Site iconSite icon Janayugom Online

ഡിജിറ്റല്‍ അറസ്റ്റ്: കൊച്ചിയില്‍ രണ്ടുപേർ പിടിയിൽ

എറണാകുളം ജില്ലയില്‍ വീണ്ടും സൈബര്‍ തട്ടിപ്പ്. വീട്ടമ്മയെ കബളിപ്പിച്ച് നാലു കോടി രൂപ തട്ടിയെടുത്ത സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മലപ്പുറം അരീക്കോട് മോക്കാത്ത് എന്ദ്രാത്ത് മുഹമ്മദ് മുഹസിൽ(22), കോഴിക്കോട് മാവൂർ കണ്ണംപറമ്പിൽ മിഷാപ് കെ പി(21) എന്നിവരെയാണ് സൈബർ പൊലീസ് പിടികൂടിയത്. വാഴക്കാല സ്വദേശി ബെറ്റി ജോസഫ് നൽകിയ പരാതിയെ തുടർന്നാണ് പ്രതികളെ പിടികൂടിയത്. 

ഡൽഹിയിൽ പരാതിക്കാരിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി സന്ദീപ് കുമാർ എന്നയാൾ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളിലൂടെ മനുഷ്യക്കടത്തും ലഹരിക്കടത്തും നടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തതായി അറിയിച്ചു. തുടര്‍ന്ന് പരാതിക്കാരിയുടെ മറ്റ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും സംഘം ആവശ്യപ്പെട്ടു. പണം നിയമപരമാണെന്ന് ഉറപ്പുവരുത്തുന്നതിന് അക്കൗണ്ടിലെ പണം പ്രതികൾക്ക് അയച്ചു കൊടുക്കണമെന്നും കേസ് തീരുന്ന മുറയ്ക്ക് വാങ്ങിയ പണം തിരികെ നൽകാമെന്നും തട്ടിപ്പുകാര്‍ വീട്ടമ്മയെ ധരിപ്പിച്ചു. ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും അവര്‍ വാട്സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടമ്മ മൂന്ന് അക്കൗണ്ടില്‍ നിന്നായി 4,11,90,094 രൂപ ഏഴ് തവണകളായി നല്‍കുകയായിരുന്നു.

Exit mobile version