കാനഡയ്‌ക്കെതിരേ നിലപാട് കടുപ്പിക്കാന്‍ ഇന്ത്യ. നയതന്ത്ര പ്രതിനിധികളെ പിൻവലിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഈ മാസം പത്തിന് മുമ്പായി 41 നയതന്ത്ര പ്രതിനിധികളെ ഡൽഹിയിൽനിന്ന് തിരിച്ചുവിളിക്കണമെന്നാണ് ഇന്ത്യ കാനഡയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സമയപരിധിക്ക് ശേഷം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ക്ക് നയതന്ത്ര പരിരക്ഷ ഉണ്ടാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടു ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്രസർക്കാരും കാനഡ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. കാനഡയ്ക്ക് ഇന്ത്യയിൽ 62 നയതന്ത്ര പ്രതിനിധികളാണ് ഉള്ളത്. നയതന്ത്ര പ്രതിനിധികളുടെ എണ്ണത്തിന്റെ കാര്യത്തിലും പദവിയുടെ കാര്യത്തിലും ഇരുരാജ്യങ്ങള്‍ക്കിടയിലും തുല്യത വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.
ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ‑കാനഡ ബന്ധം വഷളായത്. നിജ്ജറിന്റെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ട്രൂഡോ പറഞ്ഞതിന് പിന്നാലെ ഇരു രാജ്യങ്ങളും നയതന്ത്ര പ്രതിനിധികളെ പുറത്താക്കിയിരുന്നു. തുടർന്ന് കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നൽകുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
English Summary:Diplomatic personnel must leave the country; India has strengthened its position against Canada
You may also like this video