Site iconSite icon Janayugom Online

ഡിജിറ്റല്‍ കാര്‍ഷിക സര്‍വേ കേരളത്തില്‍ ആരംഭിക്കുന്നു

അഗ്രി-സ്റ്റാക്ക്‌ പദ്ധതിയുടെ ഭാഗമായുള്ള ഡിജിറ്റല്‍ ക്രോപ്പ്‌ സര്‍വേ കേരളത്തില്‍ ആരംഭിക്കുന്നു. കേരളം ഉള്‍പ്പെടെ 14 സംസ്ഥാനങ്ങളെയാണ് ആദ്യ ഘട്ടത്തില്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തില്‍ ആലപ്പുഴ, പാലക്കാട്‌, വയനാട്‌ ജില്ലകളിലെ 299 വില്ലേജുകളിലാണ്‌ ഡിജിറ്റല്‍ ക്രോപ്പ്‌ സര്‍വേ നടത്തുന്നത്‌. ആദ്യഘട്ടമായി ആലപ്പുഴ മാന്നാര്‍ വില്ലേജില്‍ 13, 14 തീയതികളില്‍ സര്‍വേ ആരംഭിക്കും. കൃഷി, റവന്യു, സര്‍വേ വകുപ്പുകള്‍ പദ്ധതിയില്‍ പങ്കെടുക്കും. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഡയറക്ടര്‍ മുക്താനന്ദ്‌ അഗര്‍വാള്‍, അണ്ടര്‍ സെക്രട്ടറി ചന്ദന്‍ കുമാര്‍ എന്നിവര്‍ പങ്കെടുക്കും. സര്‍വേയുടെ ആദ്യ പടിയായി മാസ്‌റ്റര്‍ ട്രെയിനേഴ്‌സിന്റെ പരിശീലനം തിരുവനന്തപുരം സമേതിയിലാണ് നടന്നത്. 

ഐടി അധിഷ്‌ഠിത സാങ്കേതിക വിദ്യകളെയും, വിവിധ ഡേറ്റാബേസുകളെയും സമാഹരിച്ചു കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച്‌ നടപ്പിലാക്കുന്ന പദ്ധതിയാണ്‌ അഗ്രി-സ്‌റ്റാക്ക്‌. രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടേയും, കാര്‍ഷിക മേഖലയുടെയും സമഗ്ര വികസനമാണ്‌ ഇതിന്റെ ലക്ഷ്യം. മൂന്നു തലങ്ങളിലായാണ്‌ അഗ്രി സ്റ്റാക്കിനെ വികസിപ്പിക്കുന്നത്‌. ഒന്നാം ഘട്ടത്തില്‍ കൃഷിവകുപ്പിന്റെ എയിംസ്‌ പോര്‍ട്ടിലില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള കര്‍ഷകരുടെ വ്യക്തിഗത വിവരങ്ങളോടൊപ്പം അവരുടെ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ കൂടി റവന്യൂ വകുപ്പിന്റെ ഡാറ്റയുമായി പരിശോധിച്ചു ഉറപ്പു വരുത്തിയതിനു ശേഷം അഗ്രിസ്‌റ്റാക്കിലേക്ക്‌ കൂട്ടിച്ചേര്‍ക്കും.

രണ്ടാം ഘട്ടത്തില്‍ കൃഷിഭൂമിയുടെ വിവരങ്ങള്‍ റവന്യു വകുപ്പിന്റെ ഡിജിറ്റല്‍ വില്ലേജ്‌ മാപ്പുകളില്‍ അടയാളപ്പെടുത്തുകയും, മൂന്നാം ഘട്ടത്തില്‍, ഓരോ കൃഷിയിടത്തിലും ഉള്ള വിളകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച്‌ കൃഷിയുടെ വിവരങ്ങളില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും. ഇത്തരത്തില്‍ കര്‍ഷകരുടെയും, കൃഷിഭൂമിയുടെയും, വിളകളുടെയും വിവരങ്ങള്‍ പൂര്‍ണമായും ലഭ്യമായിക്കഴിഞ്ഞാല്‍, അര്‍ഹരായ കര്‍ഷകര്‍ക്ക്‌ വിവിധ സംസ്ഥാന‑കേന്ദ്ര പദ്ധതികളുടെ ആനുകൂല്യങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുവാന്‍ കഴിയും. ധസഹായങ്ങള്‍, സേവനങ്ങള്‍ എന്നിവ കൃത്യതയോടെ നല്‍കുവാനും, കൃഷിയുടെ തല്‍സ്ഥിതി വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളാനും കഴിയും. 

Eng­lish Sum­ma­ry: Dig­i­tal Agri­cul­ture Sur­vey Begins in Kerala

You may also like this video

Exit mobile version