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. പിരപ്പൻകോട് ഡോ. ബി ആർ അംബേദ്കർ അക്വാട്ടിക് കോംപ്ലക്സിൽ നടക്കുന്ന സംസ്ഥാന ഒളിമ്പിക്സ് അക്വാട്ടിക് മത്സരങ്ങളിലെ മൂന്നാം ദിവസത്തെ മിന്നും താരമാണ് ലക്ഷ്മി. 200 മീറ്റർ സീനിയർ ഗേൾസ് ബട്ടർഫ്ലൈ സ്ട്രോക്കിൽ മത്സരിച്ച് ഏഴാം സ്ഥാനമാണ് ഈ മിടുക്കി നേടിയത്. 

പാലക്കാട് ജില്ലാ തല മത്സരത്തിൽ 100 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൻ മൂന്നാം സ്ഥാനം നേടിയിരുന്നു. 200 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്കിൽ ജില്ലാ തലത്തിൽ മത്സരിക്കാൻ ആളില്ലാതിരുന്നതിനാൽ സംസ്ഥാനതല മത്സരത്തിൽ ലക്ഷ്മിക്ക് നേരിട്ട് എൻട്രി ലഭിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷത്തോളമായി കഠിന പരിശീലനമാണ് ലക്ഷ്മി നടത്തിയത്. ദിവസവും ഒന്നര മണിക്കൂർ നീന്തൽ പരിശീലനത്തിനായി മാത്രം മാറ്റിവയ്ക്കും. 

മലമ്പുഴ ചെക്ക് ഡാമിന് സമീപമുള്ള ഹേമാംബിക സ്വിമ്മിങ് അക്കാദമിയിലെ വിദ്യാർത്ഥിനിയാണ്. അക്കാദമിയിലെ ശശീന്ദ്രൻ സാറാണ് ലക്ഷ്മിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ് മത്സരത്തിനായി തയ്യാറാക്കിയത്. നീന്തൽ പരിശീലനം തുടങ്ങിയതിന് ശേഷം ലക്ഷ്മിക്ക് കൂടുതൽ നന്നായി സംസാരിക്കാനും നടക്കാനും കഴിയുന്നുണ്ടെന്ന് അമ്മ പുഷ്പ പറയുന്നു. പാലക്കാട് സിജെഎം കോടതിയിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുകയാണ് പുഷ്പ. ലക്ഷ്മിയുടെ അച്ഛൻ പ്രദീപ് അഞ്ച് വർഷം മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കല്ലേക്കുളങ്ങരയിലാണ് ലക്ഷ്മിയും അമ്മയും താമസിക്കുന്നത്. നീന്തൽ മത്സങ്ങളിൽ സജീവമായി കൂടുതൽ ഉയരങ്ങൾ കീഴടക്കാനുള്ള ശ്രമത്തിലാണ് ലക്ഷ്മി ഇപ്പോൾ. 

Exit mobile version