‘മനസിലായിക്കുന്ന്’ എന്ന് കേൾക്കുമ്പോഴെല്ലാം ഒരു കുന്നായിരുന്നു മനസിൽ. എന്നാൽ പിന്നീടറിഞ്ഞു അവിടെ കുന്നില്ല, അതൊരു സ്ഥലപ്പേര് മാത്രമാണെന്ന്. വീടിന് അധികം ദൂരത്തിലല്ലെങ്കിലും അജിത ഇതുവരെയും മനസിലായിക്കുന്നിൽ പോയിട്ടില്ല. എന്നാൽ ആ സ്ഥലത്തിന്റെ പശ്ചാത്തലത്തിൽ ഒരു നോവലിന്റെ രചനയിലാണ് അഞ്ചാം വയസിൽ പോളിയോ ബാധിച്ച് അരക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട അജിത കൈതേരിപ്പൊയിൽ. സ്കൂളിന്റെ പടി കയറാൻ കണ്ണൂർ അഞ്ചരക്കണ്ടിക്കടുത്തുള്ള കൈതേരിപ്പൊയിൽ സ്വദേശിനിയായ അജിതയ്ക്ക് ഭാഗ്യമുണ്ടായില്ല. സ്കൂളിൽ അഡ്മിഷൻ എടുത്ത് പോകാൻ തുടങ്ങുന്നതിന് കുറച്ചു ദിവസം മുമ്പാണ് അസുഖം പിടിമുറുക്കിയത്. പിന്നീട് ജീവിതത്തിന്റെ ഏറെ ഭാഗവും മുറിക്കുള്ളിൽ തളച്ചിടപ്പെട്ടതായിരുന്നു. അവിടെയിരുന്ന് അജിത പുസ്തകങ്ങൾ വായിച്ചു. എഴുത്തുകാരെ പരിചയപ്പെട്ടു. അതിലൂടെ എഴുത്തിന്റെ വഴിയിലേക്കും തിരിഞ്ഞു. രോഗം വലതുകൈയ്യും തളർത്തിയിരുന്നെങ്കിലും ഇപ്പോൾ ഭേദമുണ്ടെന്ന് അജിത പറയുന്നു. ഭാരമുള്ളത് എടുക്കാൻ സാധിക്കില്ലെങ്കിലും എഴുതാൻ പറ്റുന്നുണ്ട്. അജിതയുടെ കഥകൾ വിവിധ മാസികകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും കഥകൾ വന്നു. ഓണപ്പാട്ടുകൾ ഉൾപ്പെടുത്തിയ ആൽബവും പുറത്തിറങ്ങിയിട്ടുണ്ട്.
തുടർന്നാണ് നോവലിന്റെ രചനയിലേക്ക് അമ്പത്തിരണ്ടുകാരിയായ അജിത തിരിഞ്ഞത്. മനസിലായിക്കുന്നിനെ അറിയാനായിരുന്നു ആദ്യ ശ്രമം. കാലങ്ങൾക്ക് മുമ്പുണ്ടായി എന്ന് പറയപ്പെടുന്ന ഒരു സംഭവം കേട്ടത് അങ്ങിനെയാണ്. സമനില തെറ്റിയ ഒരു സ്ത്രീ പ്രദേശത്തുണ്ടായിരുന്നത്രെ. അവർ എല്ലാവരോടും മനസിലായോ എന്ന് ചോദിച്ചുകൊണ്ടിരുന്നു. എല്ലാവരും മനസിലായി എന്നു മറുപടിയും പറയും. അങ്ങിനെ പതിയെ ആ പ്രദേശത്തിന്റെ പേര് മനസിലായിക്കുന്ന് ആയി മാറുകയായിരുന്നു എന്നാണ് പറയപ്പെടുന്നത്. സമനില തെറ്റിയ ഒരു സ്ത്രീയിലൂടെ, മനസിലായിക്കുന്നിന്റെ ഭൂതകാലത്തിലേക്കും വർത്തമാനത്തിലേക്കുമുള്ള യാത്രയാണ് അജിതയുടെ നോവൽ. ഇതിനൊപ്പം ആത്മകഥാംശം നിറയുന്ന സ്വയംപ്രഭ എന്നൊരു രചനയുടെ പണിപ്പുരയിൽ കൂടിയാണ് ഈ എഴുത്തുകാരി. ജീവിതത്തിൽ സ്നേഹമോ പരിഗണനയോ കിട്ടാതെ പോവുന്ന സ്വയംപ്രഭയിലൂടെയാണ് നോവൽ കഥ പറയുന്നത്. എഴുത്തുകാരൻ വി ആർ സുധീഷാണ് എഴുത്തിന്റെ വഴിയിൽ തനിക്ക് ഏറ്റവും പ്രോത്സാഹനം നൽകിയതെന്ന് അജിത പറയുന്നു.
മനസിൽ സംഭവങ്ങൾ വന്നു നിറയുന്നുണ്ടെങ്കിലും എഴുതി പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്നതാണ് അജിതയുടെ വിഷമം. എഴുതിയ രചനകളെല്ലാം ഒരു സുഹൃത്ത് വായിക്കാൻ കൊണ്ടുപോയിരുന്നു. എന്നാൽ എല്ലാം അവന്റെ കയ്യിൽ നിന്ന് നഷ്ടപ്പെട്ടുപോയി. അതോടെയാണ് എഴുത്തിൽ ബ്ലോക്കുണ്ടായത്. ചെത്ത് തൊഴിലാളിയായിരുന്ന വിജയനാണ് അജിതയുടെ പിതാവ്. അമ്മ ശാന്ത രണ്ടു വർഷം മുമ്പ് മരണപ്പെട്ടു. താനിന്നും ജീവിച്ചിരിക്കുന്നത് അമ്മ കാരണമാണെന്ന് അജിത പറയുന്നു. തനിക്ക് സിനിമ ഇഷ്ടമായതുകൊണ്ട് കിലോമീറ്ററുകൾക്കപ്പുറത്തുള്ള അഞ്ചരക്കണ്ടി കൃഷ്ണ ടാക്കീസിലേക്ക് അമ്മ എടുത്തുകൊണ്ടുപോകുമായിരുന്നെന്നും അവർ പറയുന്നു. സഹോദരൻ നിധീഷിനൊപ്പമാണ് അജിതയും പിതാവും താമസം. സഹോദരനായ സുഭാഷിനും പോളിയോ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ കാലിന് മാത്രമെ ചെറിയ പ്രയാസമുള്ളു. അജിത്ത്, മിനി എന്നിവരാണ് മറ്റ് സഹോദരങ്ങൾ. ‘സ്കൂളിൽ പോയി പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു ഏറ്റവും വലിയ പ്രയാസം. ഇപ്പോൾ തുല്യത പരീക്ഷയെഴുതി ഏഴാം തരം പാസായിട്ടുണ്ട്’- അജിത പറയുന്നു. തന്റെ ജാതി മനുഷ്യനാണെന്നും മതം സ്നേഹമാണെന്നുമാണ് അജിതയുടെ വാക്കുകൾ. ‘കൂടുതൽ പഠിക്കണം. . നോവലുകൾ പൂർത്തിയാക്കണം… ’ — അജിത തന്റെ സ്വപ്നങ്ങൾക്ക് പിന്നാലെയുള്ള യാത്രയിലാണ്.

