Site iconSite icon Janayugom Online

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ് സുപ്രീം കോടതി; സ്വമേധയാ കേസെടുത്തു

ഡിജിറ്റല്‍ അറസ്റ്റിലൂടെയുള്ള സാമ്പത്തിക തട്ടിപ്പിനെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. തട്ടിപ്പുകാര്‍ കോടതി ഉത്തരവുപോലും പണം കൈക്കലാക്കാന്‍ ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. ഡിജിറ്റല്‍ സാമ്പത്തിക തട്ടിപ്പിന് കോടതി രേഖകള്‍ പോലും ദുരുപയോഗം ചെയ്യുന്നത് അമ്പരപ്പിക്കുന്നു. ജനങ്ങളെ കബളിപ്പിച്ച് വന്‍ തോതില്‍ പണം തട്ടാന്‍ വെട്ടിപ്പുകാര്‍ വിവിധ മാര്‍ഗ്ഗങ്ങളാണ് ഉപയോഗപ്പെടുത്തുന്നത്. സുപ്രീം കോടതിയുടെ പേരില്‍ ഒന്നിലധികം ഉത്തരവുകള്‍ ഇത്തരക്കാര്‍ വ്യാജമായി സൃഷ്ടിച്ചു. സെപ്റ്റംബര്‍ ഒന്നിലെ കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട ഉത്തരവില്‍ വ്യാജന്മാര്‍ സ്വത്ത് മരവിപ്പിച്ചെന്ന ഉത്തരവ് സ്വയം സൃഷ്ടിച്ചു. 

സുപ്രീം കോടതി ജഡ്ജിയുടെയും ഇഡി ഉദ്യോഗസ്ഥരുടെയും സീലുകളും തട്ടിപ്പിന് കൂട്ടാക്കി. ഇത് ഏറെ അമ്പരപ്പിക്കുന്നതായി ജസ്റ്റിസുമാരായ സുര്യ കാന്ത്, ജോയ്മല്യ ബഗ്ചി എന്നിവരുള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു. വ്യാജന്മാരുടെ തട്ടിപ്പിന് കോടതികളെ കരുവാക്കുമ്പോള്‍ കോടതിയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടെന്ന് മാധ്യമങ്ങളിൽ പലതവണ വലിയതോതിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ കോടതി അറ്റോര്‍ണി ജനറലിന്റെ സഹായം തേടി. കേസില്‍ കേന്ദ്ര സര്‍ക്കാരിനോടും സിബിഐയോടും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് ബെഞ്ച് നോട്ടീസയച്ചു. 

Exit mobile version