നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപടക്കമുള്ള പ്രതികളുടെ ഒറ്റയ്ക്കിരുത്തിയുള്ള ആദ്യ ഘട്ട ചോദ്യം ചെയ്യൽ പൂർത്തിയായി. മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാൻ തീരുമാനിച്ചെന്നും 5 സംഘങ്ങളായി തിരിഞ്ഞായിരുന്നു ചോദ്യം ചെയ്യലെന്നും പൊലീസ് അറിയിച്ചു.
കേസില്‍ കണ്ടെത്തിയ തെളിവുകളും പ്രതികൾ നൽകിയ മൊഴിയും തമ്മിൽ അന്വേഷണ സംഘം പരിശോധിക്കുകയാണ്. മൊഴികൾ പരിശോധിക്കുന്നത് എസ് പി മോഹനചന്ദ്രനാണ്. മൊഴികൾ പരിശോധിച്ച ശേഷം ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയ്യാറാക്കുമെന്നും പൊലീസ് പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസിലെ വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യത്തിനെതിരെ നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു.
വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീം കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ദിലീപ് സത്യവാങ്മൂലം നൽകിയത്. കേസിൽ തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണെന്നും സമയം ചോദിക്കുന്നത് വിചാരണ ജഡ്ജി മാറുന്നത് വരെ നീട്ടിക്കൊണ്ട് പോകാനാണെന്നും ദീലീപ് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്. നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഫെബ്രുവരി 16-നകം പൂർത്തിയാക്കി വിധി പ്രസ്താവിക്കണമെന്നാണ് സുപ്രീംകോടതി നിർദേശിച്ചിരുന്നത്.എന്നാല്‍ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലുകളിൽ തുടരന്വേഷണം ആവശ്യമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്റെ കണ്ടെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയിൽ സർക്കാർ അപേക്ഷ ഫയൽ ചെയ്തിട്ടുള്ളത്.
ENGLISH SUMMARY: Dileep Supreme Court seeks speedy trial in actress’ assault case
You may also like this video